x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

05
NOV
2025

മ​മ്മൂ​ട്ടി; താങ്കളൊരു മ​നു​ഷ്യ​നാ​ണോ?

Editorial Audio


Published: November 5, 2025 12:00 AM IST | Updated: November 10, 2025 01:40 PM IST

അ​ഭി​ന​യ​ത്തി​ൽ ന​ടീ​ന​ട​ന്മാ​ർ സ്വ​ന്തം പേ​രു​ള്ള ദേ​ഹം വെ​ടി​യു​ന്പോ​ഴാ​ണ് അ​ന​ശ്വ​ര ക​ഥാ​പാ​ത്ര​ങ്ങ​ളു​ണ്ടാ​കു​ന്ന​ത്. പൂ​ർ​ണ​ത​യു​ടെ അ​ത്ത​രം മു​ഹൂ​ർ​ത്ത​ങ്ങ​ളി​ൽ കാ​ണി​ക​ളും രൂ​പാ​ന്ത​രം പ്രാ​പി​ക്കും. അ​വ​ർ മു​ഖ​ഭാ​വം മാ​റ്റു​ക മാ​ത്ര​മ​ല്ല, സം​ഭാ​ഷ​ണ​ങ്ങ​ളും ച​മ​യ്ക്കും.

നേ​രി​യ വെ​ളു​പ്പി​ൽ തെ​ളി​ഞ്ഞൊ​രു നി​ഴ​ലാ​യി ഭ​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കെ കൊ​ടു​മ​ൺ പോ​റ്റി ഒ​രു വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി: “ഇ​ത് ഭ്ര​മ​യു​ഗാ... ക​ലി​യു​ഗ​ത്തി​ന്‍റെ ഒ​രു അ​പ​ഭ്രം​ശം.” അ​പ്പോ​ൾ ക​ഥാ​പാ​ത്രാ​വി​ഷ്‌​ട​രാ​യ പ്രേ​ക്ഷ​ക​ർ സി​നി​മ​യു​ടെ ഭാ​ഗ​മാ​യി തി​രി​ച്ചു​ചോ​ദി​ച്ചു: “ഇ​യാ​ളൊ​രു മ​നു​ഷ്യ​നാ​ണോ‍?” പൈ​ശാ​ചി​ക​മാ​യൊ​രു ചി​രി​യോ​ടെ അ​തി​നു​ത്ത​രം പ​റ​ഞ്ഞി​ട്ടാ​ണ് പോ​റ്റി സി​നി​മ​യ്ക്കു തീ​യി​ടു​ന്ന​ത്.

‘ഭ്ര​മ​യു​ഗ’​ത്തി​ൽ പോ​റ്റി​യാ​യി വേ​ഷ​മി​ട്ട മ​മ്മൂ​ട്ടി​ക്കു മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചി​രി​ക്കു​ന്നു. പോ​റ്റി​ക്കു മു​ന്പ് അം​ബേ​ദ്ക​ർ, പൊ​ന്ത​ൻ​മാ​ട, പ​ഴ​ശി രാ​ജ, വി​ധേ​യ​നി​ലെ ഭാ​സ്ക​ര പ​ട്ടേ​ല​ർ, പാ​ലേ​രി മാ​ണി​ക്യ​ത്തി​ലെ അ​ഹ​മ്മ​ദ് ഹാ​ജി, പു​ഴു​വി​ലെ കു​ട്ട​ൻ, ന​ൻ​പ​ക​ൽ നേ​ര​ത്തു മ​യ​ക്ക​ത്തി​ലെ ജ​യിം​സും സു​ന്ദ​ര​വും... അ​ഭി​ന​ന്ദി​ക്കു​ന്നു മ​മ്മൂ​ക്കാ, നി​ങ്ങ​ളി​ലെ ന​ട​ൻ ലോ​ക​സി​നി​മ​യി​ൽ ത​ന്നെ മ​ല​യാ​ള​ത്തി​നൊ​രു വി​ലാ​സ​മു​ണ്ടാ​ക്കി​യി​രി​ക്കു​ന്നു.

