ഷ്രോപ്ഷയർ: ബ്രിട്ടനിൽ കനാലിന്റെ പുറംഭിത്തി തകർന്നതോടെ ബോട്ടുകൾ കനാലിൽ കുടുങ്ങി. 50 മീറ്റർ നീളവും നാല് അടിയോളം ആഴത്തിലൂം രൂപപ്പെട്ട കിടങ്ങിലേക്ക് രണ്ട് ചെറു ബോട്ടുകൾ വീണു. ചില ബോട്ടുകൾ ഗർത്തത്തിന് സമീപത്ത് എത്തുകയും ചെയ്തു.
ഇതോടെ മേഖലയിൽ അടിയന്തര സാഹചര്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ഷ്രോപ്ഷയറിലെ വൈറ്റ് ചർച്ചിലെ ലാൻഗോലൻ കനാലിലാണ് തിങ്കളാഴ്ച അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. കനാൽ നിർമാണത്തിലെ അപാകതകളാണ് കാരണമായതെന്നാണ് എൻജിനീയർമാർ വിശദമാക്കുന്നത്. താഴ്ന്ന പ്രദേശത്തേക്ക് വെള്ളം ഒഴുകിപ്പോവുകയും കനാലിന്റെ അടി ഭാഗം ഇടിയുകയുമുണ്ടായതോടെ വറ്റിയ കനാലിൽ ബോട്ടുകൾ കുടുങ്ങി.
ബോട്ടുകളിൽ കുടുങ്ങിയ ആളുകളെ പുറത്ത് എത്തിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കനാലിൽ വെള്ളമില്ലാത്തതിനാലും ഗർത്തം രൂപപ്പെട്ടതിനാലും പ്രദേശം സുരക്ഷിതമല്ലെന്നും ജനങ്ങൾ ഇവിടേക്ക് വരരുതെന്നുമാണ് അധികൃതർ വിശദമാക്കിയത്.
Tags : Canal embankment collapses Britain boats fall into canal