അതിരമ്പുഴ പള്ളിയിലെ പ്രസിദ്ധമായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനു ഫൊറോന വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് കൊടിയേറ്റുന്നു. - അനൂപ് ടോം
അതിരമ്പുഴ: ഭക്തിയും ആഘോഷവും സമന്വയിക്കുന്ന വൈവിധ്യമാര്‍ന്ന ചടങ്ങുകളും ആചാരങ്ങളുമായി അതിരമ്പുഴയ്ക്ക് ഇനി 14 ആഘോഷ നാളുകള്‍. ഇന്നു രാവിലെ 7.15ന് നൂറുകണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തില്‍ വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് തിരുനാളിനു കൊടിയേറ്റി. ആ സമയം മഞ്ഞയും വെള്ളയും നിറത്തിലുള്ള ആയിരക്കണക്കിനു ബലൂണുകൾ അന്തരീക്ഷത്തിലേക്ക് ഉയർന്നു ചടങ്ങുകൾക്കു സഹ കാർമികരായി ഫാ. ഏബ്രഹാം കാടാത്തുകുളം, ഫാ. അനീഷ് കാമിച്ചേരി, ഫാ. ടോണി മണക്കുന്നേൽ, ഫാ. അലൻ മാലിത്തറ, കുറുമ്പനാടം ഫൊറോന വികാരി ഫാ. ജോബി കറുകപ്പറമ്പിൽ, ഫാ. ഷാജി തുമ്പേച്ചിറയിൽ എന്നിവർ പങ്കുചേർന്നു. വേദഗിരി കോട്ടയം ടെക്സ്റ്റൈല്സില്നിന്നുള്ള കഴുന്ന് പ്രദക്ഷിണം വൈകുന്നേരം ആറിന് ആരംഭിച്ച് രാത്രി 8.15ന് വലിയ പള്ളിയില്‍ സമാപിക്കും.
പരസ്യവണക്കം
വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രശസ്തമായ തിരുസ്വരൂപം നാളെ രാവിലെ 7.30ന് പരസ്യവണക്കത്തിനായി പുറത്തെടുത്ത് രൂപക്കൂട്ടില്‍ പ്രതിഷ്ഠിച്ച ശേഷം തിരുസ്വരൂപവുമായി ചെറിയ പള്ളിയിലേക്കു പ്രദക്ഷിണം. തുടര്‍ന്ന് തിരുസ്വരൂപം ചെറിയപള്ളിയില്‍ സ്ഥാപിക്കും. 24ന് രാത്രി വരെ തിരുസ്വരൂപം ചെറിയപള്ളിയിലായിരിക്കും. ഈ ദിവസങ്ങളിലെ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ ചെറിയപള്ളിയിലായിരിക്കും.
ദേശക്കഴുന്ന്
അതിരമ്പുഴയുടെ ഏറ്റവും വലിയ ആത്മീയാഘോഷമായി കരുതുന്ന ദേശക്കഴുന്ന് നാളെ തുടങ്ങും. അതിരമ്പുഴയെ നാലു ഭാഗങ്ങളായി തിരിച്ച് നടത്തുന്ന ദേശക്കഴുന്ന് 23ന് സമാപിക്കും. നാളെ വടക്കുംഭാഗത്തിന്റെയും 21ന് പടിഞ്ഞാറ്റും ഭാഗത്തിന്റെയും 22ന് തെക്കുംഭാഗത്തിന്റെയും 23ന് കിഴക്കുംഭാഗത്തിന്റെയും കഴുന്ന് നടക്കും. ദേശക്കഴുന്നിനു ശേഷം മുമ്പ് നടത്തിയിരുന്ന കലാപരിപാടികള്‍ 27 മുതല്‍ 30 വരെ നടത്തും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ക്രമസമാധാന പാലനത്തിനായി ആദ്യദിനം മുതല്‍ പോലീസ് സജ്ജമാണ്. തിരുനാള്‍ ദിവസങ്ങളില്‍ പ്രത്യേക പട്രോളിംഗ് നടത്തും. പള്ളി പരിസരത്ത് ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുള്ള എഴുപതിലേറെ സിസി ടിവി കാമറ ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍ പോലീസ് ക്രമീകരണം ചെയ്തിട്ടുണ്ട്. കൈക്കാരന്മാരായ തോമസ് പുതുശേരി, ജോൺസൺ തോട്ടത്തിൽ, സാബു തെക്കേടത്ത്, ബെന്നി മൂഴിയാങ്കൽ, പാരിഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പ്ലാമൂട്ടിൽ തുടങ്ങിയവരും തിരുനാൾ കമ്മിറ്റിയും പരിപാടികൾക്കു നേതൃത്വം വഹിക്കും.
Tags : Athiranpuzha Athiranpuzha church Athiranpuzha Thirunal celebration parish feast flag hoisted