തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കോട്ടയം ജില്ലയിലെ ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ ചേതന്കു
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ജില്ലയില്‍ ഇന്നാരംഭിക്കും. ഡിസംബര്‍ ഒന്നോടെ പൂര്‍ത്തിയാകും. ഏറ്റുമാനൂര്‍ സത്രം വെയര്‍ ഹൗസിലാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. ബ്ലോക്ക്, മുനിസിപ്പല്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ് വോട്ടിംഗ് യന്ത്രങ്ങള്‍ കൈമാറുന്നത്.
ജില്ലയിലെ 11 ബ്ളോക്കുകളിലും ആറു നഗരസഭകളിലുമായുള്ള 17 വിതരണ-സ്വീകരണകേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂമുകളിലെത്തിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പുദിവസത്തിന്റെ തലേന്നാണ് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു കൈമാറുന്നത്. 5775 ബാലറ്റ് യൂണിറ്റുകളും 1925 കണ്ട്രോള് യൂണിറ്റുകളുമായി ആകെ 7700 വോട്ടിംഗ് യന്ത്രങ്ങളാണ് ജില്ലയില്‍ ആവശ്യമായിട്ടുള്ളത്.
ഏറ്റുമാനൂര്‍, ചങ്ങനാശേരി നഗരസഭകള്‍, വൈക്കം, കടുത്തുരുത്തി, പാമ്പാടി ബ്ലോക്കുകള്‍ എന്നിവിടങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് ഇന്നു വിതരണം ചെയ്യുന്നത്. നാളെ ഏറ്റുമാനൂര്‍, പള്ളം, ളാലം, ഈരാറ്റുപേട്ട ബ്ലോക്കുകളിലേക്കും കോട്ടയം, ഈരാറ്റുപേട്ട നഗരസഭകളിലേക്കും ഡിസംബര്‍ ഒന്നിന് പാലാ, വൈക്കം നഗരസഭകൾ, വാഴൂര്‍, മാടപ്പള്ളി, ഉഴവൂര്‍, കാഞ്ഞിരപ്പള്ളി ബ്ലോക്കുകള്‍ എന്നിവിടങ്ങളിലേക്കും വിതരണം നടക്കും.
ആവശ്യമുള്ളതിനേക്കാള്‍ 40 ശതമാനം പേരെ അധികമായി ഉള്‍പ്പെടുത്തിയാണ് നിലവില്‍ പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. 20 ശതമാനം പേരെക്കൂടി ഒഴിവാക്കി 20 ശതമാനം ജീവനക്കാരെ റിസര്‍വായി നിലനിര്‍ത്തിക്കൊണ്ട് പോളിംഗ് ജീവനക്കാരുടെ അന്തിമ പട്ടിക നിര്‍ണയിക്കുന്നതിനുള്ള രണ്ടാം ഘട്ട റാന്ഡമൈസേഷന് ഡിസംബര്‍ രണ്ടിന് നടക്കും.
പ്രിസൈഡിംഗ് ഓഫീസര്‍, ഒന്നാം പോളിംഗ് ഓഫീസര്‍, രണ്ടാം പോളിംഗ് ഓഫീസര്‍, മൂന്നാം പോളിംഗ് ഓഫീസര്‍ എന്നീ ചുമതലകളില്‍ 1925 ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. ഓരോ വിഭാഗത്തിലും 385 ഉദ്യോഗസ്ഥരെ റിസര്‍വായി ഉള്‍പ്പെടുത്തും. ഇതനുസരിച്ച് റാന്‍ഡമൈസേഷനു ശേഷം 9240 ഉദ്യോസ്ഥരാണ് ഉണ്ടാവുക.
ജില്ലയില്‍ 60 സെന്‍സിറ്റീവ് പോളിംഗ് ബൂത്തുകളാണുള്ളത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ചിട്ടുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു.
പെരുമാറ്റച്ചട്ടം പാലിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടികളില്‍ ഹരിത ചട്ടം പാലിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സി.എം. ശ്രീജിത്ത്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഷീബ മാത്യു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന് ജോസഫ് എന്നിവരും പറഞ്ഞു.
