Editorial Audio
ബിജെപി സർക്കാരുകളുടെ മൗനമുദ്രിത സമ്മതപത്രവുമായി അഴിഞ്ഞാടുന്ന രാജ്യവിരുദ്ധർ ഒഡീഷയിലെ ഒരു ക്രൈസ്തവനെ ചാണകം തീറ്റിച്ച് ‘ജയ് ശ്രീറാം’ വിളികളോടെ മടങ്ങിയിരിക്കുന്നു. പതിവുപോലെ ഇന്ദ്രപ്രസ്ഥം അതിശൈത്യത്തിലാണ്; ശിശിരത്തിന്റെയല്ല, വർഗീയ നിഷ്ക്രിയതയുടെ.
24 മണിക്കൂർപോലും വേണ്ട, ഭരണകർത്താക്കൾക്ക് ഈ വർഗീയവാദികളെ നിലയ്ക്കു നിർത്താൻ. പക്ഷേ, ചെയ്യില്ല. അതാണു ധ്രുവീകരണ രാഷ്ട്രീയം! ഇതര മതസ്ഥരെ വിസർജ്യം തീറ്റിക്കുന്നതിനോളം അധഃപതിച്ചിരിക്കുന്ന ഈ വർഗീയ മഹാമാരി കേരളത്തെയും തിന്നരുത്; ജാഗ്രതയുണ്ടാകണം. ഒഡീഷയിലെ ധെൻകനാൽ ജില്ലയിലെ പാർജാംഗ് ഗ്രാമത്തിൽ കഴിഞ്ഞ നാലിനു നടന്ന സംഭവം തിങ്കളാഴ്ചയാണു പുറംലോകമറിയുന്നത്.
വീട്ടിൽ പ്രാർഥനായോഗം നടക്കുന്നതിനിടെയാണ് മതപരിവർത്തനം ആരോപിച്ച് പാസ്റ്റർ ബിപിൻ ബിഹാരി നായികിനെ അവർ ആക്രമിച്ചത്. ജയ് ശ്രീറാം വിളികളുമായി എത്തിയ നാൽപ്പതംഗ ബജ്രംഗ്ദൾ സംഘമാണ് അതിക്രമം നടത്തിയതെന്നാണ് പാസ്റ്ററുടെ ഭാര്യ വന്ദന പറഞ്ഞത്. അക്രമികൾ അദ്ദേഹത്തെയും ഗ്രാമത്തിൽ ആകെയുള്ള ഏഴു ക്രൈസ്തവ കുടുംബങ്ങളിലെ അംഗങ്ങളെയും തല്ലിച്ചതച്ചു.
പാസ്റ്ററെ ക്രൂരമായി മർദിക്കുകയും ചെരുപ്പുമാല അണിയിച്ച് രണ്ടു മണിക്കൂറോളം നടത്തിക്കുകയും ചെയ്തു. ഭാര്യയും മക്കളും തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ അഭയം തേടി. കേണപേക്ഷിച്ചിട്ടും പോലീസ് സഹായത്തിനു തയാറായത് രണ്ടു മണിക്കൂർ കഴിഞ്ഞാണ്. പോലീസുമായി ഭാര്യ എത്തിയപ്പോൾ ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിൽ പാസ്റ്ററെ കൈകൾ പിന്നിൽ കെട്ടി ഇരുന്പുകന്പികൊണ്ട് ബന്ധിച്ചിരുന്നു.
മുറിവുകളിൽനിന്നു രക്തം വാർന്നുകൊണ്ടിരിക്കെ അദ്ദേഹത്തെ ചാണകം തീറ്റിക്കുകയും മർദിക്കുകയും ചെയ്തവർ ‘ജയ് ശ്രീറാം’ ഏറ്റുചൊല്ലാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടും ഒരു മണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. ഏറെ സമ്മർദത്തിനൊടുവിലാണ് കേസുപോലും എടുത്തത്. അതേസമയം, മതപരിവർത്തനം ഉന്നയിച്ച് പാസ്റ്റർ ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുക്കുകയും ചെയ്തു.
