ധാക്ക: 15 വർഷം നീണ്ടുനിന്ന ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് നടന്ന ചരിത്രപ്രധാനമായ പൊതുതെരഞ്ഞെടുപ്പിൽ ഖാലിദ സിയയുടെ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വൻ വിജയത്തിലേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 151 സീറ്റുകൾ ബിഎൻപി ഇതിനകം പിന്നിട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ആകെ 300 പാർലമെന്റ് സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ ബിഎൻപി സഖ്യം ഏകദേശം 200-ഓളം സീറ്റുകളിൽ വിജയം ഉറപ്പിച്ചു. മുഖ്യ എതിരാളിയായിരുന്ന ജമാഅത്തെ ഇസ്ലാമി നയിക്കുന്ന സഖ്യം നിലവിൽ 60-ഓളം സീറ്റുകളുമായി പിന്നിലാണ്.
ദീർഘകാലത്തെ രോഗബാധയെത്തുടർന്ന് 2025 ഡിസംബർ 30-ന് അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ അഭാവത്തിൽ മകൻ താരിഖ് റഹ്മാനാണ് പാർട്ടിയെ വിജയത്തിലേക്ക് നയിച്ചത്. 17 വർഷത്തെ പ്രവാസത്തിന് ശേഷം തിരിച്ചെത്തിയ താരിഖ് റഹ്മാൻ തന്നെ അടുത്ത പ്രധാനമന്ത്രിയാകാനാണ് സാധ്യത.
ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കിയതിനാൽ ഒരു 'ദ്വിമുഖ' പോരാട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. വോട്ടെടുപ്പ് 'പ്രഹസനം' ആണെന്ന് ഹസീന ആരോപിച്ചെങ്കിലും 48 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പിനൊപ്പം തന്നെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ മുന്നോട്ടുവെച്ച ഭരണഘടനാ പരിഷ്കാരങ്ങൾക്കായുള്ള ഹിതപരിശോധനയും നടന്നു. ഇതിൽ ഭൂരിഭാഗം പേരും പരിഷ്കാരങ്ങളെ അനുകൂലിച്ചതായാണ് പ്രാഥമിക സൂചന.
വോട്ടെടുപ്പിനിടെ വിവിധയിടങ്ങളിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖുൽനയിൽ ബിഎൻപി നേതാവ് കൊല്ലപ്പെടുകയും ഗോപാൽഗഞ്ചിൽ ബോംബാക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഫെബ്രുവരി 12-ന് നടന്ന ഈ തിരഞ്ഞെടുപ്പ് ബംഗ്ലാദേശിലെ 'ജെൻ സി' വിപ്ലവത്തിന് ശേഷമുള്ള ആദ്യത്തെ ജനവിധിയാണ്. ഔദ്യോഗിക ഫലപ്രഖ്യാപനം വെള്ളിയാഴ്ച വൈകുന്നേരത്തോടെ പൂർത്തിയാകും.
Tags : Bangladesh Election 2026 BNP Tariq Rahman Prime Minister