x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

11
FEB
2026

മ​ണി​പ്പു​ർ: മാ​റി​മ​റി​യു​ന്ന പോ​ർ​മു​ഖ​ങ്ങ​ൾ

Editorial Audio


Published: February 11, 2026 12:00 AM IST | Updated: February 10, 2026 08:48 PM IST

മ​തി​യാ​യ ചി​കി​ത്സ​യി​ലൂ​ടെ ഭേ​ദ​പ്പെ​ടാ​ത്ത മു​റി​വ്, ദേ​ഹ​മാ​സ​ക​ലം പു​ഴു​വ​രി​ക്കു​ന്ന​ത്ര വ്ര​ണ​മാ​യ സ്ഥി​തി​യാ​ണ് ഇ​പ്പോ​ൾ മ​ണി​പ്പു​രി​ന്‍റേ​ത്. മെ​യ്തെ​യ്-​കു​ക്കി ക​ലാ​പം തു​ട​ങ്ങി മൂ​ന്നു വ​ർ​ഷ​ത്തോ​ട​ടു​ത്തി​ട്ടും സ​മാ​ധാ​നം വീ​ണ്ടെ​ടു​ക്കു​ന്ന​തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ​രാ​ജി​ത​രാ​യി നി​ൽ​ക്കു​ന്ന​തി​നി​ടെ അ​ക്ര​മം കു​ക്കി-​നാ​ഗ ഏ​റ്റു​മു​ട്ട​ലി​ലേ​ക്കു ക​ട​ന്നി​രി​ക്കു​ക​യാ​ണ്.

വം​ശീ​യ ശ​ത്രു​ത, പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പ​രാ​ജ​യം, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഏ​റെ​നാ​ൾ നീ​ണ്ടു​നി​ന്ന മൗ​നം, മെ​യ്തെ​യ് നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ബി​രേ​ൻ​സിം​ഗി​ന്‍റെ പ​ക്ഷ​പാ​ത നി​ല​പാ​ടു​ക​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ പ്ര​ശ്നം വ​ഷ​ളാ​ക്കി. വൈ. ​ഖേം​ച​ന്ദ് സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ സ​ർ​ക്കാ​ർ നി​ല​വി​ൽ വ​ന്നി​ട്ട് ദി​വ​സ​ങ്ങ​ളേ ആ​യി​ട്ടു​ള്ളൂ.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ നി​ഷ്പ​ക്ഷ​മാ​കു​ക​യും മു​ൻ​വി​ധി​ക​ളി​ല്ലാ​തെ കേ​ന്ദ്രം പി​ന്തു​ണ കൊ​ടു​ക്കു​ക​യും ചെ​യ്താ​ൽ മ​ണി​പ്പു​രി​നെ വീ​ണ്ടെ​ടു​ക്കാ​നാ​കും. വം​ശീ​യ​പ​ക​യെ​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​നു​മേ​ൽ വ​ർ​ഗീ​യ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ഇ​ന്ധ​ന​മൊ​ഴി​ച്ചെ​ന്ന ആ​രോ​പ​ണം​പോ​ലും ഇ​നി​യു​ണ്ടാ​കാ​തി​രി​ക്ക​ട്ടെ.

നാ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​വാ​വി​നെ ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു​കൂ​ട്ടം കു​ക്കി വം​ശ​ജ​ർ ആ​ക്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​തെ​ന്നു റി​പ്പോ​ർ​ട്ടു​ണ്ട്. തു​ട​ർ​ന്നു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളി​ൽ 25 വീ​ടു​ക​ൾ​ക്കു പ​ര​സ്പ​രം തീ​യി​ട്ടു. നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ പ​ലാ​യ​നം ചെ​യ്തു. വെ​ടി​വ​യ്പും ക​ല്ലേ​റു​മു​ണ്ടാ​യി. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നു സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്.

പ​രി​ക്കേ​റ്റ​വ​രെ മു​ഖ്യ​മ​ന്ത്രി ഖേം​ച​ന്ദ് സ​ന്ദ​ർ​ശി​ക്കു​ക​യും കൂ​ടു​ത​ൽ സു​ര​ക്ഷാ​സേ​ന​യെ വി​ന്യ​സി​ക്കു​ക​യും സം​ഘ​ർ​ഷ​ബാ​ധി​ത​മാ​യ ഉ​ഖ്രൂ​ലി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. മെ​യ്തെ​യ്-​കു​ക്കി സം​ഘ​ർ​ഷ​ത്തി​ൽ ഉ​ല​ഞ്ഞ സം​സ്ഥാ​ന​ത്തി​ന് കൂ​ടു​ത​ൽ ബാ​ധ്യ​ത​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ഴ​ത്തെ അ​ക്ര​മ​ങ്ങ​ൾ.

