ധാക്ക: ബംഗ്ലാദേശിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നാമതും ഹൈന്ദവ യുവാവ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം മൈമൻസിംഗ് നഗരത്തിലുണ്ടായ സംഭവത്തിൽ ടെക്സ്റ്റൈൽ ഫാക്ടറിയിൽ സെക്യൂരിറ്റി ഗാർഡ് ആയിരുന്ന ബജേന്ദ്ര വിശ്വാസ് (42) ആണു മരിച്ചത്.
സഹപ്രവർത്തകനായ നൊമാൻ മിയ (29) സർവീസ് തോക്ക് ഉപയോഗിച്ച് ബജേന്ദ്രയെ വെടിവയ്ക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
വ്യവസായ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെടുന്ന അൻസാർ എന്ന അർധസൈനിക വിഭാഗത്തിലെ അംഗങ്ങളാണ് ഇരുവരും. തിങ്കളാഴ്ച വൈകുന്നേരം ഫാക്ടറി വളപ്പിലുണ്ടായ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇരുവരും ഡ്യൂട്ടിയിലായിരുന്നു. സംസാരത്തിനിടെ വെടിപൊട്ടിയെന്നാണു സാക്ഷിമൊഴി.
ഡിസംബർ 18ന് ബലൂകയിൽ ദീപു ചന്ദ്രദാസ് എന്ന ഹൈന്ദവ യുവാവിനെ ആൾക്കൂട്ടം മതനിന്ദ ആരോപിച്ച് മർദിച്ചു കൊലപ്പെടുത്തിയിരുന്നു. ഡിസംബർ 24ന് മൗൈമൻസിംഗ് നഗരത്തിൽ സമ്രാട്ട് എന്നു വിളിപ്പേരുള്ള അമൃത് മണ്ഡൽ എന്ന ഹൈന്ദവ യുവാവും ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ടു.
കൊടും ക്രിമിനലായിരുന്ന സമ്രാട്ടിനെ പണംപിരിക്കലിനിടെ ജനം തല്ലിക്കൊന്നുവെന്ന ബംഗ്ലാദേശി സർക്കാരിന്റെ വാദത്തിൽ തർക്കമുണ്ട്.
Tags : Another Hindu youth killed Bangladesh Bajendra Vishwas security guard