പെരിങ്ങോം-വയക്കര
ഗ്രാമപഞ്ചായത്ത്
ചെറുപുഴ ഉൾപ്പടെയുള്ള പ്രദേശം അടങ്ങിയതായിരുന്നു നേരത്തെ പെരിങ്ങോം-വയക്കര പഞ്ചായത്ത്. 2000ൽ ഈ പഞ്ചായത്തിൽ നിന്നും വിഭജിച്ചാണ് ചെറുപുഴ പഞ്ചായത്ത് രൂപീകരിക്കുന്നത്. വിഭജനത്തിന് ശേഷമുള്ള പെരിങ്ങോം-വയക്കര പഞ്ചായത്തിൽ എല്ലാ തെരഞ്ഞെടുപ്പുകളിലും ഭരണം എൽഡിഎഫിനൊപ്പമാണ്.
എൽഡിഎഫിന്റെ കരുത്തുറ്റ കോട്ടയാണ് പഞ്ചായത്ത്. തുടർഭരണത്തിനായി എൽഡിഎഫും ശക്തമായ മുന്നേറ്റത്തിനായുള്ള ഒരുക്കവുമായുമാണ് യുഡിഎഫും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നിലവിൽ 16 വാർഡുകളുള്ള പഞ്ചായത്തിൽ പുതുക്കിയ നിലയനുസരിച്ച് മൂന്നു വാർഡുകളാണ് കൂടിയത്. ഇത്തവണ 19 വാർഡുകളിലേക്കാണ് മത്സരം.
നേട്ടങ്ങൾ
വി.എം. ഉണ്ണികൃഷ്ണൻ (പ്രസിഡന്റ്)
92 കോടി രൂപ മുടക്കി എല്ലാ വീടുകളിലും ജൽജീവൻ പദ്ധതി പ്രകാരം കുടിവെള്ള വിതരണം എത്തിക്കുവാനുള്ള നടപടി തുടങ്ങി.
രണ്ട് തവണ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം നേടി.
ലൈഫ് ഭവന പദ്ധതി പ്രകാരം 432 ഗുണഭോക്താക്കൾക്ക് വീട് നിർമാണ പദ്ധതിക്ക് തുടക്കമായി.
പാടിയോട്ടുചാലിൽ വനിത ഫിറ്റ്നസ് സെന്റർ.
കുട്ടികളുടെ നീന്തൽ പരിശീലനത്തിന് ചൂരക്കുണ്ടിൽ നീന്തൽകുളം നിർമിച്ചു.
ഫാമിലി വെൽഫെയർ സേനകൾ നവീകരിച്ചു.
പാടിയോട്ടുച്ചാൽ ആയുർവേദ ആശുപത്രിയുടെ കെട്ടിടം പൂർത്തീകരണ ഘട്ടത്തിൽ.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള മൂന്ന് റോഡുകളുടെ കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരണ ഘട്ടത്തിൽ.
പൊന്നംവയൽ, കടുക്കാരം സ്കൂളുകൾക്ക് പുതിയ കെട്ടിടം പണിതു. നരമ്പിൽ സ്കൂളിന് ഒരു കോടി 20 ലക്ഷം രൂപയുടെ കെട്ടിട നിർമാണം തുടങ്ങി.
പോത്താങ്കണ്ടം യുപി സ്കൂളിന് 20 ലക്ഷം രൂപയും പൊന്നംവയൽ സ്കൂളിന് 18 ലക്ഷം രൂപയും മുടക്കി ശുചിമുറി സമുച്ചയം പണിതു. സ്കൂളുകളിൽ കായിക പാർക്കും കായിക ഉപകരണങ്ങളും നൽകി.
പഞ്ചായത്തിന് പുതിയ കെട്ടിടം പണിയുവാൻ 60 സെന്റ് സ്ഥലം കെ.പി. നഗറിൽ കണ്ടെത്തി.
വിവിധ പ്രദേശങ്ങളിലായി 22 സോളാർ വിളക്കുകൾ സ്ഥാപിച്ചു.
ആയിരം പേരെ പങ്കെടുപ്പിച്ച് മെഗാ ശുചീകരണം നടത്തി.
ഹരിതകർമ്മസേനക്ക് വാഹനം ലഭ്യമാക്കി.
കോട്ടങ്ങൾ
കെ.വി. വിജയൻ (പ്രതിപക്ഷം-കോൺഗ്രസ്)
സമസ്ത മേഖലയിലും വികസന മുരടിപ്പ്.
ഫണ്ട് വിഹിതം വെട്ടിക്കുറച്ചത് കാരണം പശ്ചാതല മേഖലയിൽ വികസന പ്രവർത്തനം നിലച്ചു.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിൽ പൂർണ പരാജയം. പെരിങ്ങോം ടൗണിലെ പൊതുകിണർ പോലും ശുചീകരിച്ചില്ല
ടൗണിലെ ഓവ് ചാലുകൾ പോലും ശുചീകരിച്ചില്ല. പെരിങ്ങോം ടൗൺ അടക്കം ഒരു മഴ പെയ്താൽ വെള്ളക്കെട്ടിലാകുന്നു.
സബ്സിഡി നൽകിയ പല സ്ഥാപനങ്ങളും അടച്ചു പൂട്ടിയ നിലയിൽ. പെരിങ്ങോം ടൗണിൽ ആനുകൂല്യങ്ങൾ നൽകി തുടങ്ങിയ ഫിഷ് മാർക്കറ്റ് ആറ് മാസം കൊണ്ട് അടച്ചു പൂട്ടി.
പൊതു ശ്മശാനത്തിൽ ഭീമമായ തുക ഈടാക്കുന്നു. വാതക ശ്മശാനം നിർമാണം തുടങ്ങിയിട്ട് അഞ്ച് വർഷമായിട്ടും പൂർത്തീകരിച്ചില്ല.
കാർഷിക മേഖലയായ പ്രദേശത്തെ കാർഷിക മേഖലയിൽ നിന്ന് പിന്നോട്ടടിപ്പിച്ചു. വളം നൽകുന്നത് വർഷത്തിലൊരിക്കൽ പേരിന് മാത്രം.
കാട്ടുപന്നി, മയിൽ, കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ശല്യം തടയാൻ നടപടികൾ ഇല്ല.
നിലവിലുള്ള കക്ഷി നില
ആകെ സീറ്റ്-16
എൽഡിഎഫ്-11 (സിപിഎം -11)
യുഡിഎഫ്-05 (കോൺഗ്രസ് -03, മുസ്ലിം ലീഗ് - 02)
പുതുക്കിയ സീറ്റ് നില-19