പുൽപ്പള്ളി: മേഖലയിൽ കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലെ കാടുകൾ വെട്ടിത്തെളിക്കാൻ നടപടിവേണമെന്ന് ആവശ്യം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കടുവയുടെ സാന്നിധ്യം വിവിധ സ്ഥലങ്ങളിൽ കണ്ടെത്തിയിരുന്നു. പ്രദേശങ്ങളിലെ നിരവധി കൃഷിയിടങ്ങൾ വർഷങ്ങളായി കാടുമൂടിക്കിടക്കുന്നത് മൂലം കാട്ടുപന്നികളുടേയും മറ്റും ശല്യം വർധിച്ചു. ഇതാണ് ഈ മേഖലയിൽ കടുവയുടെ സാന്നിധ്യം വർധിക്കാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
കൃഷികൾ പൂർണമായി നശിച്ചതോടെ സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് കൃഷിയിടങ്ങളിൽ വളർന്നു പന്തലിച്ച കാടുകൾ വെട്ടിത്തെളിക്കാൻ കർഷകർക്ക് കഴിയാത്ത സാഹചര്യമാണ്. ഇതിന് പരിഹാരം കാണുന്നതിനായി തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി മേഖലയിലെ കൃഷിയിടങ്ങളിലെ കാടുകൾ വെട്ടിത്തെളിക്കാനാവശ്യമായ നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം.
ജനവാസ മേഖലയായതിനാൽ കാടുനിറഞ്ഞുനിൽക്കുന്ന പ്രദേശങ്ങളിലൂടെ പ്രദേശവാസികൾക്ക് നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. കുന്നുകൾ നിറഞ്ഞ പ്രദേശമായതിനാൽ ഹെക്ടർ കണക്കിന് ഭൂമികളാണ് കാടുമൂടിക്കിടക്കുന്നത്.
ജില്ലയ്ക്ക് പുറത്തുനിന്നുള്ളവർ വാങ്ങിക്കൂട്ടിയ ഭൂമികളാണ് ഏറെയും കാടുമൂടിക്കിടക്കുന്നത്. ഭൂമിയുടെ കൈവശക്കാർക്ക് പഞ്ചായത്തോ റവന്യു വകുപ്പോ നോട്ടീസ് നൽകി പ്രദേശങ്ങളിലെ കാടുകൾ വെട്ടിത്തെളിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം കർഷകരുടെ നേതൃത്വത്തിൽ അധികൃതർക്ക് പരാതി നൽകിയിരുന്നു
Tags : nattu vishesham shed its milk