പത്തനംതിട്ട: നഗരത്തില്‍ പൂര്‍ത്തിയായി വരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗത്തില്‍ യുഡിഎഫ് പ്രതിഷേധം. മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട വൈഎംസിഎയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് യുഡിഎഫ് ജനപ്രതിനിധികളടക്കം പ്രതിഷേധം ഉയര്‍ത്തിയത്.
പൂര്‍ത്തിയാകാത്ത പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നത് തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യോഗം അലങ്കോലപ്പെടുമെന്ന ഘട്ടത്തില്‍ എല്‍ഡിഎഫ് അംഗങ്ങളും രംഗത്തെത്തി. ഇതോടെ സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ പോലീസ് ഇടപെട്ടു. പ്രതിഷേധ മുദ്രാവാക്യങ്ങളും കൂകിവിളികളുമായി നഗരസഭാ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ അടക്കമുള്ള യുഡിഎഫ് ജനപ്രതിനിധികള്‍ പുറത്തേക്ക് പോയി.
സമയബന്ധിതമായി പൂര്‍ത്തിയായ ജില്ലാസ്റ്റേഡിയം അടക്കമുള്ള പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പദ്ധതികളുടെ പുരോഗതി നേരിട്ടെത്തിയാല്‍ ആരെയും കാട്ടിക്കൊടുക്കാമെന്നും പ്രതിഷേധം പ്രഹസനമാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ സ്റ്റേഡിയം നിര്‍മാണോദ്ഘാടന സമയത്ത് പദ്ധതി നടക്കില്ലെന്നു പറഞ്ഞ് പ്രതിഷേധം ഉയര്‍ത്തിയവരാണ് യുഡിഎഫുകാരെന്നും വീണാ ജോര്‍ജ് കുറ്റപ്പെടുത്തി.