കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരുങ്ങുമ്പോൾ തന്നെ ടീം യുഡിഎഫിനെ ജനങ്ങൾ ഹൃദയത്തിലേറ്റെടുത്തതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേവലമൊരു തെരഞ്ഞെടുപ്പ് പ്രചാരണമെന്ന നിലയിലല്ല, സംസ്ഥാനത്തെ ഓരോ വിഷയങ്ങളിലും വ്യക്തമായ പദ്ധതികൾ മുന്നോട്ടുവച്ചാണ് യുഡിഎഫ് പുതുയുഗയാത്ര നടത്തുന്നതെന്നും യാത്രയ്ക്ക് കാഞ്ഞങ്ങാട്ട് ഒരുക്കിയ സ്വീകരണയോഗത്തിൽ സതീശൻ പറഞ്ഞു.
വരാനിരിക്കുന്ന തലമുറകൾക്കുപോലും നല്ല ഭാവി ഉറപ്പുവരുത്തുന്നതിനായുള്ള മാറ്റത്തിനു വേണ്ടിയാണ് യുഡിഎഫ് വോട്ടുചോദിക്കുന്നത്. നമ്മുടെ കുട്ടികൾ വിദേശത്തുപോയി പഠിക്കുന്ന മികച്ച കോഴ്സുകളും തൊഴിലവസരങ്ങളും ഇവിടെത്തന്നെ ഉറപ്പുവരുത്താൻ നമുക്കു കഴിയണം. കൊള്ളക്കാർക്കും ക്രിമിനലുകൾക്കും വേണ്ടിയല്ല, മറിച്ച് കർഷകർക്കും സാധാരണക്കാർക്കും വേണ്ടി സംസാരിക്കുന്ന ഒരു ഭരണസംവിധാനം ഇവിടെയുണ്ടാകണം.
ഇന്ന് കമ്യൂണിസ്റ്റുകാരെന്നു പറഞ്ഞ് കേരളം ഭരിക്കുന്നവർ യഥാർഥത്തിൽ തീവ്ര വലതുപക്ഷമായി മാറിക്കഴിഞ്ഞു. അവർ സകല വർഗീയതയോടും സന്ധി ചെയ്യുന്നവരാണ്. ഇതിനെതിരേ യഥാർഥ കമ്യൂണിസ്റ്റുകാർ പോലും ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ടുചെയ്യുമെന്ന് സതീശൻ പറഞ്ഞു.
വന്യജീവി ആക്രമണങ്ങൾ മൂലം കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയേറുമ്പോഴും കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയും സംഭരണത്തിലെ അപാകതകളും മൂലം ജീവിതം വഴിമുട്ടുമ്പോഴും ഒന്നും ചെയ്യാതിരുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് യോഗത്തിൽ പ്രസംഗിച്ച കേരള കോൺഗ്രസ്-ജേക്കബ് ചെയർമാൻ അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു.
കൊല്ലം ജില്ലയിൽ അരനൂറ്റാണ്ടിലധികമായി സിപിഎം ഭരിച്ചിരുന്ന പഞ്ചായത്തുകളും ദശകങ്ങളായി ഭരിച്ചിരുന്ന കോർപറേഷനും പോലും യുഡിഎഫിന് പിടിച്ചെടുക്കാൻ കഴിഞ്ഞതുപോലെ കാഞ്ഞങ്ങാട് മണ്ഡലവും അപ്രാപ്യമല്ലെന്ന് ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.
യുഡിഎഫ് മണ്ഡലം ചെയർമാൻ പ്രിൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, ജെബി മേത്തർ, സിഎംപി നേതാവ് സി.പി. ജോൺ, ലീഗ് നേതാവ് പാറക്കൽ അബ്ദുള്ള, കേരള കോൺഗ്രസ് നേതാവ് ജോസഫ് മുള്ളൻമട, കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാൻ, അബിൻ വർക്കി, ഒ.ജെ. ജനീഷ്, ആൻ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
തൃക്കരിപ്പൂർ: യുഡിഎഫ് പുതുയുഗ യാത്രയുടെ ജില്ലയിലെ പര്യടനത്തിന്റെ പൂർത്തീകരണം തൃക്കരിപ്പൂർ ടൗണിൽ നടന്നു. മുൻ മന്ത്രി എം.എം. ഹസൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.
എൻ.കെ. പ്രേമചന്ദ്രൻ എംപി, രാജ്മോഹൻ ഉണ്ണിത്താൻ എംപി, അനൂപ് ജേക്കബ് എംഎൽഎ, സി.പി. ജോൺ, ഷാനിമോൾ ഉസ്മാൻ, ഒ.ജെ. ജനീഷ്, ജെബി മേത്തർ, കല്ലട്ര മാഹിൻ ഹാജി, എ. ഗോവിന്ദൻ നായർ, സോണി സെബാസ്റ്റ്യൻ, ബാലകൃഷ്ണൻ പെരിയ, ഹക്കീം കുന്നിൽ, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ, എ.ജി.സി. ബഷീർ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham embraced Team UDF