വൈപ്പിൻ: ശബരിമല ഉത്സവത്തിന്റെ ഭാഗമായി വൈപ്പിൻ നിയോജക മണ്ഡലത്തിലെ രണ്ടു റോഡുകൾക്കായി 3.8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച് റോഡിനു രണ്ട് കോടിയും എളങ്കുന്നപ്പുഴ പടിഞ്ഞാറെ നട മുതൽ വളപ്പ് ജംഗ്ഷൻ റോഡിന് 1.80 കോടിയുമാണ് അനുവദിച്ചത്.
വെള്ളക്കെട്ട് ദുരിതം പേറുന്ന പള്ളത്താംകുളങ്ങര ബീച്ച് റോഡ് ഉയർത്തി ഇന്റർലോക്കിംഗ് ടൈൽ വിരിക്കും. സംരക്ഷണ ഭിത്തികളും പുനർ നിർമിക്കും. പൊതുമരാമത്ത് വകുപ്പാണ് ശബരിമല ഉത്സവ ജോലികൾ സംബന്ധിച്ച് ഉത്തരവിറക്കിയത്.
മാഞ്ഞാലി-തടിക്കക്കടവ് റോഡിന് 7.8 കോടി
ആലങ്ങാട്: ശബരിമല തീർഥാടന ഉത്സവത്തിന്റെ ഭാഗമായി കളമശേരി നിയമസഭാ മണ്ഡലത്തിലെ മാഞ്ഞാലി മാർക്കറ്റ് ലാൻഡിംഗ് -തടിക്കക്കടവ് റോഡിന് 7.80 കോടി രൂപ അനുവദിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. ശബരിമല തീർഥാടകർ ഉപയോഗിക്കുന്ന റോഡുകൾ തീർഥാടന കാലത്ത് നവീകരിക്കുന്നന്നതിന്റെ ഭാഗമായാണ് റോഡിന് തുക അനുവദിച്ചത്. ബിഎംബിസി നിലവാരത്തിൽ റോഡ് നവീകരണം പൂർത്തിയാക്കും.
കളമശേരി മണ്ഡലത്തിലെ പ്രധാന റോഡുകൾ ഉന്നത നിലവാരത്തിൽ നവീകരിക്കുന്ന പ്രവർത്തനം പല ഘട്ടത്തിലാണ്. പഞ്ചായത്തിലും വാർഡുകളിലും സംഘടിപ്പിച്ച പബ്ളിക് സ്ക്വയർ പരിപാടിയിൽ ഉയർന്ന നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് റോഡിന് തുക വകയിരുത്തിയതെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.