Editorial Audio
സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പാത്രം കഴുകിയത് പിആർ വർക്കാണോ തെരഞ്ഞെടുപ്പ് അഭ്യാസമാണോ എന്നതൊക്കെ രാഷ്ട്രീയക്കാർ ചർച്ചചെയ്തുകൊള്ളട്ടെ. പക്ഷേ കേരളം, പ്രത്യേകിച്ചും പുരുഷന്മാർ ഇനിയും കൈവരിച്ചിട്ടില്ലാത്ത ഒരു അടിസ്ഥാനമാന്യതയെ അതു ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അവനവന്റെ ഉച്ഛിഷ്ടമുള്ള പാത്രം മറ്റുള്ളവരെക്കൊണ്ടു കഴുകിക്കുന്നവർക്ക് അസമത്വത്തിന്റെ കറ കഴുകിക്കളയാൻ ഇതൊരു ഓർമപ്പെടുത്തലാക്കാവുന്നതാണ്. ബേബി പാത്രം കഴുകിയതിന്റെ പേരിൽ എൽഡിഎഫിനു വോട്ടു കിട്ടുമോയെന്നതാണ് മറ്റു പാർട്ടികളുടെ ആശങ്കയെങ്കിൽ, മലയാളിയുടെ നന്പർ വൺ വീരവാദങ്ങൾക്കപ്പുറത്ത് ഇങ്ങനെ മറഞ്ഞിരിക്കുന്ന അസംഖ്യം മാലിന്യങ്ങളെ ശുദ്ധീകരിക്കാൻ മുന്നിട്ടിറങ്ങി അവർക്കും വോട്ടു പിടിക്കാവുന്നതാണ്. പാത്രം കഴുകുന്നതിലും രാഷ്ട്രീയമുണ്ട്; ഉണ്ടാകണം.
സിപിഎം ഭവനസന്ദര്‍ശനത്തിന്റെ ഭാഗമായി തിങ്കളാഴ്ച കൊടുങ്ങല്ലൂരിലെത്തിയ ബേബിക്ക് നൗഷാദ് എന്നയാളുടെ അഴീക്കോട്ടെ വീട്ടിലായിരുന്നു ഭക്ഷണം. ഭക്ഷണം കഴിച്ച് പാത്രവുമായി എഴുന്നേറ്റപ്പോള്‍ വീട്ടുകാർ തടഞ്ഞെങ്കിലും പാത്രം സ്വന്തമായി കഴുകുന്നതാണ് തന്റെ ശീലമെന്നുപറഞ്ഞ് അദ്ദേഹം തനിയെ ചെയ്തു.
അതുകേട്ടപ്പോള്‍ എതിര്‍ത്തില്ലെന്നും ബഹുമാനം തോന്നിയെന്നുമാണ് വീട്ടുകാർ പറഞ്ഞത്. ശ്രദ്ധേയമായ മറ്റൊരു കാര്യം, അദ്ദേഹം പാത്രം കഴുകിയതോടെ പിന്നാലെ എഴുന്നേറ്റ മറ്റുള്ളവരും അതുതന്നെ ചെയ്തു എന്നതാണ്. പ്രധാന വ്യക്തികളുടെ ചെയ്തികളെ മറ്റുള്ളവർ കൂടുതൽ ശ്രദ്ധിക്കും. സ്ത്രീകൾ പാത്രം കഴുകുന്നത് മക്കൾ ഉൾപ്പെടെ ആരും ശ്രദ്ധിക്കുകയോ അതിലെന്തെങ്കിലും പ്രത്യേകത ഉള്ളതായി കരുതുകയോ ഇല്ല.
പക്ഷേ, കുടുംബനാഥൻ അതു ചെയ്യുന്പോൾ മക്കൾ അതു ശ്രദ്ധിക്കുക മാത്രമല്ല, അനുകരിക്കാൻ നിർബന്ധിതരാകുകയും ചെയ്യും. ഭക്ഷണബാക്കിയുള്ള പാത്രങ്ങൾ വീട്ടിലെ സ്ത്രീകൾക്കുവേണ്ടി ഉപേക്ഷിച്ചുപോകുന്ന നിരവധി കുടുംബങ്ങൾ ഇപ്പോഴുമുള്ളതിനാലാണ് കേരളത്തിൽ ഇതൊരു വാർത്തയായത്.