27 വ​ർ​ഷം മു​ന്പാ​ണു മ​മ്മൂ​ട്ടി​ക്കു പ​ത്മ​ശ്രീ ല​ഭി​ച്ച​ത്. മൂ​ന്നു ത​വ​ണ ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ചു. ഏ​ഴു ത​വ​ണ മി​ക​ച്ച ന​ട​നാ​യും ഒ​രി​ക്ക​ൽ സ​ഹ​ന​ട​നാ​യും സം​സ്ഥാ​നം ആ​ദ​രി​ച്ചു. മ​റ്റ​നേ​കം പു​ര​സ്കാ​ര​ങ്ങ​ളും ല​ഭി​ച്ചു. അ​തി​നി​ടെ നാ​നൂ​റി​ല​ധി​കം സി​നി​മ​ക​ൾ. ചി​ല​തൊ​ക്കെ മ​മ്മൂ​ട്ടി അ​ഭി​ന​യി​ക്കു​ക​യാ​ണ് എ​ന്നു തോ​ന്നി​ക്കു​ന്ന​തു​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, എ​ല്ലാ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം നി​ന്നു​കൊ​ടു​ത്തു.

2000ൽ ​ജ​ബ്ബാ​ർ പ​ട്ടേ​ലി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ‘ഡോ. ​ബാ​ബാ സാ​ഹേ​ബ് അം​ബേ​ദ്ക​ർ’ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ മ​മ്മൂ​ട്ടി ലോ​ക​ത്തെ മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളു​ടെ നി​ല​വാ​ര​ത്തി​ലാ​യി​രു​ന്നു. 1992ൽ ​വി​ജി ത​ന്പി സം​വി​ധാ​നം ചെ​യ്ത ‘സൂ​ര്യ​മാ​ന​സ’​ത്തി​ലെ പു​ട്ട് ഉ​റു​മീ​സാ​യി മി​ക​ച്ച അ​ഭി​ന​യം കാ​ഴ്ച​വ​ച്ച മ​മ്മൂ​ട്ടി​യെ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം അം​ബേ​ദ്ക​റാ​യി ക​ണ്ട​വ​ർ​ക്ക​റി​യാം, മ​മ്മൂ​ട്ടി​യെ​ന്ന ന​ട​ൻ ആ​രാ​ണെ​ന്ന്.

2009ൽ ​പ​ഴ​ശി രാ​ജ, 2010ൽ ​പാ​ലേ​രി മാ​ണി​ക്യ​ത്തി​ലെ മു​രി​ക്കി​ൻ​ചോ​ട്ടി​ൽ അ​ഹ​മ്മ​ദ് ഹാ​ജി, ഹ​രി​ദാ​സ്, ഖാ​ലി​ദ് അ​ഹ​മ്മ​ദ് എ​ന്നീ മൂ​ന്നു ക​ഥാ​പാ​ത്ര​ങ്ങ​ൾ, അ​തേ വ​ർ​ഷം കു​ട്ടി​സ്രാ​ങ്ക്, പ്രാ​ഞ്ചി​യേ​ട്ട​ൻ ആ​ൻ​ഡ് സെ​യി​ന്‍റി​ലെ ചെ​റ​മ്മ​ൽ ഈ​നാ​ശു ഫ്രാ​ൻ​സി​സ്, 2022ൽ ​ഭീ​ഷ്മ​പ​ർ​വ​ത്തി​ലെ മൈ​ക്കി​ൾ, അ​തേ വ​ർ​ഷം ‘പു​ഴു’​വി​ലെ കു​ട്ട​ൻ, 2023ൽ ​റോ​ഷാ​ക്കി​ലെ ലൂ​ക്ക് ആ​ന്‍റ​ണി, ന​ൻ​പ​ക​ൻ നേ​ര​ത്ത് മ​യ​ക്ക​ത്തി​ലെ ജെ​യിം​സും സ​ന്ദ​ര​ൻ എ​ന്ന ത​മി​ഴ​നി​ലേ​ക്കു​ള്ള ഭാ​വ​പ്പ​ക​ർ​ച്ച​യും, 2014ൽ ​കാ​ത​ൽ സി​നി​മ​യി​ലെ മാ​ത്യു ദേ​വ​സി...

