പാലക്കാട് നഗരസഭയിൽ ബിജെപി
പാലക്കാട്: വാശിയേറിയ മത്സരംനടന്ന പാലക്കാട് നഗരസഭയിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാത്തതിനാൽ ബിജെപിക്ക് കാര്യങ്ങൾ ദുഷ്കരമാണ്. ഉറച്ച കോട്ടയെന്നു കരുതിയ പാലക്കാട്ട് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ശക്തമായ മുന്നേറ്റം തിരിച്ചടിയാണ് ബിജെപിക്കു സമ്മാനിച്ചത്.
53 വാര്‍ഡുകളാണ് ബിജെപിക്ക് ശക്തമായ ആധിപത്യമുള്ള പാലക്കാട് നഗരസഭയിലുള്ളത്. ബിജെപി 25 വാര്‍ഡുകളിൽ ജയിച്ചുകയറിയപ്പോൾ യുഡിഎഫ് 17 വാര്‍ഡുകളിലും എല്‍ഡിഎഫ് എട്ടുവാര്‍ഡുകളിലും ജയിച്ചു. മൂന്നുസ്വതന്ത്രരും വിജയിച്ചു. ഇതില്‍ രണ്ടുപേര്‍ എല്‍ഡിഎഫ് സ്വതന്ത്രരാണ്. എൽഡിഎഫ്-3, എൻഡിഎ-
ചെർപ്പുളശേരിയിൽ എൽഡിഎഫ് നിലനിർത്തി
ഒറ്റപ്പാലം: ചെർപ്പളശ്ശേരി നഗരസഭയിൽ എൽഡിഎഫ് അധികാരം നിലനിർത്തി. ആകെയുള്ള 33 സീറ്റിൽ 17 സീറ്റാണ് എൽഡിഎഫ് നേടിയത്. ഭരണമാറ്റം പ്രതീക്ഷിച്ചിരുന്ന നഗരസഭയിൽ അട്ടിമറി വിജയം സ്വപ്നം കണ്ടിരുന്ന യുഡിഎഫിന് 14 സീറ്റിൽ ഒതുങ്ങേണ്ടി വന്നു. ഓരോ സീറ്റുകളിൽ ബിജെപിയും വെൽഫെയർ പാർട്ടിയും വിജയം വരിച്ചു.
എൽഡിഎഫും യുഡിഎഫും തമ്മിൽ നേർക്കുനേരെയുള്ള മത്സരമാണ് ചെർപ്പുളശ്ശേരിയിൽ നടന്നത്. എൽഡിഎഫ് കോട്ടകളിൽ വിള്ളൽ വീഴ്ത്താൻ കഴിയുമെന്ന പ്രതീക്ഷ യുഡിഎഫിനുണ്ടായിരുന്നു. എങ്കിലും ഇതിനു കഴിഞ്ഞില്ല. വൻമുന്നേറ്റം നടത്തി അധികാരം നിലനിർത്തുമെന്ന പ്രഖ്യാപനത്തിൽനിന്നും എൽഡിഎഫിനും പിന്നോട്ടുപോകേണ്ടിവന്നു. മുമ്പ് രണ്ടു സീറ്റുകളുണ്ടായിരുന്ന ബിജെപിക്ക് ഒരുസീറ്റ് നഷ്ടമായി.
ഷൊർണൂരിൽ കോട്ടകാത്ത് സിപിഎം
ഷൊർണൂർ: ഷൊർണൂരിൽ എൽഡിഎഫ് ഭരണം നിലനിർത്തി. 35 വാർഡുകളുള്ള നഗരസഭയിൽ 17 സീറ്റുകളാണ് എൽഡിഎഫ് നേടിയത്. ഏറ്റവും വലിയ ഒറ്റകക്ഷി സിപിഎം ആണ്. ഇവിടെ അട്ടിമറി വിജയം പ്രതീക്ഷിച്ചിരുന്ന ബിജെപി 12 സീറ്റുകൾനേടി വൻമുന്നേറ്റം നടത്തി.
