തലയോലപ്പറമ്പ്: മറവൻതുരുത്ത്-ചെമ്പ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് മൂവാറ്റുപുഴയാറിന് കുറുകെ നിർമിക്കുന്ന മൂലേക്കടവ് പാലത്തിനു സമീപം വീടിനോട് ചേർന്ന പുരയിടം പുഴയിലേക്ക് ഇടിഞ്ഞു താഴുന്നു. മറവൻതുരുത്ത് പഞ്ചായത്തിലെ വാളമ്പള്ളി പടിഞ്ഞാറേ നമ്പ്യാട്ടിൽ എൻ.പി. കാർത്തികേയന്റെ വീടിരിക്കുന്ന പുരയിടത്തിന്റെ 10 മീറ്ററോളം ഭാഗത്തെ മരങ്ങൾ ഉൾപ്പെടെയാണ് ഇതിനകം പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നത്.
2023ലാണ് മറവൻതുരുത്ത്-ചെമ്പ് പഞ്ചായത്തുകളെ ബന്ധിപ്പിച്ചു മുവാറ്റുപുഴയാറിന് കുറുകെ മുലേക്കടവ് പാലം നിർമാണം ആരംഭിച്ചത്. പൈലിoഗ് ജോലികൾ ആരംഭിച്ച ഘട്ടത്തിൽ ഒരു മീറ്റർ വീതിയിലും 15 മീറ്റർ നീളത്തിലും അന്ന് തീരം ഇടിഞ്ഞുതാഴ്ന്നിരുന്നു.
പുഴയുടെ തീരംവഴിയുണ്ടായിരുന്ന നടപ്പാത പൂർണമായും പുഴയിലേക്ക് ഇടിഞ്ഞു. പാലം നിർമാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും തീരം ഇടിയാതിരിക്കാൻ താത്കാലികമായി ഏരികൾ താഴ്ത്തി സുരക്ഷിതമാക്കാമെന്നും പിന്നീട് ഇവരുടെ വീടിരിക്കുന്ന പുഴയുടെ തീരം കരിങ്കല്ല് കെട്ടി സംരക്ഷിച്ചു നൽകാമെന്നും ഉറപ്പുനൽകിയെങ്കിലും പാലിച്ചില്ല.
ദിവസേന തീരമിടിയുകയാണ്. ശേഷിക്കുന്ന ഭാഗത്തും വിള്ളൽ രൂപപ്പെട്ടതിനാൽ വീടുകൂടി പുഴയെടുത്ത് വഴിയാധാരമാകുമെന്ന ഭീതിയിലാണെന്ന് കാർത്തികേയൻ പറഞ്ഞു. പുഴയുടെ തീരം കല്ലുകെട്ടി ബലപ്പെടുത്തി പുരയിടവും ജീവിതവും സുരക്ഷിതമാക്കണമെന്നാണ് നിർധന കുടുംബത്തിന്റെ ആവശ്യം.
Tags : nattu vishesham collapsed river.