ചമ്പക്കുളം: ബ്ലോക്ക് പഞ്ചായത്തിലെ ആറു ഗ്രാമ പഞ്ചായത്തുകളിൽ എടത്വ ഒഴികെ മറ്റെല്ലാ പഞ്ചായത്തുകളിലും നിലവിലിരുന്ന ഭരണസമിതിക്ക് എതിരായ വിധിയെഴുത്ത്. കഴിഞ്ഞ അരനൂറ്റാണ്ടായി കൈനകരി അടക്കിഭരിച്ച സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം തറപറ്റി.
യുഡിഫ് ഭരിച്ചിരുന്ന നെടുമുടി എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ ചമ്പക്കുളം യുഡിഎഫ് സ്വന്തമാക്കി. തകഴി, തലവടി എന്നിവിടങ്ങളിൽ യൂഡി എഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ എടത്വ വ്യക്തമായ മുൻതൂക്കത്തിൽ യൂഡിഎഫ് നിലനിർത്തി.
തകഴി പഞ്ചായത്തിൽ അഞ്ചു സീറ്റുകളിൽ വിജയിച്ച ബിജെപി, തലവടിയിൽ മൂന്നിലും എടത്വയിലും ചമ്പക്കുളത്തും ഓരോ സീറ്റിലും വിജയം നേടി.
ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിന് വ്യക്തമായ മുൻതൂക്കം ലഭിച്ചു. കഴിഞ്ഞ തവണ ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും തുല്യം സീറ്റുകളിലാണ് വിജയിച്ചിരുന്നത്.
രാവിലെ എട്ടിന് ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച വോട്ടെണ്ണലിലെ ആദ്യ ഫലം 8.45 ഓടു കൂടിയെത്തി. സ്വതന്ത്ര സ്ഥാനാർഥിയുടെ വിജയവാർത്തയായിരുന്നു ആദ്യമെത്തിയത്. ചമ്പക്കുളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി അനിയൻ കുഞ്ഞിന്റെ വിജയം. തുടർന്ന് കൃത്യമായ ഇടവേളകളിൽ ആറു ഗ്രാമ പഞ്ചായത്തുകളിലേയും വിജയ വിവരങ്ങൾ പുറത്തു വന്നു . ചമ്പക്കുളം ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ വിജയിയെ തീരുമാനിക്കാൻ നറുക്കെടുപ്പ് വേണ്ടി വന്നു. ഉച്ചക്ക് ഒന്നിനു മുന്പായി വോട്ടെണ്ണൽ പൂർത്തിയായി.
Tags : Kuttanad