കോൺഗ്രസാവട്ടെ അഞ്ചു സീറ്റുകളിൽ മാത്രമായി ഒതുങ്ങി. എൽഡിഎഫിനെതിരേ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച മുൻ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ വി. നിർമ്മല വിജയിച്ചുവെന്നതും ശ്രദ്ധേയമാണ്. അതേസമയം ബിജെപിയുടെ മുൻ കൗൺസിലറും ജില്ലാ സെക്രട്ടറിയുമായ കെ. പ്രസാദ് പരാജയപ്പെട്ടതു പാർട്ടിക്കു ക്ഷീണമായി.
ചിറ്റൂരിൽ തിരിച്ചുപിടിച്ച് യുഡിഎഫ്
ചിറ്റൂർ: ചിറ്റൂർ- തത്തമംഗലം നഗരസഭയിൽ ഒരിടവേളയ്ക്കുശേഷം യുഡിഎഫ് ഭരണത്തിലേക്ക്. 30 ൽ 19 സീറ്റുകൾ നേടി വൻഭൂരിപക്ഷത്തിൽ ഭരണം പിടിച്ചെടുത്തു. കഴിഞ്ഞ തവണത്തെ അട്ടിമറിജയം തുടരാമെന്ന പ്രതീക്ഷയോടെ കളത്തിലിറങ്ങിയ ഇടതുമുന്നണി 11 വാർഡുകളിൽ വിജയിച്ചു.
കഴിഞ്ഞ ഭരണസമിതിയിൽ എസ്ഡിപിഐക്കുണ്ടായിരുന്ന ഒരു സീറ്റ് ഇത്തവണ നഷ്ടപ്പെട്ടു. നിലവിലെ ചെയർപേഴ്സൺ എൽഡിഎഫിലെ കെ.എൽ. കവിത, വൈസ് ചെയർമാൻ എം. ശിവകുമാർ എന്നീ പ്രമുഖരും പരാജയപ്പെട്ടു. ഡിസിസി വൈസ് പ്രസിഡന്റും മുൻ എംഎൽഎ കെ. അച്യുതന്റെ മകനുമായ സുമേഷ് അച്യുതൻ മിന്നും വിജയം നേടി.
ഒറ്റപ്പാലത്ത് ചെങ്കോട്ടകാത്ത് സിപിഎം
ഒറ്റപ്പാലം: ഒറ്റപ്പാലത്തെ ചെങ്കോട്ടയ്ക്കു വിള്ളൽ വീഴ്ത്താനായില്ല, എൽഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപി മുഖ്യപ്രതിപക്ഷം. വാർഡ് വിഭജനം കഴിഞ്ഞ ശേഷം നടന്ന നഗരസഭ തെരഞ്ഞെടുപ്പിൽ 19 അംഗങ്ങളെയാണ് സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് വിജയിപ്പിച്ചത്.
കേവല ഭൂരിപക്ഷത്തിന് 20 സീറ്റുകൾ വേണം. എന്നാൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തിലേറാൻ സിപിഎമ്മിനു അവസരമൊരുങ്ങി. കഴിഞ്ഞതവണ 9 സീറ്റുകളുണ്ടായിരുന്ന ബിജെപി ഇത്തവണ 12 സീറ്റുകൾ നേടി പ്രധാന പ്രതിപക്ഷമായി മാറി. അതേസമയം ആറു സീറ്റുകളുണ്ടായിരുന്ന കോൺഗ്രസ് നാലു സീറ്റുകളിലേക്കൊതുങ്ങി. മുസ്ലിം ലീഗിനുണ്ടായിരുന്ന മൂന്ന് സീറ്റ് ഇവർ നിലനിർത്തി.