വീട്ടിലായാലും പാര്‍ട്ടി ഓഫീസിലായാലും ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകുന്ന എത്ര നേതാക്കളുണ്ടാകും? എത്ര പാർട്ടിക്കാരെക്കുറിച്ച് ഇങ്ങനെ പറയാനാകും? ഇതേക്കുറിച്ചുള്ള സമൂഹമാധ്യമ കമന്റുകളിലൊന്ന്, “അച്ഛന് മുറ്റമടിച്ചാലും അമ്മ മുറ്റമടിച്ചാലും ഏട്ടന് മുറ്റമടിച്ചാലും ചൂല് പിണങ്ങില്ലാ’’ എന്ന ഒന്നാം ക്ലാസ് പാഠത്തിലെ വരികളാണ്. സമത്വത്തിന്റെ വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കാൻ ഈ ചർച്ച നിമിത്തമാക്കാവുന്നതാണ്.
പാത്രം കഴുകുന്നിടത്ത്, ശൗചാലയം വൃത്തിയാക്കുന്നിടത്ത്, മുറ്റമടിക്കുന്നിടത്ത്, തുണി അലക്കുന്നിടത്ത്, പാചകം ചെയ്യുന്നിടത്ത്... കാണാതായ കുടുംബാംഗങ്ങൾ എത്രയുംവേഗം ഹാജരാകേണ്ടതാണ്. ശുചിത്വം, മാലിന്യനിർമാർജനം, തുല്യത, യഥാർഥ സ്ത്രീശക്തീകരണം, പരസ്പരബഹുമാനം തുടങ്ങിയ കാര്യങ്ങൾ വീടുകളിൽനിന്നും വിദ്യാലയങ്ങളിൽനിന്നുമാണ് പഠിക്കേണ്ടത്.
ഉച്ചഭക്ഷണ പാത്രങ്ങൾ മുന്‍പ് കുട്ടികൾതന്നെ സ്കൂളുകളിൽ കഴുകുന്ന സന്പ്രദായമുണ്ടായിരുന്നു. പക്ഷേ, അന്നു വീട്ടിൽ കുട്ടികളെക്കൊണ്ട് അതു ചെയ്യിക്കാതിരുന്നതുകൊണ്ട് അതൊരു ശീലമായില്ല. ഇപ്പോൾ ജലക്ഷാമം ചൂണ്ടിക്കാട്ടി പല സ്കൂളുകളും അത് അനുവദിക്കുന്നില്ല. പക്ഷേ, വീട്ടിലെത്തിയാലുടൻ കുട്ടികളെക്കൊണ്ട് അതു കഴുകിക്കുന്നതിൽ ചില മാതാപിതാക്കളെങ്കിലും പരാജയപ്പെട്ടിട്ടുണ്ട്. അവർ, നാളെ അതു ചെയ്യില്ല.
നമ്മുടെ സമഗ്രഗുണമേന്മാവിദ്യാഭ്യാസം പാഠങ്ങളിലും പ്രസംഗങ്ങളിലും ഒതുങ്ങിപ്പോയി. ജപ്പാനിൽ രാവിലെ സ്കൂളിലെത്തിയാൽ ഉപയോഗിക്കുന്ന ചെരിപ്പ്, പുറത്ത് വിദ്യാർഥിയുടെ പേരെഴുതിയ ബോക്സിൽ വയ്ക്കണം. ക്ലാസിൽ വേറെ ചെരിപ്പാണ് ഉപയോഗിക്കുന്നത്. ആഴ്ചയിലൊരിക്കൽ ചെരിപ്പ് സൂക്ഷിക്കുന്ന പെട്ടി വീട്ടിൽ കൊണ്ടുപോയി ശുചിയാക്കണം.
