ഹവാന: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള അമേരിക്കൻ ഓപ്പറേഷനിൽ 32 ക്യൂബൻ പൗരന്മാരും കൊല്ലപ്പെട്ടു.
ക്യൂബൻ സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം. ക്യൂബൻ സേനാംഗങ്ങളും ഇന്റലിജൻസ് ഉദ്യോസ്ഥരുമാണ് ഇവരെന്നും പ്രസ്താവനയിൽ പറയുന്നു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കും പത്നിക്കും സുരക്ഷ നല്കിയവരാണു കൊല്ലപ്പെട്ടതെന്നു ക്യൂബൻ പ്രസിഡന്റ് മിഗുവേൽ ഡയൽ കാനൽ പറഞ്ഞു.
ക്യൂബയും വെനസ്വേലയും മിത്രരാജ്യങ്ങളാണ്. വെനസ്വേല ക്യൂബയ്ക്ക് എണ്ണയും ക്യൂബ വെനസ്വേലയ്ക്കു സുരക്ഷാപിന്തുണയും നല്കിയിരുന്നു.
അമേരിക്കൻ സേന കാരക്കാസിൽ നടത്തിയ ഓപ്പറേഷനിൽ എത്രപേർ കൊല്ലപ്പെട്ടുവെന്ന് വെനസ്വേല വ്യക്തമാക്കിയിട്ടില്ല. 80 പേർ മരിച്ചിരിക്കാമെന്നും സംഖ്യ ഉയരാമെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇതിനിടെ, മഡുറോ പിടിയിലായ പശ്ചാത്തലത്തിൽ ക്യൂബയ്ക്കും വെനസ്വേലയുടെ സ്ഥിതിയുണ്ടാകുമോ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്. വെനസ്വേലയെപ്പോലെ ക്യൂബയും ദീർഘകാലമായി അമേരിക്കൻ ശത്രുത നേരിടുന്ന രാജ്യമാണ്.
അതേസമയം, സൈനിക നടപടി കൂടാതെതന്നെ ക്യൂബ വീഴുമെന്നാണു യുഎസ് പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.
Tags : Venezuela US operation Cuban citizens killed nicolas maduro US Military caracas