യുഡിഎഫിന് ആകെ ഏഴുസീറ്റുകൾ മാത്രമാണുള്ളത്. ഒരു സീറ്റിൽ സ്വതന്ത്രൻ വിജയിച്ചു. യുഡിഎഫിനൊപ്പം ചേർന്ന് മത്സരിച്ച സിപിഎം വിമതന്മാരുടെ കൂട്ടായ്മയായ സ്വതന്ത്ര സഖ്യം ഇത്തവണ എവിടെയും വിജയിച്ചില്ല. കഴിഞ്ഞതവണ രണ്ടുസീറ്റുകൾ ഇവർക്കുണ്ടായിരുന്നു. സിപിഎം വിമത നേതാവായ എസ്.ആർ. പ്രകാശ് പരാജയപ്പെട്ടവരിൽ ഉൾപ്പെടുന്നു. കോൺഗ്രസ് നേതാവും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി. മായ ടീച്ചർ പരാജയപ്പെട്ടു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കെ. ശിവദാസും പരാജയപ്പെട്ട പ്രമുഖരിൽ ഉൾപ്പെടുന്നു.
പട്ടാമ്പിയിൽ യുഡിഎഫിന്റെ തേരോട്ടം
ഷൊർണൂർ: പട്ടാമ്പി നഗരസഭയില്‍ യുഡിഎഫിന് ഉജ്വല വിജയം. ജില്ലയിലെ അഭിമാനകരമായ മുന്നേറ്റമാണ് പട്ടാമ്പിയിൽ കോൺഗ്രസിനുണ്ടായത്. നേതാവായിരുന്ന ടിപി. ഷാജിയുടെ നേതൃത്വത്തിലുള്ള വീ ഫോര്‍ പട്ടാമ്പി കൂട്ടായ്മ യുഡിഎഫിലേക്കു തിരിച്ചെത്തിയതോടെയാണ് എല്‍ഡിഎഫില്‍നിന്ന് പട്ടാമ്പി നഗരസഭ യുഡിഎഫ് പിടിച്ചെടുത്തത്. 29 വാര്‍ഡുകളില്‍ 15 എണ്ണത്തില്‍ യുഡിഎഫും ഏഴെണ്ണത്തില്‍ എല്‍ഡിഎഫും വിജയിച്ചു. ബിജെപി ഒരുസീറ്റ് നിലനിര്‍ത്തി. അഞ്ചു സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്.
വാര്‍ഡ് വിഭജനം വന്നതോടെ 28ല്‍നിന്ന് വാര്‍ഡുകളുടെ എണ്ണം 29 ആയിരുന്നു. കഴിഞ്ഞ തവണ യുഡിഎഫിന് 11 സീറ്റും എല്‍ഡിഎഫിന് 10 സീറ്റും എന്‍ഡിഎയ്ക്ക് ഒരുസീറ്റും വീ ഫോര്‍ പട്ടാമ്പി കൂട്ടായ്മക്ക് ആറു സീറ്റുമാണ് ലഭിച്ചത്. പിന്നീട് വീ ഫോര്‍ പട്ടാമ്പിയുമായി ചേര്‍ന്നാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്.
കോണ്‍ഗ്രസ് നേതാവായിരുന്ന ടി.പി. ഷാജി 2020ലെ തെരഞ്ഞെടുപ്പോടെയാണ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് വീ ഫോര്‍ പട്ടാമ്പി രൂപീകരിച്ചത്. ഇവരുടെ പിന്തുണയിലായിരുന്നു എല്‍ഡിഎഫ് അധികാരത്തിലേറിയത്. പട്ടാമ്പി നഗരസഭയിലെ ഡിവിഷന് 13ലാണ് ടിപി ഷാജി മത്സരിച്ചത്. 182 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. പട്ടാമ്പിയില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ടി.പി. ഷാജി ചെയര്മാന് സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു വീ ഫോര്‍ പട്ടാമ്പിക്കുള്ള വാഗ്ദാനം. ഇതു പാലിക്കപ്പെടുമെന്ന കാര്യം ഉറപ്പാണ്.
Tags : municipalities