ക​ഴി​ഞ്ഞ ദി​വ​സം ഇം​ഫാ​ൽ ഈ​സ്റ്റ് ജി​ല്ല​യി​ലെ നോ​ങ്‌​ഡാം ഗ്രാ​മ​ത്തി​നു സ​മീ​പ​മു​ള്ള കു​ന്നി​ന്‍​പ്ര​ദേ​ശ​മാ​യ ചെ​ങ്‌​ജെ​ലി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ നി​ര​വ​ധി ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു. മെ​യ്തെ​യ്-​കു​ക്കി സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​നു പി​ന്നി​ൽ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്ന ആ​യു​ധ​ങ്ങ​ൾ ക​ലാ​പ​കാ​രി​ക​ൾ ത​ട്ടി​യെ​ടു​ത്ത​തും അ​തു പൂ​ർ​ണ​മാ​യി തി​രി​ച്ചു​പി​ടി​ക്കാ​തി​രു​ന്ന​തും കാ​ര​ണ​മാ​യി​രു​ന്നെ​ന്നു മ​റ​ക്ക​രു​ത്.

ഇ​ത്ത​രം ഉ​ത്ത​ര​വാ​ദി​ത്വ​ര​ഹി​ത ഭ​ര​ണ​കൂ​ട​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ് പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തെ​ന്ന ചോ​ദ്യ​മു​ണ്ട്. ദീ​ർ​ഘ​കാ​ല​മാ​യി കു​ക്കി​ക​ളും മെ​യ്തെ​യ്ക​ളും ത​മ്മി​ൽ മാ​ത്ര​മ​ല്ല, പി​ന്നീ​ട് രാ​ജ്യം സ്വാ​ത​ന്ത്ര്യം നേ​ടി​യ​തു മു​ത​ൽ കു​ക്കി​ക​ളും നാ​ഗ​ന്മാ​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലു​ക​ളും ച​രി​ത്ര​ത്തി​ലു​ണ്ട്. കു​ന്നു​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളു​ടെ പേ​രി​ലാ​ണ് പ്ര​ധാ​ന​മാ​യും കു​ക്കി-​നാ​ഗ ശ​ത്രു​ത ഉ​ട​ലെ​ടു​ത്ത​ത്.

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്താ​ണ് ഇ​തു സ​ജീ​വ​മാ​യ​തെ​ന്നു ച​രി​ത്ര​കാ​ര​ന്മാ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്നു. പ​ക്ഷേ, ശ​ത്രു​ത​യു​ടെ ച​രി​ത്ര​ത്തി​ൽ​നി​ന്നു മോ​ച​നം നേ​ടി​യി​ട്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ ക്രി​യാ​ത്മ​ക ശ്ര​മ​ങ്ങ​ളും മാ​റി​മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ല. താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലു​ക​ൾ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ൾ സ​ജീ​വ​മാ​ക്കാ​നു​ള്ള ഇ​ട​വേ​ള​ക​ളാ​ണെ​ന്നു തി​രി​ച്ച​റി​യാ​ത്ത രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ശാ​ശ്വ​ത സ​മാ​ധാ​ന​ത്തി​ന്‍റെ വ​ഴി​ക​ൾ തു​റ​ന്നി​ല്ല.

ഇ​തി​നൊ​ക്കെ പു​റ​മേ​യാ​ണ് ഗോ​ത്ര​സം​ഘ​ർ​ഷ​ങ്ങ​ളി​ലേ​ക്കു വ​ർ​ഗീ​യ​ത​യും ക​ട​ന്നു​വ​ന്ന​ത്. 2023 മേ​യി​ലെ ക​ലാ​പ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ മെ​യ്തെ​യ്-​കു​ക്കി വം​ശ​ജ​രു​ടെ നി​ര​വ​ധി പ​ള്ളി​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത് ആ​രോ​പ​ണ​ങ്ങ​ളെ ദൃ​ഢ​മാ​ക്കി. എ​ൻ. ബി​രേ​ൻ സിം​ഗി​ന്‍റെ ഭ​ര​ണ​കാ​ല​ത്തു​ണ്ടാ​യ വ​ർ​ഗീ​യ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ കു​ത്തി​ത്തി​രി​പ്പു​ക​ളും വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ങ്ങ​ളും കോ​ട​തി​യി​ലു​മെ​ത്തി.

വൈ. ​ഖേം​ച​ന്ദ് സിം​ഗി​ന്‍റെ സ​ർ​ക്കാ​രി​നു പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സ​മ​യം ല​ഭി​ച്ചി​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ​ക്കാ​യി രാ​ജ്യം കാ​ത്തി​രി​ക്കെ​യാ​ണ് പു​തി​യ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നെ​ങ്കി​ലും മെ​യ്തെ​യ് പ​ക്ഷ​പാ​തം ആ​രോ​പി​ക്ക​പ്പെ​ട്ട​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് എ​ൻ. ബി​രേ​ൻ​സിം​ഗി​നെ മാ​റ്റി രാ​ഷ്‌​ട്ര​പ​തി​ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും അ​തു പി​ൻ​വ​ലി​ച്ച് ഇ​പ്പോ​ൾ ബി​ജെ​പി പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്ത​ത്.

