വാട്ടര്‍ അഥോറിറ്റിയുടെ കടുത്തുരുത്തി ഡിവിഷന് ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കുന്നു. മോന്‍സ് ജോസഫ് എംഎല്‍എ, കെ.ഫ്രാന്‍സിസ് ജോര്‍ജ് എ
കടുത്തുരുത്തി; നിലയ്ക്കലില്‍ 20 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുളള മൂന്ന് കുടിവെളള ടാങ്ക് സ്ഥാപിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ഇതിലൂടെ ശബരിമലയിലെ കുടിവെളള പ്രശ്നത്തിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. വാട്ടര്‍ അഥോറിറ്റിയുടെ കടുത്തുരുത്തി ഡിവിഷന് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസം ഗിക്കുകയായിരുന്നു മന്ത്രി.
കേരളം വളരെ കാലമായി ഗൗരവമായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ജലലഭ്യതയെന്നും എന്നാല്‍ ഭൂഗര്‍ഭജലം കുറയുന്നതും കടലിലെ ജലനിരപ്പ് ഉയരുന്നതും ജലാശയങ്ങളിലെ വെള്ളം മലിനപ്പെടുന്നതും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വര്‍ധിക്കുന്നതും ശുദ്ധജല ദൗര്‍ലഭ്യത്തിന് കാരണമാകുന്നതായി മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ ശുദ്ധീകരിച്ച ജലം ഉപഭോക്താക്കള്‍ക്ക് എത്തിക്കാനുള്ള ദൗത്യമാണ് ജലജീവന്‍ പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കാലങ്ങളായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ജലഅഥോറിറ്റി ഓഫീസുകളാണ് ഇതോടെ ഒരു കുടക്കീഴിലായിരിക്കുന്നത്. മോന്‍സ് ജോസഫ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജോണ്സണ് കൊട്ടുകാപ്പളളി, രാജു ജോണ്‍ ചിറ്റേത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.ബി. സ്മിത, ടി.കെ. വാസുദേവന്‍ നായര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ തുടങ്ങിയവര്‍ പ്രസംഗിച്ചു.