കൂരാച്ചുണ്ട്: കക്കയം - കരിയാത്തുംപാറ പിഡബ്ല്യൂഡി റോഡിൽ മുപ്പതാംമൈൽ മേഖലയിൽ രൂപംകൊണ്ട ഗർത്തം യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നതായി പരാതി.
ഈ റോഡിലെ മുപ്പതാംമൈൽ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് ആഴത്തിലുള്ള ഗർത്തം രൂപംകൊണ്ടത്. ജില്ലയിലെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ജലവൈദ്യുത പദ്ധതികൾ എന്നിവയെല്ലാം തന്നെ പ്രവർത്തിക്കുന്ന കക്കയത്തേക്ക് ഒട്ടേറെ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നു പോകുന്ന തിരക്കേറിയ റോഡാണിത്.
അടുത്ത കാലത്തായി റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നുവെങ്കിലും അപകടഭീഷണി ഉയർത്തുന്ന പാതയോരത്തെ ഗർത്തം നീക്കം ചെയ്യാൻ അധികൃതർ തയാറായിട്ടില്ല. യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാത്ത വിധം ടാറിംഗിനോട് ചേർന്നാണ് ഗർത്തം.
മഴക്കാലങ്ങളിൽ ശക്തമായ വെള്ളത്തിന്റെ കുത്തൊഴുക്കിലാണ് റോഡിൽ ഗർത്തം രൂപപ്പെട്ടത്. റോഡിന് ഓവുചാൽ ഇല്ലാത്തതാണ് ഇത്തരത്തിൽ റോഡുകൾക്ക് ഭീഷണിയായി മാറിയത്.
ഗർത്തം നികത്തി സുരക്ഷിതമായി യാത്ര ചെയ്യാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
Tags : Kakkayam