ഏതു ഹിന്ദുത്വ സംഘടനയ്ക്കും ആൾക്കൂട്ട ആക്രമണത്തിന് ഉപയോഗിക്കാൻ ബിജെപി സർക്കാരുകളുടെ ആലയിൽനിന്നു വിതരണം ചെയ്ത മതപരിവർത്തന നിരോധന നിയമമാണ് പാസ്റ്ററെ ചാണകം തീറ്റിക്കാൻ ബജ്രംഗദൾ എന്ന ന്യൂനപക്ഷവിരുദ്ധ പ്രസ്ഥാനത്തിനു ധൈര്യം പകർന്നത്. ഗ്രാമത്തിലുള്ള ചിലരും ഇതിൽ പങ്കെടുത്തു.
വർഗീയഭ്രാന്ത് മനുഷ്യരെ എത്ര വേഗമാണ് മനുഷ്യത്വമില്ലാത്തവരാക്കുന്നത്! ഒരു മുദ്രാവാക്യംകൊണ്ട് എത്ര ക്രൂരമായാണ് അത് അയൽക്കാരെയും അന്യരാക്കുന്നത്! വെറുതെ സംഭവിക്കുന്നതല്ല. ഇന്ത്യയിൽ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷപ്രസംഗങ്ങളിൽ വലിയ വർധനയുണ്ടായെന്നും അതിൽ 88 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നുമായിരുന്ന ഇന്ത്യ ഹെയ്റ്റ് ലാബ് കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്.
ആ പ്രസംഗകർക്ക് എങ്ങനെയാണ് തങ്ങൾ വളർത്തിയ വർഗീയവാദികളോട് ‘മാ നിഷാദ’ എന്നു പറയാനാകുന്നത്! യുഎസ് ഹോളോകോസ്റ്റ് മ്യൂസിയത്തിന്റെ റിപ്പോർട്ടിൽ, ഇന്ത്യയിൽ രണ്ടു വർഷങ്ങൾക്കകം കൂട്ടക്കൊലകൾക്കു സാധ്യതയുണ്ടെന്നും 168 രാജ്യങ്ങളുടെ സാധ്യതാ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണെന്നും പറയുന്നു. ആരെങ്കിലും നടുങ്ങിയോ ഈ മതേതര രാജ്യത്ത്? നമ്മുടെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ അറിഞ്ഞിട്ടുണ്ടെന്നുപോലും തോന്നുന്നില്ല.
വർഗീയമനസുകളെ ഒരുക്കുന്നത് വിഷം വമിപ്പിക്കുന്ന പ്രസംഗകലകളാണ്. അവ തടയാൻപോലും ശേഷിയില്ലാത്തവരാണ് കേരളത്തിൽ വർഗീയത അനുവദിക്കില്ലെന്നു വീരവാദം പറയുന്നത്. പാസ്റ്ററെ ക്രൂരമായി മർദിച്ചു ചാണകം തീറ്റിച്ച ഗ്രാമത്തിൽ ആകെ ഏഴു ക്രിസ്ത്യൻ കുടുംബങ്ങളാണുള്ളത്. വീടുകൾ കത്തിക്കുമെന്ന ബജ്രംഗ്ദൾ ഭീഷണിയെത്തുടർന്ന് അവരെല്ലാം മറ്റു ഗ്രാമങ്ങളിലെ ബന്ധുവീടുകളിലാണ് ജീവിക്കുന്നത്.
ആരുടേതാണ് ഈ ഇന്ത്യ? ഒരുത്തരമേയുള്ളു; നമ്മുടേതാണ്. മതേതര സമൂഹം ഉറങ്ങുന്പോഴാണ് വർഗീയത കള്ളപ്രമാണമുണ്ടാക്കി രാജ്യത്തെ തട്ടിയെടുക്കുന്നത്. ന്യൂനപക്ഷങ്ങളെ ഇത്ര അരക്ഷിതാവസ്ഥയിലാക്കിയതിൽ ഭരിക്കുന്നവർക്കൊപ്പം തങ്ങളുടെ അലസതയ്ക്കും പങ്കുണ്ടെന്നു പ്രതിപക്ഷം തിരിച്ചറിയണം. കോടതികളെ ഭരണഘടനകൊണ്ട് വിളിച്ചുണർത്തണം.
ചാണകം വെറും വിസർജ്യമാണ്; അതുപയോഗിച്ച് ഒരു സംസ്കാരത്തെ ദുർഗന്ധപൂരിതമാക്കാൻ മതരാഷ്ട്രീയത്തിന്റെ രോഗാണുവാഹകരെ അനുവദിക്കരുത്. കേരളം മുന്നിലിറങ്ങണം.
Tags : EDITORIAL