പെരുമ്പാവൂർ: ജിഎസ്ടി ഓഫീസർ ചമഞ്ഞ് ചികിത്സസഹായത്തിനെന്ന പേരിൽ വ്യാജ പണപ്പിരിവ് നടത്തിയ രണ്ടുപേർ പിടിയിൽ. കോടനാട് ചെട്ടിനട പുന്നക്കാകുടി വീട്ടിൽ അനൂപ് (41), കാഞ്ഞൂർ ജംഗ്ഷൻ റോഡിൽ ചിറ്റുപറമ്പിൽ വീട്ടിൽ ജിമ്മി (52) എന്നിവരെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 25ന് ജിഎസ്ടി ഓഫീസറാണെന്ന് പരിചപ്പെടുത്തിയ ശേഷം പെരുമ്പാവൂർ ജിഎസ്ടി ഓഫീസിലെ ജീവനക്കാരിയുടെ ഭർത്താവിന്റെ ചികിത്സ സഹായത്തിനെന്നു പറഞ്ഞ് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പണം പിരിക്കുകയായിരുന്നു.
ഐമുറിയിൽ വസ്ത്രവ്യാപാരം നടത്തുന്നയാളിൽ നിന്നും ഇത്തരത്തിൽ ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ച് 1000 രൂപ കൈപ്പറ്റി. എന്നാൽ ഉടമ പിന്നീട് ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് എന്ന് കണ്ടതോടെ സംശയം തോന്നി നടത്തിയ അന്വേഷണത്തിൽ പെരുമ്പാവൂർ ജിഎസ്ടി ഓഫീസിൽ അത്തരത്തിലൊരു ജീവനക്കാരനില്ലെന്നും ചികിത്സ സഹായത്തിന് പിരിവ് നടക്കുന്നില്ലെന്നും അറിഞ്ഞു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
ഇൻസ്പെക്ടർ എ.എസ്. സരിൻ, എസ്ഐ സി.എ. സാജു, എഎസ്ഐമാരായ പി.ജെ. സിജോ, മനോജ്, സിപിഒ നിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Tags : nattu vishesham arrested mpersonating GST officers fake money