വെള്ളരിക്കുണ്ട്: ക്രിസ്മസ് ദിനത്തിൽ മലയോരത്ത് ബൈക്കപകടങ്ങളിൽ പൊലിഞ്ഞത് രണ്ട് യുവാക്കളുടെ ജീവൻ. ഇന്നലെ പുലർച്ചെ മാലോത്ത് ബൈക്ക് വൈദ്യുത തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ മാലോം സ്വദേശി വിതുൽരാജും (20) വൈകുന്നേരം കുന്നുംകൈയിൽ ബൈക്കിൽ കെഎസ്ആർടിസി ബസിടിച്ച് കുന്നുംകൈ മുള്ളിക്കാട് സ്വദേശി പ്രവീണും (28) ആണ് മരിച്ചത്.
ഐടി വിദ്യാർഥിയായ വിതുൽരാജും സുഹൃത്ത് സച്ചുവും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു. ക്രിസ്മസ് രാത്രിയിൽ പ്രദേശത്തെ കരോൾ സംഘങ്ങൾക്കൊപ്പം സജീവമായിരുന്ന യുവാക്കൾ പുലർച്ചെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ സച്ചുവിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലോം കുഴിപ്പനത്തെ വിനയരാജ്-ലത ദമ്പതികളുടെ മകനാണ് വിതുൽരാജ്.സഹോദരി: ദേവിക.
കുന്നുംകൈയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പ്രവീൺ കാഞ്ഞങ്ങാട്-ചെറുവത്തൂർ-ചീമേനി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ്. ക്രിസ്മസ് ദിനത്തിൽ വൈകുന്നേരം 4.40ന് ചെമ്പംകുന്നിൽ വച്ചായിരുന്നു അപകടം.
കൊന്നക്കാട് ഭാഗത്തു നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് പ്രവീൺ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുന്നുംകൈ മുള്ളിക്കാട്ടെ രവി-പ്രമീള ദമ്പതികളുടെ മകനാണ്. സഹോദരൻ: പ്രണവ്.
Tags : Two young men dead motorcycle accident Christmas Day vellarikundu