x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

11
NOV
2025

പ​ഞ്ചാ​യ​ത്തി​ൽ തു​ട​ങ്ങാം രാ​ഷ്‌​ട്ര​നി​ർ​മാ​ണം

Editorial Audio


Published: November 11, 2025 12:00 AM IST | Updated: November 10, 2025 11:28 PM IST

 ഇ​നി​യൊ​രു മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ​പോ​ലെ തെ​ര​ഞ്ഞെ​ടു​പ്പു​രാ​ഷ്‌​ട്രീ​യം ഗ്രാ​മ-​ന​ഗ​ര​ങ്ങ​ളെ വി​ഴു​ങ്ങും. 1,199 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ 23,576 വാ​ർ​ഡു​ക​ളി​ലേ​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​നു സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന വ​ലി​യൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​നു തു​ട​ക്ക​മാ​യി. ഡി​സം​ബ​ർ 9, 11 തീ​യ​തി​ക​ളി​ലാ​ണ് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്. 13ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കും. വ​ന്യ​ജീ​വി-​തെ​രു​വു​നാ​യ ശ​ല്യ​വും മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​വും പോ​ലെ​യു​ള്ള അ​ടി​സ്ഥാ​ന വി​ഷ​യ​ങ്ങ​ളാ​ണ് ജ​നം ഉ​ന്ന​യി​ക്കേ​ണ്ട​ത്. കാ​ര​ണം, രാ​ജ്യ​വും സം​സ്ഥാ​ന​ങ്ങ​ളു​മൊ​ക്കെ ഭ​രി​ക്കു​ന്ന​വ​രാ​ണ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും കൈ​കൂ​പ്പി​യെ​ത്തു​ന്ന​ത്.

കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യാ​ൻ ഇ​താ​ണു സ​മ​യം. അ​തേ​സ​മ​യം, വ​ർ​ഗീ​യ-​തീ​വ്ര​വാ​ദ ശ​ക്തി​ക​ളി​ലൂ​ടെ​യു​ള്ള ഒ​രു പ​രി​ഹാ​ര​ത്തി​നും ശ്ര​മി​ക്കു​ക​യു​മ​രു​ത്. മ​ത്സ​രി​ക്കു​ന്ന​വ​രും വോ​ട്ട് ചെ​യ്യു​ന്ന​വ​രു​മൊ​ക്കെ അ​ടു​ത്ത​റി​യാ​വു​ന്ന​വ​രോ അ​യ​ൽ​ക്കാ​രോ ആ​യ​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന​പ്പു​റം, സ്വ​യം നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച ഒ​രു പെ​രു​മാ​റ്റ​ച്ച​ട്ടം നാ​മെ​ല്ലാം പാ​ലി​ക്കേ​ണ്ട​തു​മു​ണ്ട്. അ​പ​ര​ന്‍റെ വ്യ​ക്തി​ഹ​ത്യ​കൊ​ണ്ട​ല്ല, സ്വ​ന്തം വ്യ​ക്തി​മാ​ഹാ​ത്മ്യം​കൊ​ണ്ടാ​ക​ട്ടെ വി​ജ​യം. സ​മ്മ​തി​ദാ​നാ​വ​കാ​ശം പാ​ഴാ​ക്കി​ല്ലെ​ന്നു പ്ര​തി​ജ്ഞ​യെ​ടു​ത്ത്, ഈ ​ജ​നാ​ധി​പ​ത്യോ​ത്സ​വ​ത്തി​ൽ ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ പ​ങ്കെ​ടു​ക്കാം.

കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലാ​ത്ത മ​ട്ട​ന്നൂ​ർ ഒ​ഴി​കെ 1,199 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ്. ന​വം​ബ​ര്‍ 14ന് ​വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കും. പ​ക്ഷേ, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്പേ സ്ഥാ​നാ​ർ​ഥി​ക​ളും പാ​ർ​ട്ടി​ക​ളു​മൊ​ക്കെ സ​ജീ​വ​മാ​യി​രു​ന്നു. വ​ള​രെ കു​റ​ച്ചി​ട​ങ്ങ​ളി​ൽ മാ​ത്ര​മേ സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ളൂ. ഒ​രു വോ​ട്ട് ചെ​യ്യു​ക, സ്വ​ന്തം പാ​ർ​ട്ടി​യോ സ്ഥാ​നാ​ർ​ഥി​യോ ജ​യി​ക്കു​ക എ​ന്ന​തി​ല​പ്പു​റം അ​ടി​സ്ഥാ​ന​പ​ര​മാ​യ വി​ക​സ​ന പ്ര​ക്രി​യ​യി​ൽ ജ​നം പ​ങ്കെ​ടു​ക്കു​ന്ന ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യാ​ണി​ത്.

