മുട്ടം: ജൽജീവൻ മിഷൻ കുടിവെളള പദ്ധതിയുടെ ഭാഗമായി മുട്ടം പഞ്ചായത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങളെ ദുരിതത്തിലാക്കുകയാണെന്ന് ആരോപിച്ച് ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയിൽ പരാതി.
മുട്ടം സെന്റർ ഫോർ റീജണൽ സ്റ്റഡീസ് എന്ന സംഘടനയാണ് പരാതി നൽകിയത്. മീനച്ചിൽ കുടിവെള്ള പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിക്കുന്നതിന് വിവിധ വാർഡുകളിലെ റോഡ് കുത്തിപ്പൊളിച്ചിട്ട് രണ്ട് വർഷമാകാറായിട്ടും റോഡ് പുനഃസ്ഥാപിക്കുന്നതിനും ജോലികൾ വേഗത്തിലാക്കുന്നതിനും ജൽജീവൻ മിഷൻ അധികൃതർ ഗുരുതരമായ അലംഭാവമാണ് കാണിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
മുട്ടം കോടതിക്കവലയിലെ റോഡ് കുത്തിപ്പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും തുടർപ്രവർത്തനങ്ങൾ പൂർണമായും സ്തംഭിച്ച നിലയിലാണ്. ഇവിടെ ഒരു മീറ്റർ വ്യാസത്തിലുളള പൈപ്പുകൾ സ്ഥാപിക്കുന്നതിന് രണ്ട് മീറ്ററോളം വ്യാസത്തിലാണ് റോഡ് കുത്തിപ്പൊളിച്ചത്. ഏതാനും ഭാഗത്ത് പൈപ്പുകൾ സ്ഥാപിച്ച് മണ്ണിട്ട് നികത്തിയെങ്കിലും റോഡിലാകമാനം വലിയ കിടങ്ങുകൾ രൂപപ്പെട്ട് അപകട ഭീതിയിലാണ്. രണ്ടാഴ്ചയോളമായി ഒരു നിർമാണ പ്രവർത്തനവും നടക്കുന്നില്ല.
യന്ത്രസാമഗ്രികളും വാഹനങ്ങളും റോഡിൽ കൂട്ടിയിട്ടിരിക്കുന്നതിനാൽ ഗതാഗതതടസം നേരിടുകയാണ്. വാഹനാപകടങ്ങളും ഇവിടെ തുടർസംഭവങ്ങളാണ്. ചൊവ്വാഴ്ച ഓട്ടോ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. റോഡിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശമാണിവിടം. മീനച്ചിൽ കുടിവെള്ള പദ്ധതിക്കായി തോട്ടുങ്കര -ചള്ളാവയൽ റോഡ് കുത്തിപ്പൊളിച്ചതും അറ്റകുറ്റപ്പണി നടത്താനും ജൽജീവൻ മിഷൻ അധികൃതർ താത്പര്യം കാട്ടുന്നില്ലെന്ന് പരാതിയിൽ പറയുന്നു.
Tags : Water nattuvisesham local news