നിലമ്പൂർ : പി.വി. അൻവറിന്റെ യുഡിഎഫ് പ്രവേശനം തീരുമാനം വൈകും. കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽകുമാർ എംഎൽഎ, ആര്യാടൻ ഷൗക്കത്ത് എംഎൽഎ എന്നിവരുടെ കടുത്ത എതിർപ്പാണ് തീരുമാനം വൈകാൻ കാരണം.
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയതിനെ തുടർന്നാണ് പി.വി. അൻവർ സ്വതന്ത്രനായി മത്സരിച്ചത്. ഇതിനാൽ അൻവറുമായി ഇനിയൊരു ബന്ധം വേണ്ടെന്ന നിലപാടാണ് ആര്യാടൻ ഷൗക്കത്തിനും എ.പി.അനിൽ കുമാറിനുമുള്ളത്.
പി.വി. അൻവറുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കുന്നത് മലപ്പുറം ജില്ലയിൽ യുഡിഎഫിന് ഗുണകരമായ നേട്ടം ഉണ്ടാക്കുമെന്ന നിലപാടിലാണ് മുസ്ലിം ലീഗ്. ഇടതു സർക്കാരിനെതിരെയുള്ള സെമി ഫൈനൽ മത്സരമായ തദ്ദേശ തെരഞ്ഞെടുപ്പിൽ യോജിക്കാവുന്നവരുമായി സഹകരിക്കുകയാണ് വേണ്ടെതെന്നും ലീഗ് പറയുന്നു.
നിലമ്പൂർ നഗരസഭയിലും മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പരമാവധി വാർഡുകളിൽ മത്സരിക്കാനാണ് പി.വി. അൻവറും തൃണമൂൽ കോണ്‍ഗ്രസും ഒരുങ്ങുന്നത്. സീറ്റ് നിഷേധിക്കപ്പെടുന്ന എൽഡിഎഫിലെയും യുഡിഎഫിലെയും അംഗങ്ങളെ തൃണമൂൽ കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാർഥികളാക്കാനാണ് ലക്ഷ്യമിടുന്നത്.
നിലമ്പൂർ നഗരസഭയിൽ മാത്രം 10 ഡിവിഷനുകളാണ് ഇവർക്കായി മാറ്റി വച്ചിട്ടുള്ളത്. വണ്ടൂർ മണ്ഡലത്തിലും ഏറനാട് മണ്ഡലത്തിലും പരമാവധി സ്ഥാനാർഥികളെ നിറുത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി മുൻ പ്രസിഡന്റ് കെ.സുധാകരൻ, ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ അൻവറിന്റെ യുഡിഎഫ് പ്രവേശനം ഉടൻ വേണമെന്ന നിലപാടിലാണ്.
Tags : UDF P.V. Anwar