കോട്ടയം: ശബരി വിമാനത്താവളം നിര്‍മാണത്തിന് മുന്നോടിയായുള്ള റവന്യു വകുപ്പിന്റെ സര്‍വേ നടപടികള്‍ തടസപ്പെടുത്താന്‍ ചെറുവള്ളി എസ്റ്റേറ്റ് മാനേജ്മെന്റിന് നിയമപരമായ പരിരക്ഷയില്ലെന്ന് റവന്യു വകുപ്പ് സര്‍വേ വിഭാഗം വ്യക്തമാക്കി. ബിലീവേഴ്സ് ചര്‍ച്ചിനു കീഴില്‍ അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് അളക്കാന്‍ റവന്യു വകുപ്പ് മാനേജ്മെന്റിന് കഴിഞ്ഞ മാസം നോട്ടീസ് നല്‍കിയിരുന്നു.
എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച് പാലാ സബ് കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ സര്‍വേ പാടില്ലെന്നാണ് എസ്റ്റേറ്റ് മാനേജ്മെന്റ് നിലപാട്. എന്നാല്‍, 2013ല്‍ പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസ ആക്ട് സെക്ഷന്‍ 12 പ്രകാരം സര്‍ക്കാരിന് വ്യക്തിയുടെയോ കമ്പനിയുടെയോ ട്രസ്റ്റിന്റെയോ സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അളന്നു തിട്ടപ്പെടുത്തുന്നതിന് തടസമില്ല.
ഭൂമിയില്‍ പ്രവേശിച്ച് സര്‍വേ നടത്താനും മണ്ണിന്റെ സാമ്പിള്‍ എടുക്കാനും അതിര്‍ത്തി കെട്ടാനും അടയാളങ്ങള്‍ സ്ഥാപിക്കാനും തടസമില്ലെന്ന് ആക്ട് വ്യവസ്ഥ ചെയ്യുന്നു. സ്ഥലമുടമയോ പ്രതിനിധിയോ ഈ സമയം കൂടെയുണ്ടാകണം. സര്‍വേ സുഗമമായി നടത്താന്‍ മരങ്ങള്‍ മുറിക്കാനും കാടുവെട്ടാനും വഴി തെളിക്കാനും അനുമതിയുണ്ട്.
സ്ഥലം അളക്കല്‍ നടപടിയില്‍നിന്ന് വിട്ടുനില്ക്കണമെന്നാ വശ്യപ്പെട്ട് കോട്ടയം ജില്ലാ കളക്ടര്‍ക്കാണ് നോട്ടീസ് സമര്‍പ്പിച്ചിരിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിനോട് ചേര്‍ന്ന മണിമല, എരുമേലി തെക്ക് വില്ലേജ് പരിധിയില്‍ സ്വകാര്യ വ്യക്തികളില്‍നിന്ന് ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ സര്‍വേ പൂര്‍ത്തിയായിരുന്നു.
ഇതിനു തുടര്‍ച്ചയായി ഈ മാസം പകുതിയോടെ 916.27 ഹെക്ടര്‍ ചെറുവള്ളി എസ്റ്റേറ്റ് അളക്കാന്‍ നടപടികള്‍ പൂര്‍ത്തിയായപ്പോഴാണ് തടസനിലപാട്.