മുട്ടുചിറ റൂഹാദ്ക്കുദിശാ ഫൊറോന പള്ളിയില്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ ഭാരതപ്രവേശന ഓര്‍മയുടെ ഭാഗമായി നടന്ന നസ്രാണി സമുദായയോഗം കര്‍ദിനാള്‍ മാര്‍
കടുത്തുരുത്തി: സഭകള്‍ തമ്മിലുള്ള സമുദായ ഐക്യം പരിപോഷിപ്പിക്കാനും സദ്ഫലങ്ങള്‍ അനുഭവിക്കാനും ദൃഢപ്രതിജ്ഞയോടെ മുന്നേറണമെന്നും വിവിധ സഭകളിലെ വൈദികരെയും സന്യസ്തരെയും അല്മായരെയുമെല്ലാം സ്വന്തം സഹോദരങ്ങളായി കാണാനുള്ള വിശാലമായ കാഴ്ചപ്പാടുണ്ടാവണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
മുട്ടുചിറ റൂഹാദ്കുദിശാ ഫൊറോനാ പള്ളിയില്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ ഭാരതപ്രവേശത്തിന്റെ ഓര്‍മയുടെ ഭാഗമായി നടന്ന നസ്രാണി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആചാര, ആഘോഷ, അനുഷ്ഠാനങ്ങള്‍ നടക്കുമ്പോള്‍ വിവിധ സഭകളിലെ വൈദികരെയും അല്മായരെയും ക്ഷണിക്കുകയും പങ്കെടുപ്പിക്കുകയും ചെയ്യണമെന്നും വിശ്വാസത്തില്‍ ആഴപ്പെട്ട് കൂട്ടായ്മയില്‍ മുന്നേറണമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.
ഒരു സമുദായമെന്ന ചിന്ത നസ്രാണികള്ക്കുണ്ടാവണമെന്നും ഒറ്റ സഭയെന്ന ആത്യന്തികമായ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കാമെന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ തിമോത്തിയോസ്, പാലാ രൂപത വികാരി ജനറാള്‍ മോൺ. ജോസഫ് മലേപ്പറമ്പില്‍, മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ഫാ.യാക്കൂബ് റമ്പാന്, മലങ്കര സുറിയാനി കത്തോലിക്കാ സഭ എക്യുമെനിക്കല്‍ കമ്മീഷന് സെക്രട്ടറി ഫാ. ജോര്‍ജ് തേക്കടയില്‍, മുട്ടുചിറ ഫൊറോനാ പള്ളി വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, സീറോ മലബാര്‍ സഭയുടെ എക്യുമെനിക്കല്‍ കമ്മീഷന് സെക്രട്ടറി ഫാ. സിറില്‍ തോമസ് തയ്യില്‍, കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ വലിയപള്ളി വികാരി റവ.ഡോ. ജോണ്സണ് നീലനിരപ്പേല്‍, ഉമ്മച്ചന് വെങ്കടത്ത്, സെന്നിച്ചന് കുര്യന്, ഡോ.ജേക്കബ് മണ്ണുംമൂട്, ഡോ. പ്രകാശ് പി. തോമസ്, ബിനോയി പി.മാത്യു, ജോസഫ് സി.ജോണ്‍, ആന്റണി ആറില്‍ച്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിന് മുമ്പായി പഴയപള്ളിയില്‍ കബറടക്കിയിരിക്കുന്ന അര്‍ക്കദിയാക്കോന്റെ കബര്‍ സന്ദര്‍ശനത്തിനുശേഷം വലിയപള്ളിയില്‍ ബിഷപ്പുമാരുടെ കാര്‍മികത്വത്തില്‍ സുറിയാനി നമസ്കാര പ്രാര്‍ഥനകള്‍ നടന്നു. തുടര്‍ന്ന് ബിഷപ്പുമാര്‍ക്ക് സ്വീകരണവും മട്ടാഞ്ചേരിയില്‍ നടന്ന സ്ലീവാസത്യത്തിന്റെ ഓര്‍മപുതുക്കലും നടന്നു. സമ്മേളനത്തില്‍ ഏഴ് നസ്രാണി സുറിയാനി സഭകളില്നിന്നുള്ളവര് പ്രസംഗിച്ചു. വിവിധ സഭകള്‍ തമ്മിലുള്ള ഐക്യത്തെ അനുസ്മരിച്ചു റൂഹാ സത്യമെടുത്താണ് യോഗം അവസാനിപ്പിച്ചത്.