റാന്നി പഞ്ചായത്ത്
റാന്നി: രാഷ്ട്രീയമായി ഏറെ ശ്രദ്ധിക്കപ്പെട്ട അഞ്ചുവർഷമാണ് റാന്നി പഞ്ചായത്തിൽ കടന്നുപോയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം വ്യക്തമായ ഭൂരിപക്ഷം ഇരുമുന്നണികൾക്കും ഇല്ലാതിരുന്ന സാഹചര്യത്തിൽ നടന്ന കരുനീക്കങ്ങളാണ് റാന്നിയെ ശ്രദ്ധേയമാക്കിയത്. ബിജെപി പിന്തുണയോടെ എൽഡിഎഫ് അധികാരത്തിലെത്തിയെന്നതിന്റെ പേരിൽ പഞ്ചായത്തിലെ രാഷ്ട്രീയനീക്കം ഏറെ ശക്തിപ്പെട്ടു.
കേരള കോൺഗ്രസ് -എമ്മിലെ ശോഭ ചാർളിയായിരുന്നു ആദ്യഘട്ടത്തിൽ പ്രസിഡന്റ്. യുഡിഎഫിന് വൈസ് പ്രസിഡന്റു സ്ഥാനവും ലഭിച്ചു. സ്വതന്ത്രനായ കെ.ആർ. പ്രകാശിനെ മുൻനിർത്തി യുഡിഎഫ് നടത്തിയ നീക്കത്തെ അട്ടിമറിച്ചാണ് ശോഭ ചാർളി പ്രസിഡന്റായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ഏറെ ചർച്ച ചെയ്യപ്പെട്ട ബന്ധം എൽഡിഎഫിലും അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതിനിടെ വന്ന അവിശ്വാസങ്ങളെയും അതിജീവിച്ച് ഭരണത്തിൽ തുടർന്നെങ്കിലും മുന്നണി തീരുമാനപ്രകാരം പ്രസിഡന്റ് രാജിവച്ചു.
വീണ്ടും രാഷ്ട്രീയ നീക്കങ്ങൾ സജീവമായപ്പോൾ സ്വതന്ത്രനായ കെ.ആർ. പ്രകാശിനെ പിന്തുണച്ച് എൽഡിഎഫും രംഗത്തെത്തി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.ആർ. പ്രകാശ് സ്വതന്ത്രനായി ഭരണം തുടരുന്നു. എൽഡിഎഫിന്റെ പിന്തുണയുമുണ്ട്. പ്രകാശിനെ പിന്തുണയ്ക്കാൻ ആദ്യം നിർദേശിച്ച കോൺഗ്രസ് രാഷ്ട്രീയ കരുനീക്കം തങ്ങൾക്കെതിരാണെന്നറിഞ്ഞപ്പോൾ മെംബർമാർക്കെതിരേ നടപടിയെടുത്ത സാഹചര്യവുമുണ്ടായി. ഉപതെരഞ്ഞെടുപ്പിലൂടെ എൽഡിഎഫ് ഭൂരിപക്ഷം ഉറപ്പിച്ചെങ്കിലും പ്രസിഡന്റു സ്ഥാനത്ത് കെ.ആർ. പ്രകാശ് തുടർന്നു. വൈസ് പ്രസിഡന്റു സ്ഥാനം എൽഡിഎഫിനുമായി.
നേട്ടങ്ങൾ
രാഷ്ട്രീയത്തിനതീതമായി വികസന പ്രവർത്തനങ്ങളെ സമീപിച്ചു.
ആധുനിക സൗകര്യങ്ങളോടെ ടേക്ക് എ ബ്രേക്ക് സംവിധാനം. ജില്ലയിലെ ഒന്നാം സ്ഥാനം.
18 അങ്കണവാടികൾ പൂർത്തീകരിച്ചു. മൂന്ന് അങ്കണവാടികൾക്ക് സ്ഥലം വാങ്ങി കെട്ടിട നിർമാണം ആരംഭിച്ചു.
