പരപ്പ: കഴിഞ്ഞ ഏതാനും തവണകളായി എൽഡിഎഫിനൊപ്പമാണെങ്കിലും യുഡിഎഫിനും ഭരണപ്രതീക്ഷയുള്ള ബ്ലോക്ക് പഞ്ചായത്താണ് പരപ്പ. നേരത്തേ യുഡിഎഫ് ഇവിടെ ഭരിച്ചിട്ടുമുണ്ട്. ഇത്തവണ ഭരണം തിരിച്ചുപിടിക്കാൻ കൃത്യമായ മുന്നൊരുക്കങ്ങളോടെയുള്ള പോരാട്ടമാണ് യുഡിഎഫ് നടത്തുന്നത്. അതിന് തടയിടാൻ എൽഡിഎഫും ശക്തമായ പോരാട്ടത്തിലാണ്. പഞ്ചായത്ത് തലത്തിലും സംഘടനാതലത്തിലും പയറ്റിത്തെളിഞ്ഞ നേതാക്കളിൽ പലരും ഇത്തവണ ഇരുപക്ഷത്തിനു വേണ്ടിയും ബ്ലോക്കിലേക്ക് മത്സരിക്കുന്നുണ്ട്.
ബളാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ ബേളൂർ ഡിവിഷനിലും കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും കിനാനൂർ-കരിന്തളം പഞ്ചായത്ത് അംഗവുമായ ഉമേശൻ വേളൂർ കിനാനൂർ ഡിവിഷനിലും യുഡിഎഫ് സ്ഥാനാർഥികളാണ്.
കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കരിന്തളം വാർഡിൽ കഴിഞ്ഞതവണ ഉമേശനോട് പരാജയപ്പെട്ട സിപിഎം നേതാവ് പാറക്കോൽ രാജനാണ് ഇത്തവണ കിനാനൂർ ഡിവിഷനിലെയും എതിരാളി. ബേളൂരിൽ സിപിഎമ്മിലെ പി.ഗംഗാധരനാണ് എൽഡിഎഫ് സ്ഥാനാർഥി.
കിനാനൂർ-കരിന്തളം പഞ്ചായത്ത് അംഗം കെ.പി.ചിത്രലേഖ പരപ്പ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ മുൻ പഞ്ചായത്ത് അംഗം സിപിഎമ്മിലെ കെ.എ.രമണിയാണ് എതിരാളി. ബാനം ഡിവിഷനിൽ കോടോം-ബേളൂർ പഞ്ചായത്ത് അംഗം കോൺഗ്രസിലെ അഡ്വ.പി.ഷീജയും സിപിഎമ്മിലെ ബിന്ദു കൃഷ്ണനും തമ്മിലാണ് മത്സരം.
കോടോം ഡിവിഷനിൽ മുൻ പഞ്ചായത്തംഗം കോൺഗ്രസിലെ ടി.എം.മാത്യുവും സിപിഎമ്മിലെ സിനു കുര്യാക്കോസും ഏറ്റുമുട്ടുന്നു. വെസ്റ്റ് എളേരി പഞ്ചായത്ത് അംഗം സിപിഎമ്മിലെ ഇ.ടി.ജോസ് എളേരി ഡിവിഷനിൽ മത്സരിക്കുമ്പോൾ കോൺഗ്രസിലെ ജയദേവനാണ് എതിരാളി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇത്തവണ പട്ടികവർഗ വനിതാ സംവരണമാണ്. പട്ടികവർഗ സംവരണ ഡിവിഷനായ പനത്തടിയിൽ മത്സരിക്കുന്ന ഭവ്യ രാജിനെയാണ് സിപിഎം ഈ സ്ഥാനത്തേക്ക് നോക്കിക്കാണുന്നത്.
ജനറൽ വനിതാ ഡിവിഷനായ ചിറ്റാരിക്കാലിൽ മത്സരിക്കുന്ന സുജ അനീഷിനെയാണ് യുഡിഎഫ് പരിഗണിക്കുന്നത്. പനത്തടിയിൽ കോൺഗ്രസിലെ എ.ബി.മമതയാണ് ഭവ്യയുടെ എതിർസ്ഥാനാർഥി. ചിറ്റാരിക്കാലിൽ കേരള കോൺഗ്രസ്-എസിലെ ഷൈമി തോമസാണ് എൽഡിഎഫ് സ്ഥാനാർഥി.
കമ്പല്ലൂർ ഡിവിഷനിൽ കോൺഗ്രസിലെ സോണി പൊടിമറ്റത്തിലും കേരള കോൺഗ്രസ്-എമ്മിലെ ജയിംസ് മാരൂരും തമ്മിലാണ് പോരാട്ടം. മാലോം ഡിവിഷനിൽ കോൺഗ്രസിലെ ജെസി ചാക്കോയും സിപിഎമ്മിലെ ബേബി മാധവനും ഏറ്റുമുട്ടുന്നു.
Tags : Parappa block nattuvisesham local news