ബാലറ്റുകള്‍ കളക്ടറേറ്റിലെത്തിച്ചു
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിന്റെ 23 ഡിവിഷനുകളിലെയും തെരഞ്ഞെടുപ്പിനുപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ പതിക്കാനുള്ള ബാലറ്റുകളും ടെന്‍ഡേര്‍ഡ് ബാലറ്റുകളും പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റുകളും കളക്ടറേറ്റില്‍ എത്തിച്ചു.
വാഴൂര്‍ ഗവണ്മെന്റ് പ്രസില്‍ അച്ചടിച്ച ബാലറ്റ് പേപ്പറുകള്‍ എഡിഎം എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി കളക്ടറേറ്റിലെത്തിച്ചു. 23 പെട്ടിയിലായിട്ടാണ് ബാലറ്റുകള്‍ എത്തിച്ചത്. കളക്ടറേറ്റിലെത്തിച്ച ബാലറ്റ് പെട്ടികള്‍ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി തൂലിക കോണ്‍ഫറസ് ഹാളില്‍ സജ്ജമാക്കിയ സ്ട്രോംഗ് റൂമിലേക്കു മാറ്റി.
ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ഷീബാ മാത്യു, സ്പെഷല്‍ തഹസില്‍ദാര്‍ ജി. പ്രശാന്ത്, ഇലക്ഷന് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
എസ്ഐആർ നടപടികള്‍ ഊര്‍ജിതം
കോട്ടയം: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികള്‍ ജില്ലയില്‍ ഊര്‍ജിതമായി പുരോഗമിക്കുന്നതായി കളക്ടര്‍ ചേതന്‍കുമാര്‍ മീണ. പൂരിപ്പിച്ച എന്യൂമറേഷന് ഫോമുകള്‍ തിരികെ വാങ്ങുന്നത് ഇന്നും നാളെയുമായി പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
ഫോമുകളുടെ ഡിജിറ്റൈസേഷന് സമയബന്ധിതമായി ചെയ്യാന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കും. വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സംവിധാനം ഉള്‍പ്പെടെ പ്രത്യേക ക്യാമ്പുകള്‍ പ്രവര്‍ത്തിക്കും.
ബിഎല്‍ഒമാര്‍ക്ക് സഹായത്തിനായി ജീവനക്കാരെയും നിയോഗിക്കും. ജില്ലയിലെ ഇരുപതോളം ബിഎല്‍ഒമാര്‍ 15 ദിവസത്തിനുള്ളില്‍ ഫോം വിതരണവും സ്വീകരണവും ഡിജിറ്റൈസേഷനും പൂര്‍ത്തീകരിച്ചു. ഫോമുകള്‍ പൂരിപ്പിച്ച് ബിഎല്‍ഒമാര്‍ക്ക് തിരികെ നല്കാന് പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണം. അതത് വില്ലേജ് ഓഫീസുകളിലും എന്യൂമറേഷന് ഫോമുകള്‍ നല്‍കാമെന്ന് കളക്ടര്‍ അറിയിച്ചു.
മത്സരരംഗത്ത് 882 കുടുംബശ്രീക്കാരും
കോട്ടയം: ജില്ലയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കു മത്സരിക്കുന്നത് 882 കുടുംബശ്രീ അംഗങ്ങള്‍. ജില്ലാ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലങ്ങളിലേക്കാണ് കുടുംബശ്രീ വനിതകളുടെ മത്സരം.
രാഷ്ട്രീയപാര്‍ട്ടികളുടെ ഭാഗമായും സ്വതന്ത്രസ്ഥാനാര്ഥികളായുമാണ് മത്സരം. അയല്‍ക്കൂട്ട അംഗങ്ങള്‍ക്കൊപ്പം സിഡിഎസ് ചെയര്പേഴ്സണ്മാര്, സിഡിഎസ് അംഗങ്ങള്‍, ഓക്സിലറി അംഗങ്ങള്‍, ഹരിത കര്‍മസേന പ്രവര്‍ത്തകര്‍, കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവരാണ് കുടുംബശ്രീയുടെ ഭാഗമായി മത്സരരംഗത്തുള്ളത്.