മെ​യ്തെ​യ്-​കു​ക്കി പ്ര​ശ്നം നി​ല​നി​ൽ​ക്കെ കു​ക്കി-​നാ​ഗാ ഏ​റ്റു​മു​ട്ട​ലും തു​ട​ങ്ങ‍ി​യ​ത് രാ​ജ്യ​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​മെ​ന്ന ത​ങ്ങ​ളു​ടെ ആ​വ​ശ്യം ത​ള്ളി പു​തി​യ സ​ർ​ക്കാ​ർ സ്ഥാ​പി​ച്ച​തി​ലും അ​തി​ൽ ത​ങ്ങ​ളു​ടെ എം​എ​ൽ​എ​മാ​ർ പ​ങ്കാ​ളി​ക​ളാ​യ​തും കു​ക്കി​ക​ളെ കൂ​ടു​ത​ൽ പ്ര​കോ​പി​ത​രാ​ക്കി​യി​ട്ടു​ണ്ട്. ക​ലാ​പം തു​ട​ങ്ങി ര​ണ്ടേ​കാ​ൽ വ​ർ​ഷ​ത്തി​നു​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ച്ചെ​ങ്കി​ലും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന് മെ​യ്തെ​യ്ക​ളും കു​ക്കി​ക​ളും ആ​രോ​പി​ക്കു​ന്നു.

മ​ണി​പ്പു​രി​ന് ഇ​ങ്ങ​നെ തു​ട​രാ​നാ​കി​ല്ല. മെ​യ്തെ​യ്ക​ളോ കു​ക്കി​ക​ളോ നാ​ഗ​ന്മാ​രോ ആ​രു​മാ​ക​ട്ടെ, ഇ​ങ്ങ​നെ പോ​യാ​ൽ ക​ലാ​പ​ത്തി​ന്‍റെ പി​ന്നി​ലു​ള്ള​വ​ർ​ക്കും വ​രാ​നി​രി​ക്കു​ന്ന ത​ല​മു​റ​ക​ൾ​ക്കും സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കാ​നാ​കി​ല്ലെ​ന്നു തി​രി​ച്ച​റി​യ​ണം. സ​ർ​ക്കാ​രു​ക​ൾ ത​ങ്ങ​ളു​ടെ രാ​ഷ്‌​ട്രീ​യം മാ​റ്റി​വ​ച്ച് ജ​ന​ങ്ങ​ളെ തു​ല്യ​രാ​യി കാ​ണ​ണം.

സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യും അ​തി​ന്‍റെ ഗു​ണ​ദോ​ഷ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണം. സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച് എ​ട്ടു പ​തി​റ്റാ​ണ്ടെ​ടു​ത്തി​ട്ടും രാ​ഷ്‌​ട്രീ​യ​ക്കാ​ർ പ​രി​ഹ​രി​ക്കാ​ത്ത മ​ണി​പ്പു​ർ വി​ഷ​യം, നി​ഷ്പ​ക്ഷ​രും ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ൾ​ക്കു സ​മ്മ​ത​രു​മാ​യ വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി തീ​ർ​ക്ക​ണം.

കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ടം ഉ​റ​പ്പാ​ക്ക​ണം. മ​ണി​പ്പു​രി​ലേ​തു വം​ശീ​യ വി​ഷ​യ​മാ​ണ്, മു​ൻ സ​ർ​ക്കാ​രു​ക​ളു​ടെ കാ​ല​ത്തും ഇ​തു സം​ഭ​വി​ച്ചി​ട്ടു​ണ്ട്, നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രും അ​യ​ൽ​രാ​ജ്യ​വു​മാ​ണ് പ്ര​ശ്നം സൃ​ഷ്‌​ടി​ച്ച​ത് തു​ട​ങ്ങി​യ വ്യാ​ഖ്യാ​ന​ങ്ങ​ളും ന്യാ​യീ​ക​ര​ണ​ങ്ങ​ളും ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട 2023 മേ​യ് മൂ​ന്നു​മു​ത​ൽ കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ്.

ഇ​നി​യു​മെ​ത്ര കാ​ലം? പ​ഴ​യ പ​രാ​ജ​യ​ങ്ങ​ളെ​ക്കു​റി​ച്ചു പ്ര​സം​ഗി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സ​മ​യം പു​തി​യ പ​രി​ശ്ര​മ​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വ​യ്ക്കു​ക​യാ​ണു വേ​ണ്ട​ത്. അ​ടു​ത്ത​വ​ർ​ഷം മ​ണി​പ്പു​രി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്. രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ അ​ധി​കാ​ര​ത്തേ​ക്കാ​ൾ വി​ല മ​നു​ഷ്യ​ർ​ക്കു ക​ൽ​പ്പി​ക്കു​മോ?

Tags : EDITORIAL

Recent News

Up