വടക്കഞ്ചേരി: മുടപ്പല്ലൂർ- മംഗലംഡാം റോഡിൽ വണ്ടാഴി പഞ്ചായത്ത് ഓഫീസിനുസമീപം കനാലരികിൽ അപകട ഭീഷണിയായി വൻമരം. കാലപ്പഴക്കത്തിൽ വളർച്ച മുരടിച്ച് ഉണങ്ങി നിൽക്കുന്ന മരത്തിന്റെ കൊമ്പുകൾ പൊട്ടിവീണ് തുടർച്ചയായ അപകടങ്ങളുണ്ടാകുന്നുണ്ടെന്നു സമീപവാസികൾ പറഞ്ഞു. മരത്തിനോടു ചേർന്നുപോകുന്ന വൈദ്യുതി ലൈനുകളിൽ തട്ടിയാണ് പലപ്പോഴും കൊമ്പുകൾ വീഴുന്നത്. ഇതേ തുടർന്ന് തീപ്പൊരി ചിതറി വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്ന സ്ഥിതിയുമുണ്ട്.
തീപ്പൊരികണ്ട് പെട്ടെന്ന് വാഹനം ബ്രേക്ക് ചെയ്യുമ്പോൾ കൂട്ടിയിടിയും വാഹനം നിയന്ത്രണം തെറ്റിയും അപകടത്തിൽപ്പെടും. സമീപത്തെ വീട്ടുകാർക്കും മരം ദുരന്തഭയമുണ്ടാക്കുന്നുണ്ട്. പലതവണ അധികൃതർക്കു പരാതി നൽകിയിട്ടും മരം മുറിച്ചുനീക്കാൻ നടപടിയുണ്ടാകുന്നില്ലെന്നു നാട്ടുകാർ പറയുന്നു.