സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ "ഇതാണെന്റെ ജീവിതം' എന്ന ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയൻ ടി. പദ്മനാഭനു നൽകി പ്രകാശനം ചെയ്യുന്നു. -ദീപിക
കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ 'ഇതാണെന്റെ ജീവിതം' മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. കണ്ണൂര്‍ ടൗണ്‍ സക്വയറില്‍ നടന്ന ചടങ്ങില്‍ കഥാകൃത്ത് ടി. പദ്മനാഭന് പുസ്തകം ഏറ്റുവാങ്ങി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ വളര്‍ന്നു മുന്നേ റിയ ഒരാളെ സംബന്ധിച്ചിടത്തോളം വസ്തുതാപരമായ ആവിഷ്കാരമാണ് ഈ പുസ്തകമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഓരോ ചരിത്രസംഭവങ്ങളെയും എങ്ങനെ നേരിട്ടു എന്നതിനുള്ള സാക്ഷ്യപത്ര മായി ഈ പുസ്തകം മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാലത്തിന്റെ കഥകൂടിയാവും ഇപിയുടെ ആത്മകഥ, കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പട്ട ഇപിയുടെ ബാല്യവും കൗമാരവും പ്രതിസന്ധി നിറഞ്ഞതായിരുന്നുവെന്നും പിണറായി പറഞ്ഞു. പലപ്പോഴും തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് വലതുപക്ഷ ശക്തികള്‍ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്തു. കട്ടന്‍ ചായയും പരിപ്പുവടയുമെന്നത് അദ്ദേഹം കാലോചിതമായ മാറ്റത്തെ കുറിച്ചു പറഞ്ഞതാണ്. ഇത് പാര്‍ട്ടിക്കും അദ്ദേഹത്തിനുമെതിരേ വലതുപക്ഷ ശക്തികളും മാധ്യമങ്ങളും ഉപയോഗിച്ചു.
ഇതൊക്കെ അതിജീവിച്ചു കൊണ്ടാണ് ജയരാജന് രാഷ്ട്രീയ രംഗത്തു നിലനിന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ നിഷ്കളങ്ക മനസുള്ള ഇ.പി. ജയരാജന് വിപുലമായ സൗഹൃദത്തിന് ഉടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു
ഇ.പി. ജയരാജന്റെ ഏറ്റവും വലിയ സമ്പത്ത് അദ്ദേഹത്തിന്റെ സ്നേഹിതന്മാരുടെ ബാഹുല്യമാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ കഥാകൃത്ത് ടി. പദ്മനാഭന് പറഞ്ഞു.
ചടങ്ങില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള , സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്, വി. ശിവദാസന്‍ എംപി, എം. വിജയകുമാര്‍, എം.വി. ശ്രേയാംസ്കുമാര്‍ , ആര്.രാജശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.
സിപിഎം നേതൃത്വം കൂടെ നിന്നില്ല; ആത്മകഥയിൽ ഇ.പി
കണ്ണൂർ: ഇ.പി. ജയരാജന്റെ ആത്മകഥയായ ഇതാണെന്റെ ജീവിതത്തിൽ സിപിഎം നേതൃത്വത്തിനെ തിരേയും വിമർശനം. മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ട് വിവാദത്തിലാണ് പാർട്ടി നേതൃത്വത്തോട് അമർഷം പ്രകടിപ്പിച്ചിരിക്കുന്നത്. വലിയ അഴിമതി ആരോപണവുമായി മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ നേതൃത്വം വ്യക്തത വരുത്തിയില്ലെന്ന് ജയരാജൻ പറയുന്നു.
വൈദേകം വിഷയം സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജൻ ഉന്നയിച്ചതായി വാർത്തകൾ വന്നു. അന്നത്തെ സംസ്ഥാന സമിതിയിൽ താൻ പങ്കെടുത്തില്ല. സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനത്തെ പോലെ സഹായിച്ചതാണ് ചൂണ്ടിക്കാട്ടിയത്.
എന്നാൽ, വാർത്ത പുറത്തുവന്നത് അഴിമതി ആരോപണമായിട്ടായിരുന്നു. ബന്ധപ്പെട്ടവർ നേരത്തെ വിശദീകരണം നല്‍കിയിരുന്നു വെങ്കിൽ തനിക്കെതിരായ അധിക്ഷേപങ്ങൾ നിലയ്ക്കുമായിരുന്നുവെന്നും ആത്മകഥയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നടപടി ഉണ്ടായില്ല.
മകനെ ബിജെപി സ്ഥാനാർഥിയാക്കാനും ശ്രമമുണ്ടായെന്ന് ഇ.പി. ജയരാജൻ ആത്മകഥയിൽ പറയുന്നുണ്ട്. ഒരു വിവാഹസ്ഥലത്ത് നിന്ന് മകനെ കണ്ടപ്പോൾ ബിജെപിയുടെ വനിതാ നേതാവ് ഫോൺ നന്പർ വാങ്ങി. പലതവണ വിളിച്ചു. അതൊരു തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനാ ണെന്ന് എനിക്കു തോന്നി. പിന്നെ, അവൻ ഫോൺ എടുത്തില്ല. പാർട്ടി വിടുന്ന ഒരു കാര്യത്തെ ക്കുറിച്ച് സ്വപ്നത്തിൽ പോലും ചിന്തിച്ചാൽ പിന്നെ ഞാൻ മരിച്ചു എന്നാണർഥം. പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ചയെക്കുറിച്ചും ആത്മകഥയിൽ പറയുന്നുണ്ട്. ആത്മകഥാ പ്രകാശന ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജനും പങ്കെടുത്തില്ല.
Tags : "This is my life " natuvisesham local news