ഇരിട്ടി: കാക്കയങ്ങാട് പാലപ്പുഴയിൽ പഴശിരാജ കളരി അക്കാദമിക്ക് സമീപം കാട്ടാനയെത്തി കൃഷികൾ നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയിലും ഇന്നലെ പുലർച്ചയുമായി എത്തിയ രണ്ടു കാട്ടാനകളാണ് മണിക്കൂറുകളോളം കളരി അക്കാദമിയുടെ പരിസരത്ത് നാശം വിതച്ചത്. മണിക്കൂറുകൾ ഇവിടെ ചുറ്റിത്തിരിഞ്ഞ കാട്ടാനകൾ തെങ്ങ് ഉൾപ്പെടെ കൃഷികൾ നശിപ്പിച്ചു. കൃഷിക്കായി സൂക്ഷിച്ചിരുന്ന 60 തെങ്ങിൻ തൈകളാണ് ആനകൾ നശിപ്പിച്ചത്.
ആറളം ഫാമിൽ നിന്നും പുഴകടന്നെത്തിയ കാട്ടാനകളാ ണ് നാശം വിതച്ചത്. ഒരാഴ്ച മുൻപാണ് ഇരിട്ടി ടൗണിന് സമീപം കാട്ടാന എത്തിയിരുന്നത്. ഇതിനെ വനപാലകർ ആറളം ഫാമിലേക്ക് തുരത്തിയിരുന്നു. ചൊവ്വാഴ്ച ആറളം പുനരധിവാസ മേഖലയിൽ നടത്തിയ ഓപ്പറേഷൻ ഗജമുക്തി വിജയിച്ചിരുന്നില്ല.
കാട്ടിലേക്ക് തുരത്തിയ ആന കാട്ടിലേക്ക് കയറാതെ തിരികെ പോയിരുന്നു. അതുപോലെ തന്നെ ആറളം ഫാമിന്റെ കൃഷിയിടത്തിലെ ആനകളെ വനത്തിലേക്ക് തുരത്തണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിക്കാതെ പോകുകയാണ്. ഫാമിനോട് ചേർന്ന ജനവാസ മേഖലയിൽ ആനകളുടെ ശല്യം അതിരൂക്ഷമാണ്.
ഇരിട്ടി ടൗണിലും കാട്ടാനയുടെ കാൽപ്പാടുകൾ
ഇരിട്ടി: ഇരിട്ടി ടൗണിനോട് ചേർന്ന സ്ഥലത്ത് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടെത്തി. പുതിയ ബസ് സ്റ്റാൻഡിന് സമീപം പഴശി പദ്ധതിയുടെ ചതുപ്പ് പ്രദേശത്താണ് ആനയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്.
പശുക്കളെ തീറ്റാൻ എത്തിയ ആളാണ് ആനയുടെ കാൽപ്പാടുകൾ കണ്ടത്. തുടർന്ന് പ്രദേശവാസികളെയും വനംവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു. ചതുപ്പിൽ ആഴത്തിൽ കാൽപ്പാടുകൾ പതിഞ്ഞ നിലയിലാണ്. കഴിഞ്ഞയാഴ്ച ജബ്ബാർക്കടവ് പാലത്തിന് സമീപമെത്തിയ കാട്ടാനയാകാം ടൗണിലുമെത്തിയതെന്നാണ് വനംവകുപ്പ് നിഗമനം.
Tags : nattu vishesham Wildfires agriculture