ഇന്ദിരാഗാന്ധി അനുസ്മരണ ദിനത്തിൽ തുടർച്ചയായ നാല്പതാം വർഷവും തുരുത്തിയിൽ സമൂഹസദ്യ ഒരുക്കിയപ്പോൾ.
ചെറുവത്തൂർ: കാലവും നാടും ഒരുപാട് മാറിയിട്ടും തുരുത്തിയിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ സമൂഹ സദ്യയൊരുക്കുന്ന പതിവിന് മാറ്റമില്ല. ചെറുവത്തൂർ തുരുത്തി - ഓർക്കുളം വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് നാലു പതിറ്റാണ്ടായി മുടക്കമില്ലാതെ എല്ലാ വർഷവും ഈ ദിവസം സമൂഹസദ്യ തയാറാക്കി നൽകുന്നത്. ഈ വർഷവും നാട്ടുകാരും
പ്രദേശത്തെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളുമുൾപ്പെടെ ആയിരത്തിലേറെ പേർ സമൂഹ സദ്യയിൽ പങ്കാളികളായി. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഒരു വർഷം പൂർത്തിയായ 1985 ഒക്ടോബർ 31 നാണ് ഇവിടെ ആദ്യമായി സമൂഹ സദ്യ ഒരുക്കിയത്. നാല്പത് വർഷം പിന്നിടുമ്പോഴും അത് മുടക്കമില്ലാതെ തുടർന്നുകൊണ്ടുപോകാൻ കഴിയുന്നത് അഭിമാനാർഹമാണെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. ചോറും നാല് കറികളും ഉൾപ്പെടുന്ന സദ്യയാണ് ഇത്തവണ തുരുത്തി നിലമംഗലം ഓഡിറ്റോറിയത്തിൽ കോൺഗ്രസ് പ്രവർത്തകർ തയാറാക്കി വിളമ്പിയത്. ടി. നാരായണൻ, വി.വി. രാജൻ, കെ.വി. കൃഷ്ണൻ, എ. കുഞ്ഞമ്പാടി എന്നിവർ നേതൃത്വം നൽകി. ഇന്ദിരാഗാന്ധിയുടെയും സർദാർ വല്ലഭായി പട്ടേലിന്റെയും ഛായാ ചിത്രങ്ങളിൽ പുഷ്പാർച്ചനയും നടത്തി.
Tags : Indira Gandhi natuvisesham local news