ചെക്കിടിക്കാട് പറത്തറ പാലത്തിന്റെ അപ്രോച്ചില്‍ തട്ടി നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചുതകര്‍ന്ന കാര്‍.
എടത്വ: പാലത്തില്‍ കയറുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ചു. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഫയര്‍ഫോഴ്സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. കാര്‍ ഓടിച്ചിരുന്ന ചെറുതന സ്വദേശി ഉണ്ണികൃഷ്ണന്, തെന്നടി സ്വദേശി മജിനു എന്നിവരാണ് കാറിലുണ്ടായിരുന്നത്.
എടത്വ-തകഴി സംസ്ഥാന പാതയില്‍ ചെക്കിടിക്കാട് പറത്തറ പാലത്തില്‍ തിങ്കളാഴ്ച രാത്രി 12നാണ് അപകടം നടന്നത്. തകഴി ഭാഗത്തുനിന്നു വന്ന കാര്‍ പാലത്തിന്റെ അപ്രോച്ചില്‍ തട്ടി നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ കാറിനുള്ളിലെ എയര്‍ ബാഗ് മൂലം ഇരുവര്‍ക്കും പരിക്കുകള്‍ കൂടാതെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
തകഴിയില്‍നിന്ന് എത്തിയ ഫയര്‍ഫോഴ്സാണ് കാര്‍ വെട്ടിപ്പൊളിച്ച് ഇരുവരെയും പുറത്തിറക്കിയത്. എടത്വ പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. പാലവും അപ്രോച്ച് റോഡുമായുള്ള ഉയരവ്യത്യാസം മൂലം ഈ സ്ഥലത്ത് നിരവധി അപകടങ്ങള്‍ നടക്കാറുണ്ട്. ലോഡുമായി പോകുന്ന ഹെവി ടോറസ് വാഹനങ്ങള്‍ കയറിയാണ് പാലത്തിന്റെ അപ്രോച്ച് താഴുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
Tags : car crashes nattuvisesham local news