രഞ്ജു പോൾ (യുഡിഎഫ്), കെ.എൻ. സലിജ (എൽഡിഎഫ്), ഇ.പി. ഝാൻസി (എൻഡിഎ)
അന്തിക്കാട്: തൊഴിലാളിസമരങ്ങളുടെ ചരിത്രമുള്ള അന്തിക്കാടൻമണ്ണിൽ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട പ്രചാരണത്തിൽ മുന്നണികൾ. പുഴയ്ക്കൽ, അന്തിക്കാട് ഡിവിഷനുകൾ പാതിയോളം ചേർന്നതാണ് അന്തിക്കാട് ഡിവിഷൻ. അന്തിക്കാട് പഞ്ചായത്തിലെ ആറു വാർഡുകളും മണലൂർ പഞ്ചായത്തിലെ 15 വാർഡുകളും അരിന്പൂർ പഞ്ചായത്തിലെ 20 വാർഡുകളും അടാട്ട് പഞ്ചായത്തിലെ ഏഴു വാർഡുകളും ഉൾപ്പെടെ 49 വാർഡുകളാണ് പുതിയ അന്തിക്കാട് ഡിവിഷനിലുള്ളത്. നേരത്തേ പുഴയ്ക്കൽ ബ്ലോക്കിൽ യുഡിഎഫിന്റെ ജിമ്മി ചൂണ്ടലും അന്തിക്കാട് ഡിവിഷനിൽ എൽഡിഎഫിന്റെ വി.എൻ. സുർജിത്തുമാണു വിജയിച്ചത്.
രണ്ടു ഡിവിഷനുകളും കൂട്ടിച്ചേർത്തതോടെ കാറ്റ് എങ്ങോട്ടു വീശുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നടപ്പാക്കിയ 11.91 കോടിയുടെ വികസനങ്ങളും, നിലച്ചുപോയ കണ്ടശാംകടവ് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ജലോത്സവം ജില്ലാ പഞ്ചായത്തിനെക്കൊണ്ട് ഏറ്റെടുപ്പിച്ചു നടപ്പാക്കിയതും സ്കൂളുകൾക്കു കെട്ടിടമുൾപ്പെടെ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയതുമുൾപ്പെടെയുള്ള വികസനപ്രവർത്തനങ്ങൾ വിജയസാധ്യത വർധിപ്പിക്കുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.
കാർഷികമേഖലയിലെ വികസനമുരടിപ്പും കുടിവെള്ള- ഗതാഗതപ്രശ്നങ്ങളും ഡിവിഷൻ പുനർനിർണയവും വോട്ടായി മാറുമെന്ന് യുഡിഎഫും വിലയിരുത്തുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അന്തിക്കാട് ഉൾപ്പടെ ഒട്ടേറെ ബൂത്തുകളിൽ ഒന്നാംസ്ഥാനത്തെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് എൻഡിഎ സ്ഥാനാർഥി.
എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎമ്മിലെ കെ.എൻ. സലിജയാണ് മത്സരിക്കുന്നത്. അരിന്പൂർ പഞ്ചായത്തിലെ ക്യാപ്റ്റൻ ലക്ഷ്മി അങ്കണവാടിയിൽ 17 വർഷമായി പ്രവർത്തിക്കുന്നു. അഞ്ചുവർഷം പതിനാലാം വാർഡിലെ ജനപ്രതിനിധിയും സിപിഎം കൈപ്പള്ളി കിഴക്ക് ബ്രാഞ്ച് അംഗവും മഹിളാ അസോസിയേഷൻ അരിന്പൂർ മേഖലാ പ്രസിഡന്റുമാണ്.
തൃശൂർ കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകയായ മനക്കൊടി സ്വദേശി രഞ്ജു പോൾ ആണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി തൃശൂർ സിറ്റി ജില്ലാ സെക്രട്ടറി ചെമ്മാപ്പിള്ളി സ്വദേശി ഇ.പി. ഝാൻസിയാണ് എൻഡിഎ സ്ഥാനാർഥി.
മഹിളാമോർച്ച തൃശൂർ ജില്ലാ പ്രസിഡന്റ്, ബിജെപി ജില്ലാ കമ്മിറ്റി അംഗം, മഹിളാമോർച്ച നാട്ടിക മണ്ഡലം സെക്രട്ടറി, മഹിളാ മോർച്ച താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ച ഝാൻസി, ഇൻഷ്വറൻസ് സ്ഥാപനത്തിലെ സെയിൽസ് മാനേജരാണ്.