മോസ്കോ: അജ്ഞാതരുടെ ആക്രമണത്തിൽ റഷ്യയിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥന് പരിക്ക്. മിലിട്ടറി ഇന്റലിജൻസ് വിഭാഗമായ ജിആർയുവിന്റെ ഉപമേധാവിയായ ലെഫ്. ജനറൽ വ്ലാദിമിർ അലക്സിയേഫിനാണ് വെടിയേറ്റത്.
വെള്ളിയാഴ്ച മോസ്കോയിലെ വീടിന് മുന്നിൽവെച്ചായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റഷ്യൻ പ്രതിരോധ മന്ത്രാലയവും സ്വകാര്യ സൈനിക സംഘമായ വാഗ്നർ ഗ്രൂപ്പും തമ്മിലുള്ള ബന്ധം ഏകോപിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് അലക്സേയേവ്.
റഷ്യയുടെ പല സൈനിക നീക്കങ്ങൾക്ക് ഇന്റലിജൻസ് തലപ്പത്തുനിന്ന് നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു. അതേസമയം യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം റഷ്യയിൽ സൈനിക ഉദ്യോഗസ്ഥർക്ക് നേരേ പലതവണ ആക്രമണങ്ങളുണ്ടായിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് കാർ ബോംബ് സ്ഫോടനത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥനായ ലെഫ്. ജനറൽ ഫനിൽ സർവാറോവ് കൊല്ലപ്പെട്ടത്.
Tags : Shot Military Intelligence Chief Russia