കൊച്ചി: വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ ഇരയ്ക്കുവേണ്ടി നിലകൊണ്ട അഭിഭാഷകരുടെ ശരീര ഭാഷയിലും പ്രതികരണത്തിലും പ്രകടമായ ആത്മവിശ്വാസം വ്യത്യസ്തമായിരുന്നു. ഇരയുടെ അഭിഭാഷകയായ അഡ്വ. ടി.ബി. മിനിയായിരുന്നു ആദ്യം കോടതിയിലെത്തിയത്. തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു അവര്‍. മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴും ആ ആത്മവിശ്വാസം പ്രകടമായിരുന്നു.
ഗൂഢാലോചന നടന്നതിന്റെ എല്ലാ തെളിവുകളും കോടതിയില്‍ കൈമാറിയിട്ടുണ്ടെന്നും പ്രതിപ്പട്ടികയിലുള്ള എല്ലാവരും ശിക്ഷിക്കപ്പെടുമെന്നു തന്നെയാണ് പ്രതീക്ഷയെന്നുമായിരുന്നു മാധ്യമങ്ങളോട് അഡ്വ. മിനിയുടെ പ്രതികരണം. ആ രാത്രിയുടെ ഭീതിപ്പെടുത്തുന്ന ഓര്‍മയുടെ ട്രോമയിലാണ് ഇര. അവള്‍ക്ക് ആത്മവിശ്വാസം നല്കുന്ന വിധിയാകും വരികയെന്നും മിനി പറഞ്ഞു.
തൊട്ടുപിന്നാലെ കോടതിയിലേക്ക് കാറില്‍ വന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അജയ്കുമാര്‍ ആദ്യം മാധ്യമങ്ങള്‍ക്ക് മുഖം നല്‍കിയില്ല. കോടതി വളപ്പിലേക്ക് പ്രവേശിച്ച് വാഹനത്തില്‍ നിന്ന് ഇറങ്ങിയ ശേഷം തിരികെ വന്നാണ് ഗേറ്റിനു മുന്നില്‍ കാത്തുനിന്ന മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.
അത്ര ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ വാക്കുകള്‍. വിധി എന്താകുമെന്നത് സംബന്ധിച്ച് നിങ്ങളെപ്പോലെ താനും ആകാംക്ഷയിലാണെന്ന് പറഞ്ഞ അദ്ദേഹം സത്യം കണ്ടെത്താന്‍ കോടതിയെ സഹായിക്കുകയെന്ന ധര്‍മമാണ് പ്രോസിക്യൂട്ടറിനുള്ളതെന്നും പറഞ്ഞു. അതിനാവശ്യമായ ശക്തമായ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും പറഞ്ഞാണ് അദ്ദേഹം കോടതിയിലേക്ക് തിരികെ പോയത്.
ഇതുപോലൊരു കേസ് തന്റെ അഭിഭാഷക ജീവിതത്തില്‍ കണ്ടിട്ടില്ലെന്നാണ് ദിലീപിന്റെ അഭിഭാഷകൻ അഡ്വ. രാമൻപിള്ള പ്രതികരിച്ചത്.
കള്ളത്തെളിവുകളാണ് കോടതിയില്‍ നല്‍കിയത്. ഇതിനു പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ പങ്ക് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Tags : holiday