റാന്നി പഞ്ചായത്തിലെ സർക്കാർ സ്കൂളുകളിൽ നാലിടത്ത് പഞ്ചായത്ത് സ്വന്തം നിലയിൽ വർണാഭമാക്കി.
പിഎച്ച്സിക്ക് സൗജന്യമായി സ്ഥലം ലഭ്യമാക്കി. കെട്ടിടം നിർമിക്കാൻ അനുമതിയായി.
ജലജീവൻ മിഷൻ പദ്ധതി പ്രകാരം ആയിരത്തിലധികം വാട്ടർ കണക്ഷനുകൾ നൽകി. വാട്ടർടാങ്ക് നിർമാണത്തിനു സ്ഥലം ഏറ്റെടുത്ത് ജലഅഥോറിറ്റിക്ക് കൈമാറി.
കുത്തുങ്കൽപ്പടിയിലെ തിരുവാഭരണ പാതയിൽ ഹാപ്പിനെസ് പാർക്ക് നിർമാണം പുരോഗമിക്കുന്നു.
നിലവിലെ നീർച്ചാലുകൾ പുനരുജ്ജീവിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കി.
തരിശുനിലങ്ങളിൽ കരിന്പു കൃഷിക്കുവേണ്ടി പദ്ധതികൾ നടപ്പാക്കി.
മാലിന്യസംസ്കരണത്തിനായി മിനി എംസിഎഫ് ബൂത്തുകൾ സ്ഥാപിച്ചു.
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 105ൽപരം ജെഎൽജി ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്തു വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സഹായം നൽകി.
ഹരിതകർമ സേന പ്രവർത്തനങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്തു രണ്ടാം സ്ഥാനവും
വൃത്തി കോൺക്ലേവിൽ മാലിന്യമുക്ത പ്രവർത്തനത്തിന്റെ മികവിൽ അംഗീകാരം.
പച്ചത്തുരുത്ത് അംഗീകാരം.
കയർ ഭൂവസ്ത്രം അംഗീകാരം.
കോട്ടങ്ങൾ
രാഷ്ട്രീയമായ അനിശ്ചിതത്വം കാരണം റാന്നിക്കു നഷ്ടപ്പെട്ടത് അഞ്ചുവർഷം.
പിഎച്ച്സിക്കു സ്ഥലം സൗജന്യമായി ലഭിച്ചിട്ടും കെട്ടിടം പണി തുടങ്ങാനായില്ല.
കെഎസ്ഇബി തെരുവുവിളക്കുകൾക്കായി പുതിയ ലൈൻ വലിക്കാൻ 2023 - 24 സാന്പത്തിക വർഷം പണം അടച്ചിട്ടും നടപടികളുണ്ടായില്ല.
ഗ്രാമപഞ്ചായത്തിനു പുതിയ കെട്ടിടം പണിയാൻ ഡിപിആർ തയാറാക്കാൻ അഞ്ചു ലക്ഷം രൂപ വകയിരുത്തിയിട്ടും തുടർ നടപടികൾ മുന്നോട്ടു പോയില്ല.
ജലജീവൻ മിഷൻ പദ്ധതിയിലൂടെ കുടിവെള്ള വിതരണം നടത്താനായില്ല.
തരിശുഭൂമി കൃഷിയോഗ്യമാക്കുമെന്ന പ്രഖ്യാപനവും നടപ്പിലായില്ല.
അങ്കണവാടികൾക്കായി സ്ഥലം കണ്ടെത്തിയിട്ടും പലയിടത്തും കെട്ടിടം പണിയാനായില്ല.
ഗ്രാമീണ റോഡുകൾ പലതും ശോച്യാവസ്ഥയിലാണ്.
2018ലെ പ്രളയത്തിൽ പഞ്ചായത്ത് വാഹനത്തിനു കേടുപാടുകളുണ്ടായ സാഹചര്യത്തിൽ എല്ലാവർഷവും അറ്റകുറ്റപ്പണികൾക്കുവേണ്ടി വൻ തുക ചെലവഴിക്കേണ്ടി വരുന്നു. പുതിയ വാഹനം വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല.