Editorial Audio
സ്ഫോടനാത്മകമായ വാർത്തകൾ നിർവികാരമായി, ചിലപ്പോൾ ഒരു ചായ ഊതിക്കുടിച്ചുകൊണ്ട് ആസ്വദിച്ചു വായിക്കാനോ കേൾക്കാനോ കഴിയുന്നിടത്തേക്ക് നാം പ്രവേശിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ അത്തരം വാർത്തകളിൽ ഒന്ന് അമേരിക്ക ആസ്ഥാനമായുള്ള ഇന്ത്യ ഹെയ്റ്റ് ലാബിന്റേതായിരുന്നു. ഇന്ത്യയിൽ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷപ്രസംഗങ്ങളിൽ വലിയ വർധനയുണ്ടായിരിക്കുന്നു.
88 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. രണ്ടാമത്തെ വാർത്ത യുഎസ് ഹോളോകോസ്റ്റ് മ്യൂസിയത്തിന്റേതാണ്. ഇന്ത്യയിൽ രണ്ടു വർഷത്തിനകം കൂട്ടക്കൊലകൾക്കു സാധ്യതയുണ്ടെന്നും 168 രാജ്യങ്ങളുടെ സാധ്യതാ പട്ടികയിൽ നാലാം സ്ഥാനത്ത് ഇന്ത്യയാണെന്നുമാണ് റിപ്പോർട്ട്. ഏതാനും വർഷങ്ങളായി രാജ്യത്തു ദൃശ്യമായിരുന്ന മാറ്റങ്ങളാണ് പുതിയ തലത്തിലെത്തിയിരിക്കുന്നത്.
സർക്കാർ എവിടെ എന്ന യാന്ത്രിക ചോദ്യത്തിനൊപ്പം പ്രതിപക്ഷങ്ങൾ, മാധ്യമങ്ങൾ, കോടതികൾ, മതനേതൃത്വങ്ങൾ, മതേതര പ്രസ്ഥാനങ്ങൾ ഒക്കെ എവിടെയെന്ന നിരാശാഭരിതമായ ചോദ്യവും ഉയരുന്നു. മുകളിൽ പറഞ്ഞ രണ്ടു വാർത്തകളും പരസ്പരബന്ധിതമാണ്. വിദ്വേഷപ്രസംഗങ്ങളും ഭരണകൂട നിഷ്ക്രിയതയുമാണ് ആൾക്കൂട്ട ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും കാരണം.
2025ൽ 1,318 വിദ്വേഷപ്രസംഗങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2024ലെ 1,165 സംഭവങ്ങളെ അപേക്ഷിച്ച് 13 ശതമാനം വർധന. 2023ലെ 668 സംഭവങ്ങളെ കണക്കിലെടുത്താൽ 97 ശതമാനത്തിന്റെ വർധന. 2024 മുതൽ മുസ്ലിംകൾക്കെതിരായ വിദ്വേഷപ്രസംഗങ്ങളിൽ 12 ശതമാനം വർധനയുണ്ടായി. ക്രിസ്ത്യാനികൾക്കെതിരായ വിദ്വേഷപ്രസംഗങ്ങളിൽ മുൻ വർഷത്തേക്കാൾ ഏകദേശം 41 ശതമാനത്തിന്റെ വർധന.
88 ശതമാനവും, അതായത് 1,318 വിദ്വേഷപ്രസംഗ സംഭവങ്ങളിൽ 1,164 എണ്ണവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു. ഹിന്ദുത്വ സംഘടനാ-രാഷ്ട്രീയ നേതാക്കൾ, മുസ്ലിംകളെയും ക്രിസ്ത്യാനികളെയും അവിശ്വസ്തരും ദേശവിരുദ്ധരും അപകടകാരികളും ജനസംഖ്യാഭീഷണി ഉയർത്തുന്നവരുമായി ചിത്രീകരിക്കാൻ, ഭയപ്പെടുത്തുന്ന ആഖ്യാനങ്ങൾ ഉപയോഗിക്കുന്നു.
ഇത്തരം ആഖ്യാനങ്ങൾ ഇപ്പോൾ പൊതുചർച്ചകളുടെയും തെരഞ്ഞെടുപ്പിന്റെയും ദേശസുരക്ഷയുടെയും മുഖ്യ പ്രമേയമാകുകയും ചെയ്തിരിക്കുന്നു. വിദ്വേഷപ്രസംഗത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഒന്നാമതും വിഎച്ച്പി ദേശീയ അധ്യക്ഷൻ പ്രവീൺ തെഗാഡിയ രണ്ടാമതുമുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥുമൊക്കെ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിൽ ഇല്ലെങ്കിലും, പ്രസംഗത്തെ വിദ്വേഷകലയാക്കിയവർ കേരളത്തിലും എത്ര സ്വതന്ത്രരാണ്!
വിദ്വേഷപ്രചാരണം നമ്മെ എവിടെയെത്തിക്കുമെന്നതിന്റെ സൂചകമാണ് രണ്ടാമത്തെ റിപ്പോർട്ട്. ഹോളോകോസ്റ്റ് മെമ്മോറിയൽ മ്യൂസിയം റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ രണ്ടു വർഷത്തിനകം കൂട്ടക്കൊലകൾക്ക് 7.5 ശതമാനം സാധ്യതയുണ്ട്. വംശം, മതം, രാഷ്ട്രീയം, ഭൂമിശാസ്ത്രം എന്നിവ സായുധസംഘങ്ങൾ നടത്തുന്ന കൂട്ടക്കൊലകൾക്കു കാരണമാകാം. കൂട്ടക്കൊലകള്‍ നടക്കാന്‍ സാധ്യത കൂടുതലുള്ള 168 രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.
മ്യാന്മര്, ചാഡ്, സുഡാന് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു മുന്നിൽ. 2014 മുതല്‍ മ്യൂസിയം ഇത്തരം റിപ്പോര്‍ട്ടുകള്‍ ഇറക്കുന്നുണ്ട്. മ്യാന്മറില് രോഹിംഗ്യകള്‍ക്കെതിരായ വംശഹത്യയെക്കുറിച്ചും ദക്ഷിണ സുഡാനിലെയും എത്യോപ്യയിലെയും കൂട്ടക്കൊലകളെക്കുറിച്ചും മുന്നറിയിപ്പുകളുണ്ടായിരുന്നെന്നും പക്ഷേ, അവയ്ക്കെതിരേ നടപടികളുണ്ടായില്ലെന്നും റിപ്പോർട്ട് പറയുന്നു.
കൂട്ടക്കൊലകള്‍ തടയുന്നതിനുള്ള മുന്നൊരുക്കങ്ങൾക്ക് ഉദ്യോഗസ്ഥരെയും സംഘടനകളെയും സഹായിക്കുകയാണ് റിപ്പോർട്ടിന്റെ ലക്ഷ്യമെന്ന് ഗവേഷണ ഡയറക്ടര്‍ ലോറന്‍സ് വൂച്ചര്‍ ആമുഖത്തില്‍ വ്യക്തമാക്കി. യൂറോപ്പിലെ ഹോളോകോസ്റ്റ് തടയാമായിരുന്നെന്നു ചൂണ്ടിക്കാട്ടിയ വൂച്ചര്‍, മുന്നറിയിപ്പ് സൂചനകള്‍ ശ്രദ്ധിക്കുകയും നേരത്തേയുള്ള നടപടി സ്വീകരിക്കുകയും ചെയ്താൽ ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ കഴിയുമെന്നും പറഞ്ഞു.
വിദ്വേഷപ്രചാരണം വെറുതെ സംഭവിക്കുന്നതല്ല. അതിനൊരു ലക്ഷ്യമുണ്ട്. അത് അധികാരം നേടലിൽ തുടങ്ങി, അധികാരം നിലനിർത്തലും കൂട്ടക്കൊലകളും വംശഹത്യകളും പിന്നിട്ട് മതരാഷ്ട്രത്തെ വരെ ലക്ഷ്യം വയ്ക്കുന്ന ഭൂരിപക്ഷ പ്രലോഭനങ്ങൾ നിറച്ച രഥമാണ്. മുകളിൽ പറഞ്ഞ രണ്ടു റിപ്പോർട്ടുകളും ഈ സാധ്യതകൾ ഊന്നിപ്പറയുന്നതാണ്.
ഹിറ്റ്ലർ കോൺസൻട്രേഷൻ ക്യാന്പുകൾ തുടങ്ങുന്നതിനു വളരെ മുന്‍പ് വിദ്വേഷപ്രചാരണം തുടങ്ങിയിരുന്നു. ആര്യന്മാരുടെ വംശശുദ്ധിയും ഇതരവംശ വിദ്വേഷവും കുത്തിനിറച്ച മയിൻ കാംഫ് 1925ൽ പുറത്തിറക്കി. ആ വംശീയ വിചാരധാരയിൽനിന്നാണ് നാസി പാർട്ടിയെ ശക്തിപ്പെടുത്തിയത്. യഹൂദർ ശത്രുക്കളാണെന്നും രാജ്യത്തിനു ഭീഷണിയാണെന്നും സ്ഥാപിച്ചു.
ജനപിന്തുണയ്ക്കായി അവർ അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുകയും തത്സമയം വിദ്വേഷപ്രചാരണങ്ങൾ നടത്തുകയും ചെയ്തു. നുണകൾ ആവർത്തിച്ചു പറഞ്ഞു സത്യമാക്കാൻ ശ്രമിച്ച, പ്രചാരണ മന്ത്രി ജോസഫ് ഗീബൽസിന്റെ തന്ത്രമാണ് ഇന്നും പലരും ആവർത്തിക്കുന്നത്. വെറുപ്പിന്റെ പ്രവാഹങ്ങളായിരുന്നു നാസികളുടെ പ്രസംഗങ്ങളെല്ലാം.
പിന്നീടുണ്ടായതു ചരിത്രമാണ്. ഇന്ത്യയിൽ അതു സംഭവിക്കുമോയെന്നല്ല, അതിനുള്ള സാധ്യതകൾപോലും സൃഷ്ടിക്കില്ലെന്നാണ് നാം ഉറപ്പാക്കേണ്ടത്. രാജ്യമൊട്ടാകെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്പോൾ, പ്രതിരോധം പ്രസ്താവനകളിലൊതുക്കരുത്. ബിജെപി ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദം ചെലുത്തുന്പോൾ തന്നെ, അധികാരത്തിലിരുന്ന് അവർ നടത്തുന്ന വിദ്വേഷവ്യാപനത്തെ എങ്ങനെ തടയാനാകുമെന്ന് രാജ്യം ഒന്നിച്ചിരുന്നു ചിന്തിക്കേണ്ടതുണ്ട്.
ഇന്ത്യയിലെ സംഘപരിവാർ ആക്രമണങ്ങളൊക്കെ നിസാരമാണെന്നു വരുത്താൻ, വിദേശത്തെ ഇസ്ലാമിക തീവ്രാദത്തെ നോക്കാൻ പറയുന്ന വർഗീയ പോഷകസംഘടനകളെ - ന്യൂനപക്ഷ വിലാസത്തിലുള്ളതാണെങ്കിലും - വിശ്വസിക്കരുത്. ഒരു ഭ്രാന്തിനെ മറ്റൊന്നുകൊണ്ടു തടയാനാകില്ല. ഭരണഘടനയെയും കോടതികളെയും ആശ്രയിക്കണം. വർഗീയ-ആരാധനാലയ വിധികളിൽ ഒറ്റപ്പെട്ട വ്യതിയാനങ്ങളുണ്ടെങ്കിലും അന്തിമപരിഹാര സാധ്യതകളെ കൈവെടിയരുത്.
പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ന്യൂനപക്ഷ മതനേതൃത്വവും നിയമവിദഗ്ധരും അടങ്ങുന്ന സ്ഥിരം നിരീക്ഷണ-നിയമപരിഹാര സംവിധാനത്തിന് വിദ്വേഷരഥങ്ങൾ ലക്ഷ്യത്തോടടുക്കുന്പോഴെങ്കിലും നാം തയാറാകണം. ദക്ഷിണാഫ്രിക്കയിലെ വംശവെറിക്കെതിരേ പൊരുതിയ നെൽസൺ മണ്ടേലയുടെ വാക്കുകൾ കരുത്തുറ്റതും പ്രതീക്ഷ നൽകുന്നതുമാണ്.
“തൊലിനിറത്തിന്റെയോ മതത്തിന്റെയോ പേരിൽ മറ്റൊരാളെ വെറുത്തുകൊണ്ട് ആരും ജനിക്കുന്നില്ല. വെറുക്കാൻ നാം പിന്നീടു പഠിക്കുകയാണ്. വെറുക്കാൻ പഠിപ്പിക്കാമെങ്കിൽ സ്നേഹിക്കാനും പഠിപ്പിക്കാം. കാരണം, സ്നേഹം അതിന്റെ വിപരീതത്തേക്കാൾ സ്വാഭാവികമായി മനുഷ്യഹൃദയത്തിലേക്ക് വരുന്നു.” ശരിയാണ്, വിദ്വേഷം പഠിപ്പിക്കുന്നവർ ഇന്ത്യയിൽ ധാരാളമുണ്ട്.
പക്ഷേ, അതിലേറെപ്പേർ സ്നേഹം പഠിപ്പിക്കാതെ, വിദ്വേഷവിദ്യാലയങ്ങളെ തടയാതെ, നിയമപരിഹാരത്തിനു മുതിരാതെ നിഷ്ക്രിയരായിരിക്കുന്നു. കുറ്റക്കാർ അവർ മാത്രമല്ല.
Tags : EDITORIAL