പറവൂർ: മകന്റെ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കിഴക്കേപ്രം വെയർഹൗസിനു സമീപം പൊന്നേടത്ത് വീട്ടിൽ രാജനെ(74) പറവൂർ പൊലിസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മകൻ ജിയേഷിന്റെ ഭാര്യ അനൂപ (34) കഴുത്തിന് പരിക്കേറ്റ് ചികിത്സയിലാണ്.
തിങ്കൾ രാവിലെയായിരുന്നു സംഭവം. മുറിയിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന അനൂപയെ ഇയാൾ മർദിക്കുകയും വാക്കത്തികൊണ്ട് കഴുത്തിനു മുറിവേൽപ്പിക്കുകയുമായിരുന്നു. അനൂപയുടെ മുറിവ് ഗുരുതരമല്ല. ചെവിയുടെ ഭാഗത്തും മുഖത്തും മർദനമേറ്റിട്ടുണ്ട്.
പരിക്കേറ്റ അനൂപയെ ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സംഭവ സമയത്ത് അനൂപയുടെ ഭർത്താവ് ജിയേഷ് വീട്ടിലുണ്ടായിരുന്നു.
അനൂപയും ജിയേഷും തമ്മിൽ പ്രശ്നങ്ങളുണ്ട്. കോടതി ഉത്തരവ് സമ്പാദിച്ചാണ് അനൂപ വീട്ടിൽ താമസിക്കുന്നത്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. രാജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : nattu vishesham Suspect arrested