സിഡ്നി: ബോണ്ടി ബീച്ച് ഭീകരാക്രമണക്കേസിലെ പ്രതി പിതാവിനൊപ്പം ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്ത് സിഡ്നിക്കു പുറത്തുള്ള പ്രദേശത്ത് തോക്ക് ഉപയോഗിക്കാൻ പരിശീലനം നടത്തിയതായി ഓസ്ട്രേലിയൻ പോലീസ്.
അക്രമി നവീദ് അക്രത്തിന്റെ ഫോണിൽനിന്ന് പിടിച്ചെടുത്ത വീഡിയോയിലാണ് വെടിവയ്പ് പരിശീലിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. ഒക്ടോബറിൽ ചിത്രീകരിച്ച വീഡിയോയിൽ, പുൽമേടിൽ വെടിവയ്ക്കാൻ പരിശീലിക്കുന്നത് കാണാം.
നവീദും പിതാവ് സാജിദ് അക്രവും മാസങ്ങളായി ഭീകരാക്രമണം ആസൂത്രണം ചെയ്തുവരികയായിരുന്നു എന്നതിനു തെളിവുണ്ടെന്ന് വീഡിയോ ഹാജരാക്കി കോടതിയിൽ പോലീസ് അറിയിച്ചു.
വെടിവയ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നവീദിനെ ജയിലിലേക്കു മാറ്റിയതായി ന്യൂ സൗത്ത് വെയിൽസ് അധികൃതർ അറിയിച്ചു.
14-ാം തീയതി ഞായറാഴ്ച ബീച്ചിൽ യഹൂദരുടെ ആഘോഷം നടക്കുന്നതിനിടെയുണ്ടായ വെടിവയ്പിൽ 15 പേരാണു കൊല്ലപ്പെട്ടത്. സാജിദിനെ പോലീസ് വധിച്ചു. നവീദിനെ വെടിവച്ചുവീഴ്ത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Tags : Bondi Beach terror attack Australian Police New South Wales Jewish massacre