ചെറുതോണി: നേപ്പാളിൽ നടന്ന 13-ാമത് കൊറിയൻ അംബാസിഡർ ഇന്റർ നാഷണൽ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ പാരാവിഭാഗത്തിൽ തായ്ക്വോണ്ട മത്സരത്തിൽ കഞ്ഞിക്കുഴി സ്വദേശി പ്രമോദ് ദാസിന് വെള്ളിമെഡൽ.
കഞ്ഞിക്കുഴി പള്ളിക്കുന്ന് സ്വദേശി ദാസിന്റെയും ചിന്നമ്മയുടെയും മൂന്നാമത്തെ മകനായ പ്രമോദ് ജന്മനാ ഇടതു കൈ ഇല്ലാത്തതും വലതു കൈ ശോഷിച്ചയാളുമാണ്. ഇതെല്ലാം അതിജീവിച്ചാണ് ഈ യുവാവ് നേട്ടങ്ങൾ വാരിക്കൂട്ടുന്നത്. ഫുട്ബോളിലും മാരത്തണിലും ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയതുകൂടാതെ ഒന്പതു ലോക റിക്കാർഡുകളുടെ ഉടമകൂടിയാണ് പ്രമോദ്.
കഞ്ഞികുഴി എസ്എൻ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥിയായിരിക്കുമ്പോൾ മുതൽ സ്പോർട്സ് രംഗത്ത് സജീവമാണ്.
എണാകുളം മഹാരാജാസ് കോളജിൽ വിദ്യാർഥിയായിരിക്കുമ്പോൾ യൂണിവേഴ്സിറ്റി ഫുട്ബോൾ താരമായാണ് തുടക്കം.
ഏഷ്യയിലെ ആദ്യ ഫിഫ ലൈസൻസ് സർട്ടിഫിക്കറ്റ് കോച്ച് എന്ന ബഹുമതിക്കും അർഹനായി. വെൺമണി സ്വദേശി എലിസബത്താണ് ഭാര്യ. ചെറുതോണി യൂണിവേഴ്സൽ അക്കാദമിയിലെ പോൾ ജോർജാണ് അംഗപരിമിതനായ പ്രമോദിന്റെ പരിശീലകൻ.