കേച്ചേരി പാറന്നൂരിലുണ്ടായ അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നനിലയിൽ.
കേച്ചേരി: പാറന്നൂർ ഐസ് പ്ലാന്റിന് സമീപം വാഹനാപകടം മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ ഏഴുപേർക്ക് പരിക്ക്. ഇന്നലെ രാവിലെ ഒന്പതോടെയാണ് അപകടം.
ചൂണ്ടൽ എൽഐജിഎച്ച്എസിലെ വിദ്യാർഥികളുമായി പോയിരുന്ന ട്രാവലറും കാറുമാണ് അപകടത്തിൽപെട്ടത്. കാർ ഡ്രൈവർ മയങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശികളായ ചെട്ടികുളങ്ങര വീട്ടിൽ അനിൽ സോളമൻ (60), റീത്താ സോളമൻ (50), പുളിക്കൽ കുന്നത്ത് വീട്ടിൽ ബീന (58) റൊണാൾഡ് (25). എന്നിവർക്കും വിദ്യാർഥികളായ വൈഗ, ദേവനന്ദ, റെസിലിൻ റഹീം എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കുന്നംകുളം പോലീസ് തുടർനടപടികൾ സ്വീകരിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.