കയ്റോ: ഇസ്രേലി സേന ബുധനാഴ്ച ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 25 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞമാസം പത്തിന് വെടിനിർത്തൽ നിലവിൽ വന്നശേഷം ഗാസയിൽ ഇസ്രയേൽ നടത്തുന്ന ഏറ്റവും മാരക ആക്രമണം ആണിത്.
തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രേലി സേന പ്രവർത്തിക്കുന്ന മേഖലയ്ക്കു നേർക്ക് ഹമാസ് ഭീകരർ വെടിയുതിർത്തതിനു മറുപടിയായിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി വൃത്തങ്ങൾ അറിയിച്ചു. ഹമാസിന്റെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇസ്രയേൽ കൂട്ടിച്ചേർത്തു. അതേസമയം ഇസ്രയേലിന്റെ നടപടി വെടിനിർത്തൽ തകരാൻ ഇടയാക്കുമെന്ന് ഹമാസ് പ്രതികരിച്ചു.
ബുധനാഴ്ച സൂര്യനസ്തമിച്ച ശേഷം ഇസ്രേലി സേന ഖാൻ യൂനിസിൽ യുദ്ധവിമാനം, ഡ്രോൺ, പീരങ്കി എന്നിവ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹമാസ് വൃത്തങ്ങൾ പറഞ്ഞു. ഗാസ സിറ്റിക്കു സമീപം സെയ്തോണിലും ആക്രമണമുണ്ടായി.
Tags : Israeli attack South Gaza Hamaz