കോട്ടയം: ക്രിസ്മസ് തിരക്കിനിടയിലും തദ്ദേശപദവി വീതംവയ്പു ചര്‍ച്ചയ്ക്ക് ചൂടും ചൂരും കുറവില്ല. ഗ്രാമപഞ്ചായത്തില്‍ മുതല്‍ ജില്ലാ പഞ്ചായത്തില്‍വരെ മൂന്നു ദിവസത്തിനുള്ളില്‍ പുതിയ സാരഥികള്‍ ചുമതലയേല്‍ക്കും.
ജില്ലയിലെ ആറു നഗരസഭകളില്‍ 26ന് ചെയര്‍മാനും വൈസ് ചെയര്‍മാനും അധികാരമേല്‍ക്കും. അധ്യക്ഷപദവി വനിതകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്ന ഏക നഗരസഭ പാലായാണ്. അവിടെ ഭരണ സ്റ്റിയറിംഗ് വലത്തോട്ടു തിരിക്കണോ ഇടത്തോട്ടു തിരിക്കണോ എന്നു തീരുമാനിക്കേണ്ടത് സഹോദരന്മാരായ ബിനു പുളിക്കക്കണ്ടവും ബിജു പുളിക്കക്കണ്ടവും മകള്‍ ദിയ ബിനുവുമാണ്.
22കാരി ദിയ ചെയര്മാന് പദവിയില്‍ എത്തുമെന്നാണ് സൂചനകള്‍. ത്രിതല പഞ്ചായത്തുകളില്‍ 27നാണ് നായകരുടെ ചുമതലയേല്‍ക്കല്‍. ജില്ലാ പഞ്ചായത്തില്‍ ഒന്നാംഘട്ടത്തില്‍ ജോഷി ഫിലിപ്പ് പ്രസിഡന്റാകും. വൈസ്പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗത്തില്‍ നാല് അംഗങ്ങളുണ്ടെങ്കിലും വനിതകളില്ല. ഒരു ടേം പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ആറു ഗ്രാമപഞ്ചായത്തുകളില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ല.
ബിജെപി ഭൂരിപക്ഷം നേടിയ പൂഞ്ഞൂര്‍ തെക്കേക്കര പഞ്ചായത്തില്‍ മിനര്‍വ മോഹന്‍ പ്രസിഡന്റാകും. യുഡിഎഫിന് കേവലഭൂരിപക്ഷമുള്ള എരുമേലി പഞ്ചായത്തില്‍ എല്‍ഡിഎഫ് പ്രസിഡന്റ് പദവി സ്വന്തമാക്കും. സംവരണത്തില്‍ പട്ടികവര്‍ഗ അംഗം യുഡിഎഫിനില്ല.
പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളില്‍ യുഡിഎഫ് നിയോജകമണ്ഡലം ഭാരവാഹികളാണ് പ്രസിഡന്റ്, വൈസ്പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് വീതം വയ്പ് നടത്തുന്നത്.