കലഞ്ഞൂർ രാക്ഷസൻപാറ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടു കെ.യു. ജനീഷ് കുമാർ എംഎൽഎ, ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഥല പരിശോധന
കൂടൽ: കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ രാക്ഷസന്‍പാറയില്‍ ടൂറിസം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരിയില്‍ തുടങ്ങുമെന്ന് കെ.യു. ജനീഷ്കുമാര്‍ എംഎല്‍എ.ഫെബ്രുവരി മാസത്തില്‍ തന്നെ ടൂറിസവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനം തുടങ്ങും.
കെല്, ഹാബിറ്റാറ്റ് എന്നിവരെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുമായി രാക്ഷസന്‍പാറയില്‍ വച്ച് കെ.യു. ജനീഷ്കുമാര്‍ എംഎല്‍എ,
ജില്ലാ കളക്ടര്‍ എസ്.പ്രേംക്യഷ്ണന് എന്നിവര്‍ ചര്‍ച്ചകള്‍ നടത്തി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേംദാസ്, ഹാബിറ്റാറ്റ് പ്രതിനിധി ജുബിൻ, കെല് പ്രതിനിധി ഷുക്കൂര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഹാബിറ്റാറ്റിന് ഒരു കോടി രൂപ, കെല്ലിന് 1.763 കോടി രൂപ എന്നിങ്ങനെയാണ് നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി ലഭിച്ചിട്ടുള്ളത്.
കൈവരികൾ, ശുചിമുറികള്‍, വ്യൂ പോയിന്റ്, ഭക്ഷണശാല, ഗുരു നിത്യചൈതന്യയതിയുടെ സ്മാരകം, ലൈബ്രറി, വ്യൂ പോയിന്റ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. രാക്ഷസന്‍പാറയിലേക്ക് പോകുന്ന ഭാഗത്ത് സ്വകാര്യ വ്യക്തിയുമായി വസ്തു സംബന്ധിച്ച തര്‍ക്കമുണ്ടെന്നും അത് നിയമത്തിന്റെ വഴിയില്‍ പോകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എ. എന്‍ സലിം, ബീനപ്രഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം അശ്വതി ഗിരീഷ്,വാര്‍ഡംഗങ്ങളായ ഷീനാ ബിനു, മനോജ് എം.ജയിംസ്, എസ്.പ്രസന്നകുമാരി, ബിജു പാലവിള, നൂര്ജഹാൻ, ദിലീപ് അതിരുങ്കല്‍, പി.വി.ജയകുമാർ, കമലന് തുടങ്ങിയവര്‍ പങ്കെടുത്തു.