ചെമ്പ്: ചെമ്പ് പനങ്കാവിൽ മൂന്നുപേരെ കടിച്ച തെരുവുനായയെ കണ്ടെത്താൻ കഴിയാതെ വന്നതിനെത്തുടർന്ന് പ്രദേശവാസികൾ ഭീതിയിൽ. പനങ്കാവിലും സമീപ സ്ഥലങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മൂന്നു വർഷമായി ചെമ്പ് പഞ്ചായത്തിൽ തെരുവുനായകൾക്കുള്ള വാക്സിനേഷൻ നടത്തിയിട്ടില്ല.
പനങ്കാവ് ക്ഷേത്രത്തിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ചെമ്പ് മേടയിൽ വേലപ്പൻ, ഷീജ ജോസഫ്, മിനി സാബു എന്നിവർക്കാണ് കടിയേറ്റത്. ചെമ്പ് പഞ്ചായത്ത് അംഗം പി. ദീപുവിന്റെ നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞ് നായയെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കറുത്ത നായയാണ് ആക്രമണം നടത്തിയത്. നായ പ്രദേശത്തെ മറ്റ് നായകളെ ആക്രമിച്ചിട്ടുണ്ടെന്നാണ് വിവരം.
നിരവധി മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മത്തുങ്കൽ ഭാഗത്തും പനങ്കാവ് ക്ഷേത്രത്തിന് സമീപവും നായശല്യം രൂക്ഷമാണ്. പഞ്ചായത്ത് കമ്മിറ്റിയിൽ തെരുവുനായ പ്രശ്നം അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അംഗം ദീപു പറഞ്ഞു.
Tags : nattu vishesham Street dog attacked