നെയ്യാറ്റിൻകര: നെയ്യാറ്റിൻകര സെന്റ് തെരേസാസ് സിജിഎച്ച് എസ്എസ് ശതാബ്ദിയിലേക്ക്. കൊല്ലം രൂപത ബിഷപ്പായിരുന്ന അലോഷ്യസ് മരിയ ബെൻസിഗറിന്റെ അഭ്യർഥന അനുസരിച്ച് മദർ മേരി മൈക്കിളാണ് നെയ്യാറ്റിൻകരയിൽ കോൺവന്റ് സ്ഥാപിച്ചത്.
തുടർന്ന് 1926-ൽ മലയാളം മീഡിയം എൽപി സ്കൂൾ സ്ഥാപിതമായി. 2002-ൽ ബയോളജി സയൻസ് പ്രധാന വിഷയമായി തെരഞ്ഞെടുത്ത് ഹയർ സെക്കൻഡറി കോഴ്സ് ആരംഭിച്ചു. 2007-ൽ ഏഴാം ക്ലാസു വരെ ആൺകുട്ടികളെക്കൂടി ഉൾപ്പെടുത്താനുള്ള അനുമതിയും സ്കൂളിനു ലഭിച്ചിരുന്നു. 2011 ജൂലൈ 20ന് നെയ്യാറ്റിൻകര രൂപത ബിഷപ് റവ. ഡോ. വിൻസന്റ് സാമുവൽ ഐസിഎസ്ഇ സ്കൂളിന്റെ ആശീർവാദം നിർവഹി ച്ചു. മദർ മേരി എൽമ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി വിളംബരജാഥ സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്സൺ ഡബ്ല്യൂ.ആർ. ഹീബ ജാഥ ഫ്ളാഗ് ഓഫ് ചെയ്തു. മാനേജർ സിസ്റ്റർ ഫിലോ ജോസഫ്, പ്രിൻസിപ്പൽ സിസ്റ്റർ ഉഷാലിറ്റ, നെയ്യാറ്റിൻകര നഗരസഭാ വൈസ് ചെയർമാൻ കെ.കെ. ഷിബു, ആലുംമൂട് വാർഡ് കൗൺസിലർ സംഗീതാ പ്രസാദ്, ഗ്രാമം വർഡ് കൗൺസിലർ ഗ്രാമം പ്രവീൺ, പിടിഎ പ്രസിഡന്റ് മുഹമ്മദ് സാബ, പിടിഎ അംഗങ്ങൾ, സിസ്റ്റർമാർ, അധ്യാപകർ, അനധ്യാപകർ, എന്നിവർ പങ്കെടുത്തു. തുടർന്നു വിദ്യാർഥികളെ അണിനിരത്തി ഘോഷയാത്രയും നടത്തി.
Tags : nattu vishesham St. Teresa's CGHS