കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രി മൾട്ടി സ്പെഷാലിറ്റി ബ്ലോക്ക് കെട്ടിടം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.
കണ്ണൂർ: സംസ്ഥാനത്തെ താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളജ് ആശുപത്രികൾ വരെ സൂപ്പർ സ്പെഷാലിറ്റി സംവിധാനം വന്നതോടെ പൊതുജനാരോഗ്യരംഗം കൂടുതൽ ജനസൗഹൃദപരവും ആധുനികവുമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ മൾട്ടി സ്പെഷാലിറ്റി കെട്ടിടം, ഡിജിറ്റൽ മാമോഗ്രാം മെഷീൻ, ഗർഭാശയ ഗള കാൻസർ പ്രതിരോധത്തിനുള്ള എച്ച്പിവി വാക്സിൻ വിതരണ സംസ്ഥാനതല പൈലറ്റ് പദ്ധതി എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള മറ്റൊരു വലിയ ചുവടുവയ്പാണ് ഗർഭാശയഗള കാൻസർ പ്രതിരോധ എച്ച്പിവി വാക്സിനെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കും. ഇന്ത്യയിൽ സ്ത്രീകളിൽ കണ്ടു വരുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട അർബുദമാണ് ഗർഭാശയ ഗള അർബുദം. ഇത് പ്രതിരോധത്തിനായാണ് പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികൾക്ക് എച്ച്പിവി വാക്സിനേഷൻ ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ സ്പെഷാലിറ്റി സൗകര്യങ്ങളോടുകൂടി 59.23 കോടി ചെലവിലാണ് ആശുപത്രിയിൽ 12 നിലകളിലായി മൾട്ടി സ്പെഷാലിറ്റി ബ്ലോക്ക് ഒരുക്കിയത്.
171 കിടക്കകൾ, ഒൻപത് കിടക്കകളുള്ള മെഡിക്കൽ ഐസിയു, നാല് ഓപ്പറേഷൻ തിയറ്ററുകൾ, നാല് ലേബർ സ്യൂട്ടുകളുള്ള ലേബർ റൂം,12 ഒപികൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. കേരളത്തിന്റെ ആരോഗ്യ രംഗത്തുണ്ടായ മാറ്റത്തിന്റെ ഉത്തമ ഉദാഹരണമാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രി കെട്ടിടമെന്ന് മന്ത്രി പറഞ്ഞു. കൂത്തുപറമ്പ് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ പുതിയ തസ്തിക സൃഷ്ടിക്കുന്ന കാര്യം ധനവകുപ്പ് വൈകാതെ യാഥാർഥ്യമാക്കുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.
ഡോ. വി.ശിവദാസൻ എംപി, എംഎൽഎമാരായ കെ.കെ. ശൈലജ, കെ.പി മോഹനൻ എന്നിവർ മുഖ്യാതിഥികളായി. കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി. സുജാത റിപ്പോർട്ട് അവതരിപ്പിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ഷീല, നഗരസഭ വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ. അജിത, ലിജി സജേഷ്, കെ.വി. രജീഷ്, കെ.കെ. ഷമീർ, എം.വി. ശ്രീജ, ഡോ. പിയൂഷ്, ഡോ. പി.കെ. അനിൽകുമാർ, ഡോ. എ.കെ സഹിന, യു.പി ജയശ്രീ, കൗൺസിലർ ആർ. ഹേമലത, നഗരസഭ സെക്രട്ടറി പി.എൻ. അനീഷ്, തുടങ്ങിയവർ പങ്കെടുത്തു.
Tags : Chief Minister natuvisesham local news