ഓരോ ദിവസവും ക്ലാസ് മുറി വൃത്തിയാക്കിയശേഷമാണ് ചെറിയ ക്ലാസിലെ കുട്ടികളും വീട്ടിലേക്കു പോകുന്നത്. വീട്ടിലും ഇതിനു തുടർച്ചയുണ്ട്. ആരു കണ്ടാലും ഇല്ലെങ്കിലും അവർ മാലിന്യം വലിച്ചെറിയില്ല. ലോകകപ്പിൽ ഉൾപ്പെടെ തങ്ങളുടെ ടീം വിജയിച്ചാലും ഇല്ലെങ്കിലും സ്റ്റേഡിയത്തിൽനിന്നു മടങ്ങുന്നതിനുമുന്പ് ജപ്പാൻകാർ പരിസരമെല്ലാം വൃത്തിയാക്കുന്ന കാഴ്ച നിരവധിതവണ ലോകം കണ്ടു.
അമേരിക്കയിലും യൂറോപ്പിലും ഉൾപ്പെടെ മിക്ക രാജ്യങ്ങളിലും യാത്രചെയ്യുന്ന നാം മാലിന്യമുക്തമായ തെരുവുകളും ജലാശയങ്ങളുമൊക്കെ കണ്ട് കോരിത്തരിക്കാറുണ്ട്. പക്ഷേ, ഒന്നും അനുകരിക്കാറില്ല. വിദ്യാലയങ്ങളിലും വീടുകളിലും ഒരുപോലെ പരിശീലിപ്പിച്ചാലേ പുതിയ തലമുറ പൗരസമത്വബോധമുള്ളവരായി വളർന്നുവരൂ.
പാത്രംകഴുകലിലേക്കു തിരിച്ചുവന്നാൽ, വീടുകളിൽ മാത്രമല്ല, ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലുമൊക്കെ അവനവന്റെ പാത്രങ്ങൾ മറ്റുള്ളവരെക്കൊണ്ട് കഴുകിക്കുന്ന സന്പ്രദായം അവസാനിപ്പിച്ചേ പറ്റൂ. കുട്ടികളെയും പ്രായമായവരെയും മാത്രമേ ഒഴിവാക്കേണ്ടതുള്ളു. വീട്ടിൽപോലും പാത്രം കഴുകാത്തവർക്കു പൊതുഇടങ്ങളിൽ അതു ചിന്തിക്കാനായെന്നുവരില്ല.
അതു നമ്മുടെ പൊതുബോധ വൈകല്യമാണ്. തിരുത്താവുന്നതേയുള്ളു. സ്വന്തം ഉച്ഛിഷ്ടം നിറഞ്ഞ പാത്രം നാം വൃത്തിയാക്കാത്തിടത്തൊക്കെ സാന്പത്തികബുദ്ധിമുട്ടുള്ള ജോലിക്കാർ അല്ലെങ്കിൽ നിർബന്ധിതരാകുന്ന ഏതോ ഒരാൾ നമുക്കുവേണ്ടി അതു ചെയ്യുന്നുണ്ട്. വീട്ടിലും പൊതുസ്ഥലത്തുമൊക്കെ അവർ കരിപുരണ്ടുനിൽക്കുന്നു. അവരോടാണ് നാം നവോത്ഥാനത്തെക്കുറിച്ചു പ്രസംഗിക്കുന്നത്.
ആരു കഴുകിയാലും പാത്രം പിണങ്ങില്ലെങ്കിൽ, ആരു മുറ്റമടിച്ചാലും ചൂലു പിണങ്ങില്ലെങ്കിൽ, ആരു വൃത്തിയാക്കിയാലും ശൗചാലയം പിണങ്ങില്ലെങ്കിൽ, ആരു പാചകം ചെയ്താലും ഭക്ഷണം പിണങ്ങില്ലെങ്കിൽ നമ്മളെന്തിനാണ് എല്ലായിടത്തും അതു ചിലരെമാത്രം ഏൽപ്പിച്ചത്? ആ ചിലരെ നാം തുല്യരായി കാണാതിരുന്നതുകൊണ്ട്.
തിരിച്ചറിയാതെപോയ അനീതിയാണെങ്കിൽ ഇന്നുതന്നെ തിരുത്താം. പാത്രത്തിലെ അഴുക്കിനൊപ്പം നമ്മുടെ ദുഃശീലങ്ങൾകൊണ്ടു ക്ലാവ് പിടിച്ച ബോധവും ശുദ്ധിയാകട്ടെ.
Tags : EDITORIAL