രാ​ഷ്‌​ട്രീ​യ-​വ്യ​ക്തി താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​പ്പു​റം നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ലാ​ണ് വോ​ട്ട​ർ​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​നി​യു​ള്ള അ​ഞ്ചു വ​ർ​ഷം ന​മ്മു​ടെ ചു​റ്റു​വ​ട്ട​ത്തെ കാ​ര്യ​ങ്ങ​ൾ ന​ട​ത്താ​നൊ​രാ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണ്. ഓ​രോ നാ​ടി​നും അ​തി​ന്‍റേ​താ​യ ആ​വ​ശ്യ​ങ്ങ​ളാ​ണു​ള്ള​ത്. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തി​ന്‍റെ​യും രാ​ജ്യ​ത്തി​ന്‍റെ​യും പൊ​തു​താ​ത്പ​ര്യ​ങ്ങ​ളെ ത​ള​ർ​ത്തു​ക​യു​മ​രു​ത്. അ​തി​ൽ പ്ര​ധാ​നം വ​ർ​ഗീ​യ-​തീ​വ്ര​വാ​ദ ശ​ക്തി​ക​ളെ അ​ക​റ്റി​നി​ർ​ത്തു​ക എ​ന്ന​താ​ണ്. വ​ർ​ഗീ​യ പാ​ർ​ട്ടി​ക​ളെ മാ​ത്ര​മ​ല്ല, മ​തേ​ത​ര പാ​ർ​ട്ടി​ക​ളു​ടെ മ​റ​വി​ൽ നു​ഴ​ഞ്ഞു​ക​യ​റു​ന്ന മ​ത​ഭ്രാ​ന്ത​രെ​യും ഒ​ഴി​വാ​ക്കു​ക​ത​ന്നെ വേ​ണം.

കേ​ര​ള​ത്തി​ന്‍റെ പൊ​തു​വാ​യ ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ട്. തെ​രു​വു​നാ​യ-​വ​ന്യ​ജീ​വി​ശ​ല്യം അ​തി​ൽ പ്ര​ധാ​ന​മാ​ണ്. മ​നു​ഷ്യ​ർ പൊ​റു​തി​മു​ട്ടി. മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്. കു​ടും​ബ​ശ്രീ​ക്കാ​ർ മാ​സ​ത്തി​ലൊ​രി​ക്ക​ൽ പെ​റു​ക്കു​ന്ന പ്ലാ​സ്റ്റി​ക് മ​ഞ്ഞു​മ​ല​യു​ടെ ഒ​ര​റ്റം മാ​ത്ര​മാ​ണ്. നാ​ട്ടി​ലെ ജ​ല​സ്രോ​ത​സു​ക​ളെ​ല്ലാം കു​പ്പ​ത്തൊ​ട്ടി​യാ​യി. ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ കേ​ര​ള​ത്തെ വി​ഴു​ങ്ങി​യി​ട്ടും പൊ​തു ക​ളി​സ്ഥ​ല​ങ്ങ​ളോ മൈ​താ​ന​ങ്ങ​ളോ പോ​ലു​മി​ല്ലാ​ത്ത​വ​യാ​ണ് വാ​ർ​ഡു​ക​ളി​ലേ​റെ​യും.

അ​തി​രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വ​ർ​ക്ക് വാ​ഹ​ന​മി​ടി​ച്ചും പ​ട്ടി ക​ടി​ച്ചും പ​രി​ക്കേ​ൽ​ക്കു​ന്ന​തു പ​തി​വാ​യി. അ​തു​പോ​ലെ, വ​ർ​ഗീ​യ-​തീ​വ്ര​വാ​ദ ശ​ക്തി​ക​ൾ എ​ല്ലാ പാ​ർ​ട്ടി​ക​ളി​ലും പി​ടി​മു​റു​ക്കി. അ​വ​യെ ഒ​പ്പം നി​ർ​ത്തി​യു​ള്ള എ​ല്ലാ സ​ഖ്യ​ങ്ങ​ളും തു​റ​ന്നു​കാ​ട്ട​ണം. ഇ​ത്ത​ര​ക്കാ​രെ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ന്ന പാ​ർ​ട്ടി​ക​ളെ തോ​ൽ​പ്പി​ക്കു​ക​യേ നി​വൃ​ത്തി​യു​ള്ളൂ. വ​ർ​ഗീ​യ​വാ​ദി​ക​ളും അ​ഴി​മ​തി​ക്കാ​രു​മൊ​ന്നും പൂ​ട്ടു പൊ​ളി​ച്ച​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ത്തി​യ​ത്. ന​മ്മ​ൾ ആ​ന​യി​ച്ചി​രു​ത്തി​യ​താ​ണ്.

പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ലും വോ​ട്ടിം​ഗി​നു ത​ലേ​ന്നു​മൊ​ക്കെ വ്യ​ക്തി​ഹ​ത്യ​ക​ൾ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലും പ​തി​വാ​ണ്. പ​ക്ഷേ, നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും ഉ​ള്ള​തു​പോ​ലെ​യ​ല്ല, പ​ഞ്ചാ​യ​ത്തു​ക​ളി​ലോ വാ​ർ​ഡു​ക​ളി​ലോ ഉ​ള്ള​വ​ർ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷ​വും മു​ഖാ​മു​ഖം കാ​ണു​ക​യും സ​ഹാ​യി​ക്കു​ക​യും ചെ​യ്യേ​ണ്ട​വ​രാ​ണ്. സ​ത്യം ചെ​രു​പ്പി​ട്ടെ​ത്തു​ന്പോ​ഴേ​ക്കും നു​ണ പ​ഞ്ചാ​യ​ത്ത് മെം​ബ​റാ​യി​രി​ക്ക​രു​ത്. അ​തു​കൊ​ണ്ട് അ​ടി​സ്ഥാ​ന മ​ര്യാ​ദ​യും മാ​ന്യ​ത​യും പാ​ലി​ക്ക​ണം.

നാ​ല് വോ​ട്ടി​നു​വേ​ണ്ടി വ്യ​ക്തി​ക​ളെ അ​ധി​ക്ഷേ​പി​ക്ക​രു​ത്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പാ​ർ​ട്ടി​ക​ളു​ടെ​യും പെ​രു​മാ​റ്റ​ത്തി​ലേ​ക്ക് ഉ​റ്റു​നോ​ക്കു​ന്ന​തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ സു​താ​ര്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ വി​ശ്വാ​സ്യ​ത കാ​ത്തു​സൂ​ക്ഷി​ക്കു​ക​യും വേ​ണം. ജ​നം ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും ചെ​യ്യ​ട്ടെ. വോ​ട്ട് ചെ​യ്യാ​ത്ത​വ​രും ക​ള്ള​വോ​ട്ട് ചെ​യ്യു​ന്ന​വ​രു​മാ​ണ് ജ​നാ​ധി​പ​ത്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​ത്. നാം ​അ​ക്കൂ​ട്ട​ത്തി​ലി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാം.

ഒ​രു പ്ര​ധാ​ന കാ​ര്യം പ​റ​ഞ്ഞ് അ​വ​സാ​നി​പ്പി​ക്കാം. വാ​ഗ്ദാ​ന​ങ്ങ​ളോ പ്ര​ക​ട​ന പ​ത്രി​ക​ക​ളോ എ​ന്തു​മാ​ക​ട്ടെ, അ​വ എ​ന്നു ന​ട​പ്പാ​ക്കു​മെ​ന്നു പ​റ​യാ​ത്ത​തൊ​ക്കെ വ്യാ​ജ​മാ​ണ്. വ​ന്യ​ജീ​വി-​തെ​രു​വു​നാ​യ വി​ഷ​യ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ പാ​ർ​ട്ടി​ക​ളെ​ക്കൊ​ണ്ട് അ​തു പ​റ​യി​ക്കാ​നാ​യാ​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​കും. തു​ട​ങ്ങാം, വാ​ർ​ഡു​ക​ളി​ലൂ​ടെ മി​ക​ച്ച ഒ​രി​ന്ത്യ​യെ കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള ജ​നാ​ധി​പ​ത്യ പ​ങ്കാ​ളി​ത്തം.

Tags : Editorial Deepika Editorial election local body election

Recent News

Up