തൊടുപുഴ: ഇടുക്കി ഗവ. നഴ്സിംഗ് കോളജിലെ വിദ്യാർഥികൾ ശുദ്ധജലം പോലും ലഭിക്കാതെ ദുരിതത്തിലാണെന്ന ഗുരുതര ആരോപണവുമായി രക്ഷിതാക്കൾ. താത്കാലിക ഹോസ്റ്റലിലെ അസൗകര്യങ്ങളിൽ നട്ടം തിരിയുന്നതിനിടെ വിദ്യാർഥികൾ ഇപ്പോൾ കുടിവെള്ളത്തിനു വേണ്ടി നെട്ടോട്ടമോടേണ്ട അവസ്ഥയാണ്. കുട്ടികൾക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും മതിയായ താമസ സൗകര്യമില്ലെന്നും പരാതിയുണ്ട്.
വാഗ്ദാനങ്ങൾ നടപ്പായില്ല
നഴ്സിംഗ് കോളജിലും വേണ്ടത്ര സൗകര്യമില്ല. എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി ഉൾപ്പെടെയുള്ള അധികൃതർ വാഗ്ദാനം ചെയ്തിരുന്നു. ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും വാഗ്ദാനലംഘനത്തിനെതിരേ വിദ്യാർഥികളും പിടിഎ ഭാരവാഹികളും അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും രക്ഷിതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
മികച്ച മാർക്കോടെ മെറിറ്റിലാണ് ഇവിടെ കുട്ടികൾ പ്രവേശനം നേടിയത്. 2023 നവംബർ ഒന്നിനാണ് ഇടുക്കി ഗവ. നഴ്സിംഗ് കോളജ് തുടങ്ങിയത്. പുതിയ ഒരു ബാച്ച് കൂടി ഇപ്പോൾ വന്നു. മൂന്ന് ബാച്ചുകളിലായി 180ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. എന്നാൽ പഠിക്കാൻ വേണ്ട സൗകര്യങ്ങൾ ഒന്നുംതന്നെ കോളജിലില്ല. മെഡിക്കൽ വിദ്യാർഥികളുടെ പഴയൊരു ക്ലാസ് റൂം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. രണ്ട് ബാച്ചുകൾ ഐസൊലേഷൻ വാർഡിലും ഗൈനക്കോളജി വാർഡിലും ഇരുന്നാണ് പഠിക്കുന്നത്. സ്കൂൾ ബസിന് തുക അനുവദിച്ചെങ്കിലും ഇതുവരെ വാങ്ങിയിട്ടില്ല. ക്ലിനിക്കൽ പ്രാക്ടീസിന് കോട്ടയം മെഡിക്കൽ കോളജിൽ പോകണം.
ഹോസ്റ്റലും ദയനീയം
ഹോസ്റ്റലിന്റെ അവസ്ഥ ഏറെ ദയനീയമാണ്. കോളജ് തുടങ്ങിയപ്പോൾ ജില്ലാ ഭരണകൂടം ഹോസ്റ്റലായി ഏറ്റെടുത്ത് നൽകിയത് സമീപത്തെ സ്കൂളാണ്. ഇതിലെ ഒരു ക്ലാസ് മുറിയിൽ 12 മുതൽ 18 വരെ വിദ്യാർഥികളാണ് താമസിക്കുന്നത്. ഒരു സിപിഎം ജനപ്രതിനിധിയാണ് ഹോസ്റ്റൽ മെസ് നടത്തുന്നത്.നിലവാരം കുറഞ്ഞ ഭക്ഷണമാണ് കുട്ടികൾക്ക് നൽകുന്നത്. ഇതോടെ 50 കുട്ടികൾ പുറത്ത് നിന്ന് ഭക്ഷണം കഴിച്ചുതുടങ്ങി.
ഇതിന്റെ പേരിൽ ഇവർക്ക് ശുദ്ധീകരിച്ച കുടിവെള്ളം നൽകുന്നില്ല. പൈപ്പ് വെള്ളം മാത്രമാണ് ആശ്രയം. ഹോസ്റ്റൽ നടത്തിപ്പുകാരനെ വിളിച്ചാൽ എടുക്കാറില്ലെന്നും ഇവർ പറയുന്നു.
ഇതിനെതിരേ പ്രതിഷേധങ്ങൾ ഉയർന്നതോടെ പൈനാവിലെ പഴയ ഹോസ്റ്റൽ വിദ്യാർഥികൾക്ക് വിട്ടുനൽകാൻ ഡിഎംഇ നിർദേശം നൽകി.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇതുവരെയും അതിന് തയാറായിട്ടില്ല. ഏതാനും ഡോക്ടർമാരാണ് ഇവിടെ താമസിക്കുന്നത്.
കഴിഞ്ഞ മാസം വിദ്യാർഥികളും പിടിഎയും അനിശ്ചിതകാലസമരം തുടങ്ങി. ഇതോടെ കളക്ടർ ഇടപെട്ട് പൈനാവിലെ ഹോസ്റ്റൽ പെണ്‍കുട്ടികൾക്കും എഫ് ടൈപ്പ് ക്വാർട്ടേഴ്സുകൾ ആണ്‍കുട്ടികൾക്ക് നൽകുന്നതിനും തീരുമാനിച്ചിരുന്നു. ഇതും നടപ്പാകാത്ത സാഹചര്യത്തിലാണ് സമരത്തിന് ഒരുങ്ങുന്നതെന്ന് പിടിഎ ഭാരവാഹികൾ പറഞ്ഞു.
മൂന്നാംവർഷ വിദ്യാർഥികൾ ഇപ്പോൾ സ്വകാര്യ ഹോസ്റ്റലുകളിലും മറ്റുമാണ് താമസിക്കുന്നത്.
പത്രസമ്മേളനത്തിൽ പിടിഎ വൈസ് പ്രസിഡന്റ് ജോണ്‍ മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.ആർ. രാജിമോൾ, വി.കെ. സലിംകുമാർ, പി.എസ്. ഷീജാമോൾ, കെ.എസ്. ബേബി എന്നിവർ പങ്കെടുത്തു.
Tags : local nattuvishesham Nursing