ഇ​ങ്ങ​നെ ചി​ല​തൊ​ക്കെ സൂ​ചി​പ്പി​ക്കാ​മെ​ന്ന​ല്ലാ​തെ മ​മ്മൂ​ട്ടി എ​ന്ന ന​ട​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കേ നി​ർ​വ​ചി​ക്കാ​നാ​കൂ. ഭ്ര​മ​യു​ഗ​ത്തി​ൽ, കൊ​ടു​മ​ൺ മ​ന​യി​ലെ ക​റു​പ്പി​ലും വെ​ളു​പ്പി​ലും വി​ള​യാ​ടു​ന്ന മ​മ്മൂ​ട്ടി കാ​ഴ്ച​ക്കാ​രി​ലേ​ക്കു കൊ​ടു​മ​ൺ പോ​റ്റി​യെ ഈ​വി​ധം കു​ടി​യി​രു​ത്തു​മെ​ന്ന് ആ​രെ​ങ്കി​ലും ക​രു​തി​യ​താ​ണോ? 74-ാം വ​യ​സി​ൽ അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

കൗ​തു​ക​ങ്ങ​ളും ഉ​ള്ള​താ​ണ് ഇ​ത്ത​വ​ണ​ത്തെ അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫെ​റ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഫാ​സി​ൽ മു​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്ത ചി​ത്രം ‘ഫെ​മി​നി​ച്ചി ഫാ​ത്തി​മ’​യി​ലെ അ​ഭി​ന​ത്തി​നാ​ണ് ഷം​ല ഹം​സ​യ്ക്ക് മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ച​ത്. ചി​ത്രം മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്ര​വും ഫാ​സി​ൽ മു​ഹ​മ്മ​ദ് മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​മാ​യി. മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് എ​ന്ന ചി​ത്ര​ത്തി​നു 10 അ​വാ​ർ​ഡു​ക​ളാ​ണ് ല​ഭി​ച്ച​ത്.

ഇ​വ​രു​ൾ​പ്പെ​ടെ എ​ല്ലാ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു. പു​തു​ത​ല​മു​റ​യാ​ണ് ഇ​ത്ത​വ​ണ അ​വ​ർ​ഡ് എ​ല്ലാം കൊ​ണ്ടു​പോ​യ​തെ​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞ​പ്പോ​ൾ മ​മ്മൂ​ട്ടി​യു​ടെ മ​റു​പ​ടി, “ഞാ​നെ​ന്താ പ​ഴ​യ​താ​ണോ” എ​ന്നാ​യി​രു​ന്നു. അ​റി​യി​ല്ല മ​മ്മൂ​ക്കാ, നി​ങ്ങ​ൾ പ​ഴ​യ​തോ പു​തി​യ​തോ എ​ന്ന​ല്ല, ഏ​തു നി​മി​ഷ​വും ഒ​ന്നി​ൽ​നി​ന്നു മ​റ്റൊ​ന്നി​ലേ​ക്കു പോ​കാ​നും തി​രി​ച്ചെ​ത്താ​നും ശേ​ഷി​യു​ള്ളൊ​രു ന​ട​നാ​ണ്. ബാ​ക്കി​യെ​ല്ലാം ഉ​ട​യാ​ട​ക​ളാ​ണ്. അ​തു ക​ണ്ടി​ട്ടാ​ണ്, പ്രേ​ക്ഷ​ക​ർ കൊ​ടു​മ​ൺ പോ​റ്റി​യോ​ടെ​ന്ന​പോ​ലെ മ​മ്മൂ​ട്ടി​യോ​ടും ചോ​ദി​ക്കു​ന്ന​ത്, ഇ​യാ​ളൊ​രു മ​നു​ഷ്യ​നാ​ണോ എ​ന്ന്.

ഇ​റ്റാ​ലി​യ​ൻ വം​ശ​ജ​നാ​യ അ​മേ​രി​ക്ക​ൻ ച​ല​ച്ചി​ത്ര​കാ​ര​ൻ മാ​ർ​ട്ടി​ൻ സ്കോ​സെ​സി പ​റ​യു​ന്ന​ത്, ഫ്രെ​യി​മി​ന​ക​ത്തും പു​റ​ത്തു​മു​ള്ള​താ​ണ് സി​നി​മ എ​ന്നാ​ണ്. മ​മ്മൂ​ട്ടി​യു​ടെ നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ൾ ഫ്രെ​യി​മു​ക​ളി​ൽ​നി​ന്ന് തി​യ​റ്റ​റി​ലേ​ക്കും അ​വി​ടെ​നി​ന്ന് പ്രേ​ക്ഷ​ക​രി​ലൂ​ടെ പു​റ​ത്തേ​ക്കും പോ​യി. ഉ​ള്ളി​ലി​രു​ന്നു വി​ങ്ങു​ന്ന കൂ​ടു​ത​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ഴി​ച്ചു​വി​ടാ​ൻ ഈ ​അ​വാ​ർ​ഡും താ​ങ്ക​ളെ സ​ഹാ​യി​ക്ക​ട്ടെ.

Tags : mammotty

Recent News

Up