കുറവിലങ്ങാട്: ശാസ്ത്രവും അറിവും സമന്വയിപ്പിച്ച് ജില്ലാതല സ്കൂൾ ശാസ്ത്രമേളയ്ക്ക് ഇന്ന് തുടക്കമാകും. രണ്ട് ദിനങ്ങൾ നീളുന്ന അറിവുത്സവത്തിൽ 13 ഉപജില്ലകളിൽനിന്ന് മൂവായിരത്തിലേറെ പ്രതിഭകൾ മാറ്റുരയ്ക്കുമെന്ന് ശാസ്ത്രോത്സവം പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികളായ ജോബി വർഗീസ്, സാജു ഏബ്രഹാം, അനിൽകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ശാസ്ത്രോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി മത്സരങ്ങൾക്ക് ആതിഥ്യമരുളുന്ന സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ കെ.എം. തങ്കച്ചൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയ്ൻ റോസ് എന്നിവർ പറഞ്ഞു.
സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ, ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ, ഗേൾസ് എൽപി സ്കൂൾ, ബോയ്സ് എൽപി സ്കൂൾ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി പ്രവൃത്തിപരിചയമേളയിലേതുപോലെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി മേളകളിലും തത്സമയപ്രവർത്തനങ്ങളാണ് നടത്തേണ്ടത്. മൂന്നു മണിക്കൂർ നീളുന്ന മത്സരത്തിലൂടെ സംസ്ഥാനതല മത്സരാർഥികളെ തെരഞ്ഞെടുക്കും.
പ്രവൃത്തിപരിചയ മേളയിൽ മാത്രം 35 ഇനങ്ങളിലായി 910 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. ശാസ്ത്രമേളയിൽ 30 ഇനങ്ങളിലായി 600 വിദ്യാർഥികളും ഐടിയിൽ 13 ഇനങ്ങളിലായി 340 പേരും പങ്കെടുക്കും.
ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എംപിയും സമാപനസമ്മേളനം ഉദ്ഘാടനം ജോസ് കെ. മാണി എംപിയും നിർവഹിക്കും. ഇന്ന് രാവിലെ 10ന് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ലോഗോ രൂപകല്പന ചെയ്തയാൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ സമ്മാനം നൽകും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി അലക്സാണ്ടർ, സ്കൂൾ മാനേജർ ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി തുടങ്ങിയവർ പ്രസംഗിക്കും.
മത്സരാർഥികൾക്ക് ആവേശമായി
വിളിപ്പാടകലെ ശാസ്ത്രനഗരി
കുറവിലങ്ങാട്: ജില്ലാ ശാസ്ത്രോത്സവത്തിന് ഇന്ന് തിരിതെളിയുമ്പോൾ വിജ്ഞാനവും വിനോദവും സമ്മാനിക്കുന്ന ശാസ്ത്രനഗരി വിളിപ്പാടകലെ. ശാസ്ത്രോത്സവത്തിന് ആതിഥ്യമരുളുന്ന സെന്റ് മേരീസ് സ്കൂളുകളിൽനിന്ന് രണ്ട് കിലോമീറ്ററിൽ താഴെമാത്രം ദൂരത്തിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റി. വിദ്യാർഥികളടക്കമുള്ള നൂറുകണക്കായ ശാസ്ത്രാഭിരുചിയുള്ളവർക്ക് പഠനവും പരീക്ഷണങ്ങളും നടത്താനുള്ള സൗകര്യങ്ങൾ സയൻസ് സെന്ററിൽ ലഭ്യമാണ്.
Tags : Science Fair nattuvisesham local news